തിരുവല്ല: സിപിഎം ഏരിയാ സമ്മേളനത്തിൽ വിഭാഗീയത മറ നീക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ പിന്തുണയ്ക്കുന്നവർ ഏരിയാ സെക്രട്ടറിക്ക് നേരെ രൂക്ഷവിമർശനം അഴിച്ചു വിട്ടു. ജില്ലാ നേതൃത്വവും വിമർശന ശരങ്ങൾ ഏറ്റു വാങ്ങി. സ്ഥലം എംഎൽഎ മാത്യു ടി. തോമസിന്റെയും സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ അത്ര പോരെന്ന വിമർശനവും ഉയർന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിനെ പീഡിപ്പിച്ച കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് ജില്ലാ-ഏരിയ നേതൃത്വത്തിന്റെ അറിവോടെയാണെന്ന ആരോപണമാണ് ഏറെ വിവാദം ഉണ്ടാക്കിയത്. പീഡന പരാതി ഒതുക്കി തീർക്കാനും പ്രതികൾക്ക് ഒളിത്താവളം ഒരുക്കാനും നേതാക്കൾ കൂട്ടുനിന്നു. നേതാക്കളുടെ അറിവോടെ പ്രതികളെ പാർട്ടി ഓഫീസിൽ ഒളിവിൽ താമസിപ്പിച്ചതായും ആരോപണമുണ്ടായി.

പീഡന കേസിൽ പ്രതികളായ രണ്ടു നേതാക്കൾ ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനെതിരേയും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. സന്ദീപ് വധക്കേസിൽ അയൽ ജില്ലകളിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവല്ലയിലോ പെരിങ്ങരയിലോ പോലും പ്രതികരിക്കാതിരുന്ന ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കപ്പെട്ടു. ബിജെപിക്കാർ പോലും സംഭവത്തിൽ അപലപിച്ചിട്ടും പ്രാദേശിക നേതൃത്വം മൗനം പാലിച്ചതായും ചിലഅംഗങ്ങൾ അഭിപ്രായപ്പെട്ടു. വിഭാഗീയ പ്രവര്ത്തനം അവസാനിപ്പിച്ച് ഏരിയാ - ജില്ലാ നേതൃത്വങ്ങൾ ഒരുമിച്ച് പോകണമെന്നും സമ്മേളന പ്രതിനിധികൾ ആവശ്യപ്പെട്ടു.

സ്ഥലം എംഎൽഎ മാത്യു ടി. തോമസും വിമർശിക്കപ്പെട്ടു. നഗര വികസനത്തിൽ മാത്രമാണ് എംഎൽഎ ശ്രദ്ധിക്കുന്നത്. ഗ്രാമീണമേഖലയെ പാടെ അവഗണിക്കുന്നു. തൊട്ടടുത്ത മണ്ഡലത്തിലെ എംഎൽഎ മാത്യു ടി. മാതൃകയാക്കണമെന്നും അഭിപ്രായമുയർന്നു. ഉൾപ്രദേശങ്ങളിലെ റോഡുകളുടെ അവസ്ഥ ശോചനീയമാണ്. എംഎൽഎയ്ക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയില്ല.

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രകടനം സംബന്ധിച്ചും സമ്മേളനത്തിൽ വിമർശനം ഉയർന്നു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാരുടെ പകുതി നിലവാരം പോലും ഇപ്പോഴുള്ളവർക്കില്ല. സിപിഎം കൈയാളിയിരുന്ന വൈദ്യുതി വകുപ്പ് ഘടക കക്ഷിക്ക് വിട്ടുനൽകയതിലും സമ്മേളനത്തിൽ പങ്കെടുത്ത ചില അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെട്ട പീഡന പരാതിയിൽഇരയ്‌ക്കെതിരെ നടപടി എടുത്തിട്ടും ദൃശ്യങ്ങൾ പകർത്തിയും പ്രചരിപ്പിച്ചതുമായ പാർട്ടി സഖാക്കൾക്കെതിരെ നടപടിയെടുക്കാതിരുന്നത് ഉചിതമായില്ലെന്ന് സമ്മേളനത്തിൽ പങ്കെടുത്ത വനിത അംഗം അഭിപ്രായപ്പെട്ടു.

ഏരിയാ സമ്മേളനം മുന്നിൽ കണ്ട് ഒരു വിഭാഗം കൊണ്ടു വന്നതാണ് പീഡന പരാതിയെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ പേരിൽ നിലവിലെ ഏരിയാ സെക്രട്ടറിയെ തെറിപ്പിക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നത്.