- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യു കെയിലെ ഓമിക്രോൺ രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരട്ടിയാകുന്നു; ക്രിസ്ത്മസോടെ കോവിഡ് പരമാവധിയിലേക്ക്; എങ്ങനെ നേരിടണമെന്ന് നിശ്ചയമില്ലാതെ ബ്രിട്ടൺ
ബ്രിട്ടനിലെ കോവിഡ് വ്യാപനതോറ്റ് വർദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.ഇതോടെ ഓമിക്രോൺ അതിവ്യാപനശേഷിയുള്ളതാണെന്ന പ്രഖ്യാപനവുമായി ബോറിസ് ജോൺസൺ രംഗത്തെത്തി. ഇന്നലെ 45,691 പേർക്കാണ് യു കെയിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. പുതുതായി രോഗം ബാധിക്കുന്നവരിൽ 2 ശതമാനത്തോളം പേരിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിദഗ്ദർ കണക്കാക്കുന്നത്. പ്രതിദിനം 1000 പേർക്കെങ്കിലും ബ്രിട്ടനിൽ ഓമിക്രോൺ ബാധിക്കുന്നു എന്ന് ചുരുക്കം.
ഔദ്യോഗികമായി ഇതുവരെ 437 പേരിൽ മാത്രമാണ് ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും, യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ് കരുതുന്നത്. രോഗ്യവ്യാപനം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും ചികിത്സതേടി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നില്ല എന്നത് ആശ്വാസകരമാണ്. കഴിഞ്ഞ ഒരാഴ്‌ച്ചയിൽ വെറും 0.7 ശതമാനത്തിന്റെ വർദ്ധനവ് മാത്രമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. അതേസമയം മരണനിരക്ക് വർദ്ധിക്കുന്നത് ആശങ്ക പടർത്തുന്നതുമുണ്ട്. ഇന്നലെ 180 കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 13.2 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
അതേസമയം, വർക്ക് ഫ്രം ഹോം, വാക്സിൻ പാസ്സ്പോർട്ട് എന്നിവയുൾപ്പടെയുള്ള കോവിഡ് നിയന്ത്രണങ്ങളുടെ പ്ലാൻ ബി നടപ്പാക്കില്ലെന്ന് മന്ത്രിമാർ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വരും ആഴ്‌ച്ചകളിൽ രോഗവ്യാപനം കടുക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കേയാണിത്. അതേസമയം ഉത്സവകാലത്ത് ഒരു ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആവശ്യമെങ്കിൽ എന്ന മറുപടി മാത്രമാണ് ബോറിസ് ജോൺസന്റെ വക്താവ് നൽകിയത്. അതേസമയം, യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ മുൻ വകഭേദങ്ങളേക്കാൾ ശക്തി കുറവാണ് ഓമിക്രോണിനെന്ന് കണ്ടെത്തിയിട്ടുണ്ട്.. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ ഇനിയും ഏറെ പഠനങ്ങൾ ആവശ്യമാണ്.
ഒരുപക്ഷെ മരണകാരണമാകില്ലെങ്കിൽ കൂടി ഓമിക്രോൺ എൻ എച്ച് എസ് ആശുപത്രികളെ രോഗികളെ കൊണ്ടു നിറയ്ക്കാൻ ഇടയുണ്ടെന്ന് മുതിർന്ന ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ഓമിക്രോൺ ഗുരുതരമാകുന്നതിൽ നിന്നും മരണത്തിൽ നിന്നും വലിയൊരു പരിധിവരെ സംരക്ഷണം നൽകാൻ ബൂസ്റ്റർ ഡോസിനാകുമെന്നും ഇവർ പറയുന്നു. അതുകൊണ്ടുതന്നെ ബൂസ്റ്റർ ഡോസിലൂടെ ഓമിക്രോൺ വ്യാപനത്തെ ചെറുക്കുന്നതിലാണ് ഇപ്പോൾ സർക്കാർ ശ്രദ്ധ നൽകുന്നത്. എന്നാൽ, അത് പ്രതീക്ഷിച്ച വേഗതയിൽ മുന്നോട്ട് പോകുന്നില്ലെന്നത് സർക്കാരിനെ കുഴയ്ക്കുന്നുമുണ്ട്.
പ്രതിദിനം 5 ലക്ഷം പേർക്ക് ബൂസ്റ്റർ ഡോസ് നൽകുവാനാണ് സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ഇപ്പോൾ പ്രതിദിനം 3.3 ലക്ഷത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് ഇത് നൽകാനാകുന്നത്. ഇത് സർക്കാരിനെ കുറച്ചൊന്നുമല്ല കുഴയ്ക്കുന്നത്.