ബർലിൻ: ജർമനിയിൽ ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഭാര്യയ്ക്ക് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയതിലെ ഭയമാണ് കൂട്ടമരണത്തിലേക്ക് നയിച്ചത്. നാൽപതുകാരായ ദമ്പതികളും മൂന്നും നാലും എട്ടും വയസ്സുള്ള പെൺകുട്ടികളുമാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റാണ് എല്ലാവരും മരിച്ചത്. ശനിയാഴ്ചയാണ് സംഭവം. ബെർലിന് തെക്കുള്ള വൂസ്റ്റർഹോസനിലെ കോയിങ്‌സിലാണ് ദാരുണ സംഭവം.

ഇവരുടെ വീട്ടിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ഇതിൽ നിന്നാണ് വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിലെ ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമായത്. ഡേവിഡ് തന്റെ ഭാര്യയായ ലിൻഡയ്ക്ക് വേണ്ടി വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇത് ലിൻഡ ജോലി ചെയ്തിരുന്ന സ്ഥാപനയുടമ കണ്ടെത്തുകയും ചെയ്തു. ഇതോടെ പൊലീസ് പിടിക്കുമോ എന്ന ഭയവും കുട്ടികളെ നഷ്ടമാകുമോ എന്ന പേടിയും ദമ്പതികളെ പിടികൂടി. ഇതോടെയാണ് ആത്മഹത്യ ചെയ്യാൻ ഇരുവരും തീരുമാനിച്ചത്. തുടർന്ന് ലെനി, ജാനി, റൂബി എന്നീ പെൺകുട്ടികളെയും കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തു.

വീടിനുള്ളിൽ ജീവനറ്റ ശരീരം കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് പൊലീസ് കണ്ടെടുത്തു. ഡേവിഡ് ഭാര്യയെയും മക്കളേയും കൊന്ന ശേഷം ആത്മഹത്യ ചെയ്തതാകുമെന്ന് പൊലീസ് പറഞ്ഞു. കോവിഡ് നാലാം തരംഗത്തെ ചെറുക്കാൻ ജർമനി നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടയിലാണ് ആത്മഹത്യ.