- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്ക്ഡൗൺ വിരുദ്ധർ തെരുവിലിറങ്ങിയതോടെ നിയന്ത്രണങ്ങൾ എല്ലാം പാളി ബെൽജിയം; ഹോളണ്ടിൽ വിട്ടുവീഴ്ച്ചയില്ലാത്ത അടിച്ചമർത്തൽ; ടൂറിസ്റ്റുകളെ നിരോധിച്ച് ജർമ്മനി; കൊവിഡിന്റെ ആക്രമണത്തിൽ തളർന്ന് യൂറോപ്പ്
ഈ തണുത്ത കൊറോണക്കാലത്ത് യൂറോപ്പിന് ശ്വാസം മുട്ടുകയാണ്. ഓമിക്രോൺ വകഭേദം രാജ്യഭേദമില്ലാതെ യൂറോപ്യൻ വൻകരയെ വിഴുങ്ങുമ്പോൾ പകച്ചു നിൽക്കുകയാണ് ഭരണകൂടങ്ങളും ജനങ്ങളും. എടുത്തുകളഞ്ഞ നിയന്ത്രണങ്ങളൊക്കെ കൂടുതൽ കർശനമായി തിരികെയെത്തുമ്പോൾ അവയ്ക്കെതിരെ പൊതുജനരോഷവും ഉയരുകയാണ്.
മൂന്ന് മാസങ്ങൾക്ക് മുൻപ്, യൂറോപ്പിൽ ആദ്യമായി കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ രാജ്യമായിരുന്നു ഡെന്മാർക്ക്. എന്നാൽ ഓമിക്രോണിന്റെ ആക്രമണത്തോടെ കോവിഡ് വ്യാപനം കനക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ കൂടുതൽ കർശന നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂലായ് 19 ന് ആയിരുന്നു ബ്രിട്ടൻ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും എടുത്തുകളഞ്ഞത്. എന്നാൽ ഇപ്പോൾഹെൽത്ത് സെക്രട്ടറി പറയുന്നത് ക്രിസ്ത്മസിനു മുൻപായി ലോക്ക്ഡൗൺ വരില്ല എന്ന് ഉറപ്പു പറയാൻ ആകില്ല എന്നാണ്.
ശാസ്ത്രോപദേശക സമിതിയുടെ റിപ്പോർട്ട് ബ്രിട്ടീഷ് സർക്കാർ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലായിരിക്കുംതീരുമാനം ഉണ്ടാവുക. അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകൾ അടയ്ക്കുക, വ്യത്യസ്ത കുടുംബങ്ങളീൽ നിന്നുള്ളവർ തമ്മിൽ ഒത്തുചേരുന്നത് നിരോധിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സമിതി ഇപ്പോൾ മുന്നോട്ട് വെച്ചിരിക്കുന്നത്.അതിനിടയിൽ ബ്രിട്ടനിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ഫ്രാൻസിൽ നിരോധിച്ചു. അത്യാവശ്യമായ ഏതെങ്കിലും കാര്യത്തിനല്ലാതെ ബ്രിട്ടനിൽ നിന്നുള്ളവർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഫ്രാൻസിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
ബെൽജിയത്തിലാണെങ്കിൽ, പുതിയതായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ജനരോഷം അണപൊട്ടി ഒഴുകുകയാണ്. ബ്രസ്സൽസിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. പല യൂറോപ്യൻ രാജ്യങ്ങളും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഓമിക്രോൺ വൻകരയാകെ വ്യാപിക്കുകയാണ്. ക്രിസ്ത്മസ്സ് കാലത്ത് ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുവാനുള്ള തത്രപ്പാടിലാണ് ചിലചില നിയന്ത്രണങ്ങൾ വിവിധ സർക്കാരുകൾ നടപ്പിലാക്കുന്നത്.
കർശന നിയന്ത്രണങ്ങളുമായി അയർലൻഡ്
അയർലൻഡിൽ, ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിസംബർ 20 മുതൽ 8 മണി കർഫ്യൂ നിലവിൽ വരികയാണ്. സിനിമാ ഹോളുകൾ, തീയറ്ററുകൾ തുടങ്ങിയവയ്ക്കും ഇത് ബാധകമായിരിക്കും. ജനുവരി 30 വരെയാണ് ഈ കർഫ്യൂ നിലനിൽക്കുക. എന്നാലും ക്രമമായ ഇടവേളകളിൽ ഇത് പുനപരിശോധിച്ചുകൊണ്ടിരിക്കും. നിലവിൽ സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് രോഗികളിൽ മൂന്നിലൊന്ന് ഭാഗത്തിനേയും ബാധിച്ചിരിക്കുന്നത് ഓമിക്രോൺആണെന്ന് സർക്കാർ വക്താവ് അറിയിച്ചു.
അതുപോലെ കായികമത്സരവേദികളിൽ അനുവദനീയമായതിന്റെ പകുതി ആളുകളെ മാത്രം കാണികളെയേ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശമുണ്ട്. ഒരു സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാവുന്ന പരമാവധി കാണികളുടേ എണ്ണം 5000 ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. അതുപോലെ ഇൻഡോർ വേദികളിലും, ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാവൂ. എന്നാൽ പരമാവധി 1000 കാണികൾ എന്ന പരിധിയും ഇവിടെ നിശ്ചയിച്ചിട്ടുണ്ട്.
വിവാഹ ചടങ്ങുകളും ആഘോഷങ്ങളും പാതിരാത്രിക്ക് അപ്പുറം നീളരുതെന്ന നിർദ്ദേശമുണ്ട്. അതുപോലെ പരമാവധി 100 പേരെ മാത്രമെ പങ്കെടുപ്പിക്കാവൂ എന്നും പറയുന്നു. ബാറുകൾക്കും റെസ്റ്റോറന്റുകള്ക്കും നിയന്ത്രണമുണ്ട്. ആറുപേരിൽ കൂടുതലുള്ള സംഘത്തിനായി ഓർഡർ സ്വീകരിക്കുന്നത്വിലക്കിയിട്ടുണ്ട്. അതുപോലെ മേശമേൽ മാത്രമേ ഭക്ഷണം വിളമ്പാവൂ എന്നും നിയമം നിലവിൽ വന്നു.
യാത്രാ നിയന്ത്രണങ്ങളുമായി ഫ്രാൻസ്
ബ്രിട്ടനിൽ നിന്നും വിനോദയാത്രയ്ക്ക് എത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഫ്രാൻസ്. ഇതുവരെ 300 ഓമിക്രോൺ കേസുകൾ മാത്രമാണ് ഫ്രാൻസിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ബ്രിട്ടനിൽ ഓമിക്രോൺ കത്തിപ്പടരുന്നതിനാലാണ് ഫ്രാൻസ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇന്നലെ ഒരു ദിവസം 60,000 പേർക്കാണ് ഫ്രാൻസിൽ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സതേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം പ്രതിദിനം 1000 ആയി ഉയർന്നിട്ടുണ്ട്.
എന്നാൽ, വളരെ താഴ്ന്ന പരിശോധന നിരക്കാണ് നിലവിൽ ഫ്രാൻസിലുള്ളത്. ബ്രിട്ടനിൽ 1000 പേരിൽ 18.03 പേർക്ക് കോവിഡ് പരിശോധന നടത്തുന്നുണ്ട്. ആസ്ട്രേലിയയിൽ ഇത് 1,000 പേർക്ക് 38.77 എന്ന നിരക്കിലാണ്. അതേസമയം ഫ്രാൻസിൽ 1000 പേരിൽ 11.77 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് പരിശോധന നടത്തുന്നത്. കഴിയുന്നതും മറ്റൊരു ലോക്ക്ഡൗണിലേക്ക് പോകാതെ മറ്റു നടപടികളിലൂടെ ഓമിക്രോണിനെ പിടിച്ചുകെട്ടാനാണ് ഫ്രാൻസിന്റെ ശ്രമം. രണ്ടാം ഡോസും മൂന്നാം ഡോസും തമ്മിലുള്ള ഇടവേള കുറയ്ക്കുകയും അതോടൊപ്പം റെസ്റ്റോറന്റുകളിലും ദീർഘദൂര പൊതുഗതാഗത സംവിധാനങ്ങളിലും പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കുകയും ചെയ്തിരിക്കുകയാണ്.
വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങളുമായി ജർമ്മനി
ജർമ്മനിയിലും ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിമുതലാണ് ഈ നിയന്ത്രണങ്ങൾ നിലവിൽ വന്നിരിക്കുന്നത്. ജർമ്മൻ പൗരന്മാരോ ജർമ്മനിയിൽ പെർമെനന്റ് റെസിഡന്റ് പെർമിറ്റ് ഉള്ളവരോ അല്ലാതെ മറ്റാർക്കും ബ്രിട്ടനിൽ നിന്നും ജർമ്മനിയിൽ പ്രവേശിക്കാനാകില്ല. സമ്പൂർണ്ണ വാക്സിൻ എടുത്തവർക്കും ഈ നിരോധനം ബാധകമാണ്. മാത്രമല്ല, ജർമ്മനിയിൽ എത്തുന്നവർ നിർബന്ധമായും നെഗറ്റീവ് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് കൈയിൽ കരുതണം. ജനുവരി 3 വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാവുക.
അതേസമയം മറ്റു രാജ്യങ്ങളിൽ നിന്നും ജർമ്മനിയിലെത്തുന്നവർ രണ്ട് ഡോസ് വാക്സിൻ എടുക്കാത്തവരോ കോവിഡ് വന്ന് സുഖപ്പെട്ടവരോ അല്ലെങ്കിൽ ഇവിടെയെത്തിയാൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകണം.
വാക്സിൻ എടുക്കാത്തവർക്ക് ബാറിലും റെസ്റ്റോറന്റിലും പ്രവേശനം നിഷേധിച്ച് സ്പെയിൻ
പ്രതിഷേധങ്ങളും പക്ഷോഭങ്ങളും നടക്കുന്നുണ്ടെങ്കിലും നിലപാട് കടുപ്പിക്കുകയാണ് സ്പെയിൻ ഭരണകൂടം. ഉത്സവകാലമടുത്തതോടെ വാക്സിൻ എടുക്കാത്തവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് സ്പാനിഷ് സർക്കാർ. ബാറുകൾ, റെസ്റ്റോറന്റുകൾ മറ്റ് പൊതുയിടങ്ങൾ എന്നിവയിൽ പ്രവേശനം ലഭിക്കണമെങ്കിൽ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണിവിടെ.
80 ശതമാനത്തോളം പേർ വാക്സിനെടുത്ത സ്പെയിനിൽ ഓമിക്രോണിന്റെ വരവോടെ ബൂസ്റ്റർഡോസ് പദ്ധതിയും വേഗത്തിലാക്കിയിരിക്കുന്നു. ക്രിസ്ത്മസ്സിനു മുൻപായി പരമാവധി പേരിൽ ബൂസ്റ്റർഡോസ് എത്തിക്കാനാണ് നീക്കം. ചൊവ്വാഴ്‌ച്ച 40 വയസ്സിന് മുകളിൽ ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുവാൻ അനുമതി നൽകിയിട്ടുമുണ്ട്.
റെസ്റ്റോറന്റുകളിലും സിനിമാ ഹോളുകളിലും പ്രവേശന നിയന്ത്രണമേർപ്പെടുത്തി പോർച്ചുഗൽ
കോവിഡ് വ്യാപനത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പോർച്ചുഗലും കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്തിയിരിക്കുന്നു. റെസ്റ്റോറന്റുകളിലും, സിനിമാ ഹോളുകളിലും ഹോട്ടലുകളിലും പ്രവേശനത്തിനായി വാക്സിൻ രണ്ട് ഡോസുകൾ എടുത്തതിന്റെയോ കോവിഡ് വന്നു ഭേദമായതിന്റെയോ ഡിജിറ്റൽ തെളിവ് കാണിക്കേണ്ടതായി വരും. അതുപോലെ, അടച്ചിട്ട മുറികൾക്കുള്ളിലും സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത വാതിൽപ്പുറ ഇടങ്ങളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുമുണ്ട്.
പോളണ്ടിലും കടുത്ത നിയന്ത്രണങ്ങൾ
പോളണ്ടിൽ വ്യാപനം കടുക്കാൻ തുടങ്ങിയതോടെ നിശാക്ലബ്ബുകൾ അടച്ചിടാൻ ഉത്തരവിറക്കി. എന്നിരുന്നാലും പുതുവത്സരാഘോഷങ്ങൾക്കായി ഡിസംബർ 31 നും ജനുവരി 1 നും നിശാക്ലബ്ബുകൾക്ക് തുറന്നു പ്രവർത്തിക്കുവാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഷോപ്പുകൾ പതിവുപോലെ തുറക്കാമെങ്കിലും പ്രവേശനത്തിന് മാസ്‌ക് നിർബന്ധമായിരിക്കും. അതുപോലെജിമ്മിലും ഫിറ്റ്നസ് ക്ലബ്ബുകളിലും 15 ചതുരശ്രമീറ്ററിൽ ഒരാൾ എന്ന രീതിയിൽ പ്രവേശനം നിജപ്പെടുത്തിയിട്ടുണ്ട്.
സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് ഡെന്മാർക്ക്
സിനിമാ ഹോളുകൾ, തീയറ്ററുകൾ എന്നിവ ഉൾപ്പടെ എല്ലാ പൊതുവേദികളും അടച്ചുപൂട്ടിയ ഡെന്മാർക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണ്. ക്രിസ്ത്മസ്സിന് പതിവിലും ഒരാഴ്‌ച്ച നേരത്തേതന്നെ സ്‌കൂളുകൾ അടച്ചുപൂട്ടിയിരുന്നു. സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തിക്കൊണ്ട് മാത്രമേ ഓമിക്രോണിനെ നിയന്ത്രിക്കാനാവൂ എന്നാണ് ഡെന്മാർക്ക് പറയുന്നത്.
സ്‌കൂളുകളും യൂണിവേഴ്സിറ്റികളും അടച്ചുപൂട്ടി നെതർലൻഡ്സ്, മദ്യവില്പന നിരോധിച്ച് നോർവേ
ഇന്നലെ മുതൽ നെതർലാൻഡ്സിലെ അത്യാവശ്യമല്ലാത്ത സാധനങ്ങൾ വിൽക്കുന്ന കടകളെല്ലാം അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കി. ജനുവരി 14 വരെയായിരിക്കും ഈ നിരോധനം. അതുപോലെ യൂണിവേഴ്സിറ്റികളും സ്‌കൂളുകളുംജനുവരി 9ൻ വരെ അടച്ചിടാനും ഉത്തരവായിട്ടുണ്ട്.നോർവേയിലാണെങ്കിൽ ലൈസൻസ് ഉള്ള ഷോപ്പുകളീൽ പോലും മദ്യം വിളമ്പുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്.
സ്വിറ്റ്സർലൻഡിലും ഇറ്റലിയിലും കോവ്ഗിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലെ ആസ്ട്രിയയിൽ റസ്റ്റൊറന്റുകൾ ബാറുകൾ തുടങ്ങിയവയ്ക്ക് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയപ്പോൾ, സൈപ്രസ്സ് ഫ്രൻസിന്റെയും ജർമ്മനിയുടെയും മാർഗ്ഗം പിന്തുടർന്ന് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. ബൽജിയത്തിൽ സാധ്യമായ മേഖലകളിലെല്ലാം വർക്ക് ഫ്രം ഹോം നിർദ്ദേശം നിലവിൽ വന്നുകഴിഞ്ഞു. അതുപോലെ റഷ്യയിൽ ഇൻഡോർ ഇടങ്ങളീലെ പ്രവേശനത്തിന് കോവിഡ് പാസ്സ്പോർട്ട് കർശനമാക്കിയിരിക്കുകയാണ്.
ഇത് കാലത്തിന്റെ ഒരു തനിയാവർത്തനമായി കണക്കാക്കാമെങ്കിൽ നിയന്ത്രണങ്ങൾ ഇനി വരുന്നത് ഏഷ്യൻ ഭൂഖണ്ഡത്തിലേക്കായിരിക്കും എന്നാണ് ചില അന്താരാഷ്ട്ര നിരീക്ഷകർ പറയുന്നത്. കഴിഞ്ഞ തവണയും യൂറോപ്പ് അടച്ചുപൂട്ടിയതിനു പിന്നാലെ ഏഷ്യയും മറ്റു ഭൂഖണ്ഡങ്ങളും ഓരോന്നായി അടച്ചുപൂട്ടിയ കാര്യം അവർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ