- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തു; മന്ത്രി സജി ചെറിയാന്റെ ഗൺമാനെതിരെ കേസ്
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ മന്ത്രി സജി ചെറിയാന്റെ ഗൺമാനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. വനിതാ ഹൗസ് സർജൻ ജുമിന ഗഫൂറിനെ ദേഹോപദ്രവം ഏൽപിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും സജി ചെറിയാന്റെ ഗൺമാനായ അനീഷ് മോനെതിരെ (40)യാണ് കേസ്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനീഷ് മോന്റെ പിതാവ് ചെങ്ങന്നൂർ കോടുകുളഞ്ഞി വലിയപറമ്പിൽ ഉല്ലാസ് ഭവനിൽ കുഞ്ഞുകുഞ്ഞ് (പീയൂസ്-73) ശനിയാഴ്ച രാത്രി മരിച്ചു. ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലിരുന്ന കുഞ്ഞുകുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് രാത്രിയിൽ വാർഡിൽ നിന്ന് പുനരുജ്ജീവന മുറിയിലേക്കു മാറ്റുമ്പോഴാണ് ബഹളവും കയ്യേറ്റവും നടന്നതെന്നു ഹൗസ് സർജന്റെ മൊഴിയിൽ പറയുന്നു.
റസിഡന്റ് ഡോക്ടറും ഹൗസ് സർജന്മാരും ചേർന്നു രോഗിയെ മുറിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ, അനീഷ് മോൻ മുറി തള്ളിത്തുറന്ന് അകത്തുകയറി വനിത ഹൗസ് സർജനെ പിടിച്ചുതള്ളി താഴെയിട്ടെന്നാണു പരാതി. ഡപ്യൂട്ടി സൂപ്രണ്ട് ഹൗസ് സർജന്മാരുടെ മൊഴിയെടുത്തു. ഇന്നു സർക്കാരിനു റിപ്പോർട്ട് നൽകും.