- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനവരാശി ഇതുവരെ നേരിട്ട ഏറ്റവും വലിയ ആശങ്കയാണെന്ന് ഓമിക്രോണിനെ വിശേഷിപ്പിച്ച് ജി 7 രജ്യങ്ങൾ; നിസ്സാരമെന്ന് കരുതിയ വകഭേദം ബ്രിട്ടനെ അടിമുടി വിഴുങ്ങി; ഇന്നലെ മാത്രം ഒരു ലക്ഷത്തോട് അടുത്ത് പുതിയ രോഗികൾ; വരും ദിവസങ്ങൾ കരുതുന്നതിനേക്കാൾ ഭയാനകം
ഓമിക്രോണിനെ നിസ്സാരമായി കരുതി തള്ളിക്കളയാനാകില്ലെന്ന് ജി 7 രാഷ്ട്രങ്ങളിലെ മന്ത്രിമാർ. ലോകത്തിനു തന്നെ വൻ ഭീഷണിയായി ഉയർന്ന ഈ പുതിയ വകഭേദം ബ്രിട്ടനെ വിഴുങ്ങിത്തുടങ്ങി. ഇന്നലെ 88,000 ൽ അധികം പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് കാലത്തെ ഒരു റെക്കോർഡാണിത്. ഇനിയുമേറെ റെക്കോർഡുകൾ ഓമിക്രോൺ തകർക്കുമെന്ന് ഇന്നലെ ഇംഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റ് എം പി മാർക്ക് മുന്നറിയിപ്പ് നൽകി. നിലവിൽ, രണ്ടു ദിവസം കൂടുമ്പോൾ വ്യാപനതോത് ഇരട്ടിയാകുന്ന അവസ്ഥയാണുള്ളത്.
അതേസമയം വെയിൽസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ക്രിസ്ത്മസ്സിനു ശേഷം നിശാക്ലബ്ബുകൾ അടച്ചിടും. അതുപോലെ ഓഫീസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നത് നിർബന്ധമാക്കും ഡിസംബർ 27 മുതൽ ഷോപ്പുകളിലും മറ്റ് ബിസിനസ്സ് സ്ഥാപനങ്ങളിലും ആളുകൾ തമ്മിൽ രണ്ടുമീറ്റർ അകലം പാലിക്കേണ്ടതായി വരും. അതുപോലെ ഉപഭോക്താക്കളേയും ജീവനക്കാരേയും സംരക്ഷിക്കുന്നതിനായി, സ്ഥാപനങ്ങൾക്ക് അകത്തേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും പ്രത്യേകം വഴിയൊരുക്കുകയും ചെയ്യും.
അതുപോലെ സാദ്ധ്യമായിടങ്ങളിലൊക്ക് വർക്ക് ഫ്രം ഹോം കൊണ്ടുവരുമെന്നും ഫസ്റ്റ് മിനിസ്റ്റർ മാർക്ക് ഡ്രേക്ക്ഫോർഡ് പറഞ്ഞു. ഓമിക്രോൺ വ്യാപനം കനക്കുന്ന സാഹചര്യത്തിൽ, ഈ പുതിയ വകഭേദത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുവാനായി ജി 7 രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രിമാർ ഒരു വെർച്വൽ യോഗം ചേർന്നതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ട്വീറ്റ് ചെയ്തു. ലോകജനതയുടെ ആരോഗ്യത്തിനു നേരെ വർത്തമാന കാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഓമിക്രോൺ എന്ന് എല്ലാ മന്ത്രിമാരും അഭിപ്രായപ്പെട്ടു.അതുകൊണ്ടുതന്നെ രാജ്യത്തും വിദേശങ്ങളിലും വാക്സിൻ പദ്ധതി ത്വരിതപ്പെടുത്തുന്നതിനായി രാജ്യങ്ങൾ സഹകരിച്ച് പ്രവർത്തിക്കുമെന്നുംഅദ്ദേഹം അറിയിച്ചു.
ഇന്നലെ ബ്രിട്ടനിൽ 88,376 കേസുകളാണ് സ്ഥിരീകരിച്ചത്, കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 74 ശതമാനത്തിന്റെ വർദ്ധനവാണ്രോഗവ്യാപനതോതിൽ ഉണ്ടായിരിക്കുന്നത്. തൊട്ടു മുൻപത്തെ ദിവസത്തേക്കാൾ 12 ശതമാനത്തിന്റെ വർദ്ധനവും ഉണ്ടായിട്ടുണ്ട്. ഇതിൽ കാൽ ഭാഗത്തോളം രോഗികൾ ഉള്ളത് ലണ്ടൻ നഗരത്തിലാണ്. ചെറിയ കുട്ടികൾ ഒഴിച്ച് മറ്റെല്ലാ പ്രായക്കാരിലും കോവിഡ് പടർന്നുപിടിക്കുകയാണ്ീന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലണ്ടൻ നഗരത്തിൽ ഓമിക്രോൺ തരംഗം അതിശക്തമായി വീശിയടിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓരോ രണ്ടര ദിവ്സം കൂടുമ്പോഴും ഓമിക്രോൺ ബാധിതരുടെ എണ്ണം ഇരട്ടിയാകുന്ന സാഹചര്യമാണിവിടെയുള്ളത്.
യു കെ ഹെൽത്ത് സെക്യുരിറ്റി ഏജൻസി ഇന്നലെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഡിസംബർ 13 ലെ കണക്കനുസരിച്ച് ലണ്ടൻ നഗരത്തിലെ കോവിഡ് രോഗികളിൽ 70 ശതമാനം പേരെയും ബാധിച്ചിരിക്കുന്നത് ഓമിക്രോൺ ആണ്. ദേശീയ തലത്തിൽ ഇത് 40 ശതമാനം വരും. രോഗവ്യാപനം ശക്തിപ്രാപിക്കുമ്പോഴും ബ്രിട്ടന്റെ ബൂസ്റ്റർ ഡോസ് പദ്ധതി വേഗത്തിലാകുന്നുണ്ട്. ബുധനാഴ്‌ച്ച 7,45,183 പേർക്കാണ് രാജ്യത്താകമാനമായി ബൂസ്റ്റർ ഡോസ് നൽകിയത്. ഇതുവരെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്ക് മൂന്നാം ഡോസ് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
പാർലമെന്റിലെ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലെക്ട് കമ്മിറ്റിയുടെ മീറ്റിങ്ങിൽ പ്രൊഫസർ വിറ്റി ഓമിക്രോൺ വ്യാപനത്തിന്റെ ഭീകരത എം പിമാർക്ക് വിവരിച്ചുകൊടുത്തു. അധികം വൈകാതെ തന്നെ പ്രതിദിനം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞകാല റെക്കോർഡായ 4,500 കടക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഓമിക്രോണിനെ സംബന്ധിച്ച് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴുമുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ഇതിന്റെ പ്രഹരണശേഷിയെ കുറിച്ച് കൃത്യമായ അറിവില്ല. മാത്രമല്ല, ഓമിക്രോൺ ബാധിച്ചവരിൽ രോഗം ഗുരുതരമാകാതെ സൂക്ഷിക്കാൻ വാക്സിനുകൾ എത്രമാത്രം കാര്യക്ഷമമാണെന്ന കാര്യവും ഇതുവരെ അറിവായിട്ടില്ല.
ഡിസംബർ 12 ലെ കണക്കനുസരിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 12 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ, മരണനിരക്ക് 1 ശതമാനം കുറഞ്ഞു. രാജ്യത്തെ മറ്റൊരു അടച്ചുപൂട്ടലിലേക്ക് തള്ളിവിടാൻ താത്പര്യമില്ലെന്ന് പറഞ്ഞ ബോറിസ് ജോൺസൺ പൊതുജനങ്ങൾ അല്പംകൂടി കരുതലോടെ പെരുമാറണമെന്നും പറഞ്ഞു. സാമൂഹിക ഒത്തുചേരലുകൾ വിവേകപൂർവ്വം തീരുമാനിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബൂസ്റ്റർ എടുക്കാനും, സാമൂഹിക ഒത്തുചേരലുകളിൽ പങ്കെടുക്കുന്നതിനു മുൻപായി ലാറ്ററൽ ഫ്ളോ ടെസ്റ്റിന് വിധേയരാകാനും അദ്ദേഹം നിർദ്ദേശിച്ചു.
ഏതായാലും ഓമിക്രോൺ ഭീതി ലണ്ടന നഗരത്തിലാകെ പടർന്നു പിടിച്ചിരിക്കുകയാണ്. ക്രിസ്ത്മസ് കാലത്ത് ഒരു അടച്ചുപൂട്ടൽ ഒഴിവാക്കുവാനായി ആയിരക്കണക്കിന് ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജീവനക്കാരുടേ ക്ഷാമം വന്നതോടെ പബ്ബുകളും റെസ്റ്റോറന്റുകളും നേരത്തേ അടയ്ക്കുവാനും തുടങ്ങി. വർക്ക് ഫ്രം ഹോം പ്രാബല്യത്തിൽ വന്നതോടെ നഗരത്തിലെ തിരക്ക് കുറഞ്ഞതും, ഉപഭോക്താക്കൾക്ക് പബ്ബുകളിലും മറ്റും കയറാനുള്ള ധൈര്യം നഷ്ടപ്പെട്ടതും ഈ അടച്ചുപൂട്ടലിന് മറ്റു കാരണങ്ങളാണ്.
ഇപ്പോൾ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലും അവതാളത്തിലായ എൻ എച്ച് എസ് സംവിധാനത്തിന് രോഗവ്യാപന തോത് ഉയരുന്നത് താങ്ങാനാകില്ലെന്ന് ക്രിസ് വിറ്റി ഇന്നലെ എം പിമാർക്ക് മുന്നറിയിപ്പ് നൽകി. ദുർബലമായ വകഭേദമാണെന്ന് സമ്മതിച്ചാൽ പോലും ഇത് പടരുന്ന വേഗത കണക്കിലെടുത്താൽ അധികം വൈകാതെ തന്നെ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷന് രോഗം ഗുരുതരമാകാതെ നോക്കാൻ ഒരു പരിധിവരെ സാധിക്കുമെന്നും അതുകൊണ്ടു തന്നെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് കൂടുതൽ വേഗതയിൽ രോഗം സുഖപ്പെട്ട് പുറത്തിറങ്ങാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
മതിയായ പരിശോധനാ സംവിധാനങ്ങളില്ലാത്തതാണ് ഇപ്പോൾ ബ്രിട്ടനെ കുഴയ്ക്കുന്നത്. രോഗം പടരുന്നത്ര വേഗതയിൽ പരിശോധനകൾ മുന്നോട്ട് നീക്കാൻ ആകുന്നില്ല. അതിനാൽ തന്നെ രോഗബാധിതരുടെ കൃത്യം എണ്ണം ലഭിക്കുന്നുമില്ല. ഇതിനിടയിൽ പല ജീവനക്കാരും സെൽഫ് ഐസൊലേഷനിൽ പോയതോടെ പല ലബോറട്ടറികളുടെയും പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. അതിനിടെ, വിദ്യാഭ്യാസ രംഗത്തും ജീവനക്കാരുടെ ക്ഷാമം അനുഭവപ്പെടുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടരി പറഞ്ഞു. താത്ക്കാലിക അദ്ധ്യാപകരെ നിയമിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
അതിനിടയിൽ അടുത്തയാഴ്‌ച്ച എലിസബത്ത് രാജ്ഞി നടത്താൻ നിശ്ചയിച്ചിരുന്ന ക്രിസ്ത്മസ് പാർട്ടി റദ്ദ് ചെയ്തു. ഒരുമുൻകരുതൽ എന്ന നിലയിലാണ് ഇത് ചെയ്യുന്നതെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. അതുപോലെ ക്രിസ്ത്മസ്സിനു ശേഷം നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് വെയിൽസ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ