- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരത്തേ കോവിഡ് വന്നവരുടെ പ്രതിരോധം ഇല്ലാതായെന്ന് തെളിയിച്ച് ഓമിക്രോൺ ബാധ; കോവിഡ് വരികയും വാക്സിൻ എടുക്കുകയും ചെയ്തവർക്ക് സൂപ്പർ പ്രതിരോധം; ഓസ്ട്രിയയിൽ നടത്തിയ പഠന റിപ്പോർട്ട് പറയുന്നത്
നേരത്തേ കോവിഡ് വന്ന് സുഖം പ്രാപിച്ചവർക്ക് ഓമിക്രോണിനെതിരെ അത്ര വലിയ പ്രതിരോധമൊന്നും കാഴ്‌ച്ചവെയ്ക്കാനാകില്ലെന്നാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട് പറയുന്നത്. നേരത്തേ മറ്റു വകഭേദങ്ങൾ ബാധിച്ച് സുഖപ്പെട്ടവരുടെ രക്ത സാമ്പിളുകൾ ഓമിക്രോണുമായി ചേർത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. രക്തത്തിൽ ഉണ്ടാകുന്ന ആന്റിബോഡി പ്രതികരണമായിരുന്നു പരീക്ഷണ വിധേയമാക്കിയത്. ഏഴിൽ ഒന്ന് സാമ്പിളുകൾക്ക്മാത്രമാണ് ഓമിക്രോണിനെ നിർവീര്യമാക്കാൻ തക്കവണ്ണമുള്ള ആന്റിബോഡി ഉദ്പാദിപ്പിക്കാൻ ആയത്.
നേരത്തേ ഡെൽറ്റയിൽ നിന്നും സുഖം പ്രാപിച്ചതുകൊണ്ടു മാത്രം ഓമിക്രോണിനെ തടുക്കുവാനുള്ള പ്രതിരോധശേഷി ലഭിക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, രോഗം ഗുരുതരമാകാതെ നോക്കാൻ ഒരു പരിധിവരെ കഴിഞ്ഞേക്കും. ആന്റിബോഡി പ്രതികരണം മാത്രമാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ടി കോശങ്ങളുടെയും ബി കോശങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ കണക്കിലെടുത്തിരുന്നില്ല. രോഗത്തെ പ്രതിരോധിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നവയാണ് ടി കോശങ്ങളും ബി കോശങ്ങളും. എന്നാൽ ഇവയുടേ പ്രതിരോധ ശേഷി അളക്കുവാൻ ബുദ്ധിമുട്ടാണ് എന്നതിനാലാണ് പഠനത്തിൽ നിന്നും ഒഴിവാക്കിയത്.
രോഗം വന്ന് ഭേദമാകുന്നതിലൂടെ ആർജ്ജിക്കുന്ന പ്രതിരോധശേഷിയും ആറുമാസം കഴിയുമ്പോൾ ദുർബലമാകാൻ തുടങ്ങും എന്നുതന്നെയാണ് മിക്ക ശാസ്ത്രജ്ഞന്മാരും പറയുന്നത്. അതേസമയം, ഡെൽറ്റ ബാധിച്ചതിനു ശേഷം രോഗമുക്തി നേടിയവർ വാക്സിന്റെ രണ്ടു ഡൊസുകൾ കൂടി എടുത്താൽ, അവർക്കുണ്ടാവുക സൂപ്പർ പ്രതിരോധമായിരിക്കുമെന്ന് മെഡിക്കൽ യൂണീവേഴ്സിറ്റി ഒഫ് ഇൻസ്ബ്രക്കിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു. ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത് എന്നായിരുന്നു ഓസ്ട്രിയൻ ഗവേഷകരുടെ പഠന റിപ്പൊർട്ടിനു മേൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ പ്രതികരണം.
ഡെൽറ്റ ബാധിച്ചതിനു ശേഷം സുഖം പ്രാപിച്ചവരിൽ ഉള്ള ആന്റിബോഡികൾക്ക് ഓമിക്രോൺ വകഭേദത്തെ തിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. ഒമിക്രോണിന്റെ അപകട സാധ്യത തിരിച്ചറിയാത്തിടത്തോളം കാലം ആന്റിബോഡികൾ അവയ്ക്കെതിരെ പ്രതികരിക്കുകയുമില്ല. ഡെൽറ്റയേക്കാൾ അതിസങ്കീർണ്ണമായ മ്യുട്ടേഷന് ഈ വകഭേദം വിധേയമായതാണ് ഇതിനു കാരണമെന്നും അവർ പറയുന്നു. അതേസമയം വാക്സിൻ എടുത്തവരുടേ സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിനുകൾക്കും ഓമിക്രോണിനെ പ്രതിരോധിക്കാൻ വലിയൊരളവു വരെ കഴിയില്ല എന്നുതന്നെയാണ് തെളിഞ്ഞത്.
അസ്ട്രസെനെകയുടെ വാക്സിനെടുത്ത, 20 രക്തസാമ്പിളുകളിൽ ഒന്നിനുപോലും ഓമിക്രോണിനെ പ്രതിരോധിക്കാൻ മതിയായ ആന്റിബോഡികളെ ഉദ്പാദിപ്പിക്കാനായില്ല, എന്നാൽ, ഫൈസർ വാക്സിന്റെ20 സാമ്പിളുകളിൽ ഒമ്പതെണ്ണം ആവശ്യത്തിന് ആന്റിബോഡികളെ ഉദ്പാദിപ്പിച്ചു. മൊഡേണയുടെ 10 സാമ്പിളുകളിൽ ഒരെണ്ണത്തിനു മാത്രമണ് ഓമിക്രോണിനെ തടയാൻ പര്യാപ്തമായ ആന്റിബോഡികളെ ഉദ്പാദിപ്പിക്കാൻ കഴിഞ്ഞത്.
എന്നാൽ, കോവിഡ് വന്ന് ഭേദമാവുകയും വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തവരുടെ രക്തത്തിൽ ഏകദേശം നാലിരട്ടിയോളം ആന്റിബോഡികളെ കാണാൻ കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ