കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണ കൂനൂർ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സന്ദർശിക്കും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമായിരിക്കും അപകടസ്ഥലത്തേക്ക് സ്റ്റാലിൻ എത്തുക. തമിഴ്‌നാട് വനംമന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്തെത്തിയിട്ടുണ്ട്.

സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നിലവിൽ വെല്ലിങ്ടണിലുള്ള സൈനിക ആശുപത്രിയിലാണുള്ളത്. അവിടെ നിന്നും കോയമ്പത്തൂരിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്. വ്യോമസേനയുടെ റഷ്യൻ നിർമ്മിത എംഐ 17 5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

വാർത്ത ഞെട്ടിക്കുന്നതെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന ബിപിൻ റാവത്തും ഭാര്യയും മറ്റുള്ളവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. എല്ലാവരും വളരെ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നതായും രാഹുൽ ഗാന്ധി കുറിച്ചു.

ദുഃഖകരമായ വാർത്തയെന്നും എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നെന്നും അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു. വ്യോമസേനാ മേധാവി വി ആർ ചൗധരിയോട് അടിയന്തരമായി അപകടസ്ഥലത്തേക്ക് എത്താൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. പ്രതിരോധമന്ത്രിയുടെ പ്രസ്താവനയ്ക്ക് മുന്നോടിയായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവൽ പാർലമെന്റിൽ എത്തി.

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. വിവിധ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും അപകടത്തിൽ ഞെട്ടലും ഖേദവും രേഖപ്പെടുത്തി.

ഊട്ടിക്ക് അടുത്ത് കൂനൂരിലാണ് ഉച്ചയോടെ ഹെലികോപ്ടർ തകർന്ന് വീണത്. ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്തിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഹെലികോപ്റ്റർ ദുരന്തത്തിൽ മരണം 11 ആയി.