- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലകീഴായി മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങി കുളത്തിലേക്ക് വീണു; അമ്മയ്ക്കും എട്ടു വയസ്സുകാരനായ മകനും രക്ഷകരായത് അപ്രതീക്ഷിതമായി അതുവഴി വന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർ
കൊല്ലം: സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു കുളത്തിലേക്ക് വീണപ്പോൾ ആ അമ്മ വിചാരിച്ചത് ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു എന്നാണ്. എന്നാൽ വിധി അവരുടെ രക്ഷക്കായി അവിടെ എത്തിച്ചത് ഡ്യൂട്ടിയിൽ അല്ലാതിരുന്ന രണ്ട് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെയാണ്. സ്വകാര്യ ആവശ്യങ്ങൾക്കുള്ള യാത്രയ്ക്കായി രണ്ടിടത്തുനിന്നെത്തി, രണ്ടു വഴിയേ പോവുകയായിരുന്നു അവർ.
എന്നാൽ അവർ ഇരുവരേയും തക്ക സമയത്ത് എത്തിച്ച യാദൃച്ഛികതയെ ദൈവത്തിന്റെ കാരുണ്യമായി കാണുകയാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ട ആ അമ്മ. വെള്ളിമൺ വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂൾ ജീവനക്കാരി തേവലക്കര പാലയ്ക്കൽ ബീനാ ഭവനിൽ എസ്.അനുവും (39) 8 വയസ്സുകാരനായ മകൻ സനൽ കൃഷ്ണനും സഞ്ചരിച്ച കാറാണ് കുളത്തിലേക്കു മറിഞ്ഞത്.
ചവറ ടൈറ്റാനിയംശാസ്താംകോട്ട റോഡിൽ തേവലക്കര കൂഴംകുളം ജംക്ഷനു സമീപം വാഹനങ്ങൾ കൂട്ടയിടിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 9.25 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ കാർ കുളത്തിലേക്കു വീഴുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പുത്തൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയ കരുനാഗപ്പള്ളി നിലയത്തിലെ ഫയർമാൻ മിഥുനും മൈനാഗപ്പള്ളിയിൽ നിന്ന് കൊട്ടുകാടുള്ള വാടകവീട്ടിലേക്കു പോയ ചവറ അഗ്‌നിരക്ഷാസേന നിലയത്തിലെ ഫയർമാൻ നൗഫർ പി.നാസറും അപകടം കണ്ടു കുളത്തിലേക്കു ചാടി. കാർ മുങ്ങാതെ കയർ കെട്ടി നിർത്തിയശേഷം അനുവിനെയും സനലിനെയും അവർ പുറത്തെടുത്തു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അനുവിനും മകനും കാര്യമായ പരുക്കുണ്ടായില്ല.
ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ ഇരുവരും വീട്ടിൽ വിശ്രമത്തിലാണ്. ഇന്നലെ വൈകിട്ട് നൗഫറും മിഥുനും അനുവിന്റെ വീട്ടിലെത്തി. അനുവിന്റെ ഭർത്താവ് കെ.ഗിരീഷും മൂത്തമകൾ ദേവയാനിയും പറഞ്ഞാൽ തീരാത്ത നന്ദിയോടെ അവരെ സ്വീകരിച്ചു.