- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡിനെ കുറിച്ച് ഞാൻ ഇന്നേവരെ ഇതേപോലെ ആശങ്കപ്പെട്ടിട്ടില്ല; ഒത്തുപിടിച്ചില്ലെങ്കിൽ എല്ലാം കൈവിടും; ഒരു വിദഗ്ദന്റെ ആശങ്ക ഇങ്ങനെ; ഓമിക്രോൺ ഒരു ചെറുമീനല്ലെന്ന സൂചനകളും പുറത്തുവരുമ്പോൾ ബാക്കിയാകുന്നത് ഭയം മാത്രം
ഓമിക്രോൺ അത്ര നിസ്സാരമായി കണ്ട് തള്ളിക്കളയേണ്ട ഒന്നല്ലെന്ന് ഇംഗ്ലൻഡ് ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തുന്ന ഓമിക്രോണിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ പൂർണ്ണമായും മുഖവിലയ്ക്ക് എടുക്കാൻ കഴിയില്ലെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അവിടെ കഴിഞ്ഞ വേനല്ക്കാലത്ത് ആഞ്ഞടിച്ച ഡെൽറ്റാ തരംഗത്തിലൂടെയും വാക്സിനെഷനിലൂടെയും ജനങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിച്ചിട്ടുണ്ട്. ഓമിക്രോൺ അവിടെ താരതമ്യേന ദുർബലമാകുവാൻ അത് ഒരു കാരണമായിട്ടുണ്ടാകാം.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള കണക്കുകൾ തന്നെ ഓമിക്രോണിന്റെ വെല്ലുവിളി വ്യക്തമാക്കുന്നു എന്നും അദ്ദേഹം പറയുന്നു. ഗൗടാംഗ് ഒഴിച്ച് ദക്ഷിണാഫ്രിക്കയിലെ എല്ലാ പ്രവിശ്യകളിലും കഴിഞ്ഞയാഴ്‌ച്ച് 36 ശതമാനമാണ് രോഗവ്യാപനതോതിലുണ്ടായ വർദ്ധനവ്. അതേസമയം ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ ഉണ്ടായിരിക്കുന്നത് 65 ശതമാനത്തിന്റെ വർദ്ധനവാണ്. എണ്ണത്തിൽ കുറവാണെങ്കിലും, ഓമിക്രോൺ അതിവേഗം വ്യാപിക്കാൻ തുടങ്ങിയാൽ അതനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകും എന്നാണ് ഇത് കാണിക്കുന്നത്.
അതേസമയം, ഇതിനുമുൻപൊരിക്കലും താൻ കോവിഡിനെ കുറിച്ച് ഇത്രമാത്രം ആശങ്കപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടനയിലെ കോവിഡ് 19 വിഭാഗത്തിലെ ഡോ. ഡേവിഡ് നബാരോ പറഞ്ഞു. ഇതിനു മുൻപൊരിക്കലും കാണാത്തത്ര വേഗതയിലാണ് ഓമിക്രോണിന്റെ വ്യാപനം നടക്കുന്നത്. ഇത് ബ്രിട്ടനെ മാത്രം സംബന്ധിക്കുന്ന പ്രശ്നമല്ല മറിച്ച് യൂറോപ്പിനേയും ലോകത്തെ തന്നെയും ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു. സാമൂഹ്യ സമ്പർക്കം ഒഴിവാക്കുവാൻ ഓരോ വ്യക്തിയും തങ്ങളാൽ കഴിയുന്നതൊക്കെ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാസ്‌ക് ധരിക്കലും, കൈ കഴുകലുമൊക്കെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ബ്രിട്ടനിൽ 78,610 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനു തൊട്ടുപുറകെയാണ് ഡോ. ഡേവിഡിന്റെ പ്രസ്താവന വന്നത്. ഓമിക്രോൺ അപകടകാരിയല്ലെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വിശ്വസിക്കാൻ കഴിയില്ലെന്ന് ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയും സൂചിപ്പിച്ചിരുന്നു. മാത്രമല്ല, പ്രധാനമന്ത്രി ബോറിസ് ജോൺസനും ഓമിക്രോൺ വ്യാപനത്തിൽ തന്റെ ആശങ്കയറിയിച്ചിരുന്നു. പ്രൊഫസർ ക്രിസ്റ്റിയുടെ മുന്നറിയിപ്പ് പ്രതിധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു സ്‌കൈ ന്യുസിനോട് ഡോ. ഡേവിഡ് സംസാരിച്ചത്. സാമൂഹ്യ സമ്പർക്കം പരമാവധി കുറയ്ക്കണം എന്ന് അദ്ദേഹം ഊന്നി പറഞ്ഞു.
ഓമിക്രോൺ അതിവേഗം പടരുകയാണ്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ വ്യാപനതോത് ഇരട്ടിയാവുകയാണ്. അത് തീർച്ചയായും രോഗികളുടെ എണ്ണം വർദ്ധിപ്പിക്കും. ആരോഗ്യ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം താറുമാറാക്കും. അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഭാഗ്യമുണ്ടെങ്കിൽ മരണനിരക്ക് കൂടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതുവരെ ഈ വകഭേദത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതുകൊണ്ടു തന്നെ എത്രപേരെ ഇത് ബാധിക്കുമെന്നോ എത്രശതമാനം മരണനിരക്കിന് വഴിതെളിക്കുമെന്നോ കൃത്യമായി പറയാൻ കഴിയില്ല എന്ന് പറഞ്ഞ അദ്ദേഹം എന്നാലും ഇക്കാര്യത്തിൽ ചില അനുമാനങ്ങളിൽ എത്തുന്നത് നല്ലതായിരിക്കും എന്നും ചൂണ്ടികാട്ടി.
മറുനാടന് മലയാളി ബ്യൂറോ