മിക്രോണിനെ കുറിച്ച് ഉയർന്ന ആശങ്കകളൊക്കെ വെറുതെയായിരുന്നോ? അങ്ങനെയാണെന്നാണ് ലോകത്തിന്റെ പല ഭാഗത്തുനിന്നുമെത്തുന്ന വാർത്തകൾ പറയുന്നത്. ഭയപ്പെട്ടയത്ര അപകടകാരിയല്ല ഓമിക്രോൺ വകഭേദം എന്ന് വെളിപ്പെടുത്തുന്ന രണ്ട് വാർത്തകളാണ് ഇവിടെ.

ദക്ഷിണാഫ്രിക്ക ശാന്തമാകുന്നു

ദക്ഷിണാഫ്രിക്കയിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ മൂന്നാം ദിവസവും കുറവുണ്ടായിരിക്കുന്നു. അതുപോലെ രോഗം ഗുരുതരമായി ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുത്തനെ ഇടിയുകയാണ്. ദക്ഷിണാഫ്രിക്കൻ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണിക്കബിൾ ഡിസീസിന്റെ (എൻ സി ഐ ഡി) കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 8,515 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച്ച ഇത് 13,992 ആയിരുന്നു. അതായത് ഒരാഴ്‌ച്ചയ്ക്കുള്ളിൽ കോവിഡ് വ്യാപനത്തിൽ ഉണ്ടായത് 40 ശതമാനത്തിന്റെ കുറവാണ്.

അതുപോലെ ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടത് വെറും 323 പേരെയാണ് 25 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ ഉണ്ടായിരിക്കുന്നത്. അതേസമയം പരിശോധനകളുടെ എണ്ണത്തിലുമീ ആഴ്‌ച്ച കുറവുണ്ടായിട്ടുണ്ട് എന്നത് ഒരു വാസ്തവമാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ച ദക്ഷിണാഫ്രിക്കയിൽ 45,000 കോവിഡ് പരിശോധനകൾ നടന്നപ്പോൾ ഇന്നലെ നടന്നതെ വെറും 28,000 പരിശോധനകൾ മാത്രമായിരുന്നു. എന്നാൽ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും നേരിയ കുറവുണ്ടായത് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുതുടങ്ങി എന്നതിന്റെ സൂചനയാണെന്ന് വിദഗ്ദർ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്‌ച്ചയെ അപേക്ഷിച്ച് ഇന്നലെ മരണസംഖ്യ കുത്തനെ ഉയർന്നത് ചില ആശങ്കകൾക്ക് കാരണമയിട്ടുണ്ട്. 105 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ ശൈത്യകാലത്ത് രോഗവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നപ്പോൾ ദക്ഷിണാഫ്രിക്കയിൽ പ്രതിദിനം ശരാശരി 855 മരണങ്ങളായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ മരണസംഖ്യ വളരെ കുറവാണ് എന്നുതന്നെ പറയാം.

73 ശതമാനം ഓമിക്രോൺ ബാധിതരുണ്ടായിട്ടും മരണനിരക്ക് പിടിച്ചുകെട്ടി അമേരിക്ക

അമേരിക്കയിൽ ഓമിക്രോൺ വ്യാപനം കനക്കുകയാണ്. പുറത്തുവന്ന ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് രാജ്യത്തെ പുതിയ കോവിഡ് ബാധിതരിൽ 73 ശതമാനത്തോളം പേരെ ബാധിച്ചിരിക്കുന്നത് ഈ പുതിയ വകഭേദമാണ്. ഒരാഴ്‌ച്ചകൊണ്ട് ഓമിക്രോണിന്റെ സാന്നിദ്ധ്യം ആറിരട്ടിയാണ് വർദ്ധിച്ചതെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വക്താക്കൾ പറയുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള കോവിഡ് രോഗികളുടെ എണ്ണം പരിഗണിക്കുമ്പോൾ ഓമിക്രോൺ ബാധിതരുടെ എണ്ണം വളരെ കുറവാണ്. മൊത്തം കോവിഡ് ബാധിതരിൽ 2.9 ശതമാനം മാത്രമാണ് ഓമിക്രോൺ ബാധിതരുള്ളത്. എന്നാൽ ഇത് 0.4 ശതമാനത്തിൽ നിന്നും ഒരാഴ്‌ച്ച കൊണ്ടാണ് 2.9 ശതമാനത്തിലെത്തിയതെന്നതും കാണേണ്ട കാര്യമാണ്.

ജൂൺ അവസാനം മുതൽ അമേരിക്കയെ ഏറെ അലട്ടിയിരുന്നത് ഡെൽറ്റ വകഭേദമായിരുന്നു. നവംബർ അവസാനമായപ്പോൾ മൊത്തം കോവിഡ് രോഗികളുടെ 99.5 ശതമാനം പേരിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യമായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാൽ, അതിനേക്കാൾവേഗത്തിലാണ് ഇപ്പോൾ ഓമിക്രോൺ പടരുന്നത്. എന്നിരുന്നാൽ പോലും മരണനിരക്കിൽ അതിനനുസരിച്ചുള്ള വർദ്ധനവില്ലെന്നത് ഓമിക്രോൺ താരതമ്യേന ദുർബലമായ ഒരു വകഭേദമാണെന്നതിന്റെ തെളിവായി ചില വിദ്ഗദർ പറയുന്നു.

അതിനിടയിലാണ് മൊഡേണ വാക്സിന്റെ ബൂസ്റ്റർ ഡോസ് ഓമിക്രോണിനെ ചെറുക്കാൻ ഫലവത്താണെന്ന വാർത്ത പുറത്തുവരുന്നത്. ലബോറട്ടറി പരീക്ഷണങ്ങളിലാണ് ഇത് തെളിഞ്ഞത്. 50 മൈക്രോഗ്രാം മൊഡേണ ബൂസ്റ്റർ എടുത്ത 20 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചപ്പോൾ ബൂസ്റ്റർ ഡോസ് എടുക്കാതെ രണ്ട് ഡോസുകൾ മാത്രം എടുത്തവരുടേ രക്തത്തിൽ ഉള്ളതിന്റെ 37 ഇരട്ടി ന്യുട്രലൈസിങ് ആന്റിബോഡികൾ കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു. അതേസമയം 100 മൈക്രോഗ്രാം ബൂസ്റ്റർ ഡോസ് എടുത്തവരിൽ 83 ഇരട്ടി ന്യുട്രലൈസിങ് ആന്റിബോഡികളാണ് കണ്ടെത്തിയത്.