അബുദാബി: അബുദാബിയിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്കു പ്രവേശിക്കുന്നവർക്കു കോവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്നറിയാൻ പ്രത്യേക പരിശോധനയുണ്ടാകുമെന്നു അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.

അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇഡിഇ സ്‌കാനറുപയോഗിച്ചായിരിക്കും പരിശോധന. കോവിഡ് രോഗബാധിതരെന്നു സംശയിക്കുന്നവർക്ക് റോഡരികിലെ കേന്ദ്രത്തിൽ ഉടൻ സൗജന്യ ആന്റിജൻ പരിശോധന നടത്തും. 20 മിനിറ്റിനകം ഫലം ലഭിക്കും. ഞായറാഴ്ച മുതൽ ഇഡിഇ പരിശോധനയുണ്ടാകുമെന്നു അടിയന്തര ദുരന്തനിവാരണ സമിതി വ്യക്തമാക്കി.

തുടർച്ചയായ പരിശോധനകളിലൂടെയും വാക്‌സീൻ വിതരണത്തിലൂടെയും പൊതുസ്ഥലങ്ങളിൽ ഗ്രീൻ പാസ് സിസ്റ്റം നടപ്പാക്കിയുമാണ് അബുദാബി കോവിഡ് കേസുകളെ നിയന്ത്രിച്ചതെന്നും അടിയന്തര ദുരന്തനിവാരണ സമിതി പറഞ്ഞു.