കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കോട്ടയം അഡീഷനൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാർ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക 75,000 രൂപ കേസിലെ ഇരയ്ക്ക് നൽകണം. കടനാട് ഇന്ദിരക്കുന്നേൽ ചിങ്ങന്റേത്ത് അജേഷ് (അജി 32) ആണ് പ്രതി.

പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ പ്രതി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുക ആയിരുന്നു. 2013 സെപ്റ്റംബർ 2 നാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിൽ എത്തിക്കാമെന്നു പറഞ്ഞ് വശീകരിച്ച് ബസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ എത്തിച്ച് ഇവിടെ ആൾ ഒഴിഞ്ഞ സ്ഥലത്തു വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് പുലർച്ചെ ഓട്ടോറിക്ഷയിൽ കയറ്റിവിട്ട പെൺകുട്ടിയെ പൊലീസ് ആണ് മണർകാട്ടു നിന്ന് കണ്ടെത്തിയത്.

ബാങ്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയ പതിനാറുകാരിയെ സംഭവത്തിനു തലേന്ന് സംക്രാന്തി സ്വദേശിയായ മനു (രാജേഷ്) പീഡിപ്പിച്ചതായി അന്വേഷണത്തിനിടെ കണ്ടെത്തി. ഇയാളെയും അറസ്റ്റ് ചെയ്തു. രണ്ട് കേസുകളായാണ് ഇവ പരിഗണിച്ചത്. ആദ്യ കേസിൽ പ്രതി മനുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി നേരത്തേ ശിക്ഷ വിധിച്ചിരുന്നു. വെസ്റ്റ് സിഐ ആയിരുന്ന എ.ജെ. തോമസ് ആണ് കേസ് അന്വേഷിച്ചത്.