കൊച്ചി: പെരുമ്പാവൂർ സബ് ജഡ്ജിയായിരുന്ന എസ് സുദീപിന്റെ ഫേ്‌സ്ബുക്ക് പോസ്റ്റുകളെ വിമർശിച്ച് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുതിയ വിധി സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്വമില്ലാതെ എന്തും പറയാം എന്നത് ഇകാലഘട്ടത്തിന്റെ ദുരന്തം എന്നാണ് നാല് പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസ് വിശേഷിപ്പിച്ചത്. എസ്.സുദീപ് നിഷേധവാദിയാണെന്നും സ്വയം രക്തസാക്ഷിയായി ചിത്രീകരിക്കാനാണ് ശ്രമമെന്നും വിധിയിൽ പറയുന്നു. കോടതിയുടെ ചെലവിലും അദ്ദേഹം പ്രശസ്തി നേടേണ്ടതില്ല. അതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാനായി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

എസ്. സുദീപ് ഇത് ആദ്യമായല്ല ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരെ ഫേസ്‌ബുക്കിൽ എഴുതുന്നത്. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതി പരിഗണിക്കുന്ന സമയത്ത് ഫേസ്‌ബുക്കിൽ നടത്തിയ അഭിപ്രായ പ്രകടനത്തിൽ എസ്.സുദീപ് നേരിട്ട് ഹാജരാവണമെന്നാണ് ഡിസംബർ 17ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സുദീപ് വ്യാഴാഴ്ച കോടതിയിൽ ഹാജരായില്ല. സുദീപിന്റെ സമൂഹിക മാധ്യമത്തിലെ പോസ്റ്റുകളിൽ ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ നടപടി സ്വീകരിക്കാൻ രജിസ്ട്രിയോട് കോടതി നിർദ്ദേശിച്ചു.

മോൻസൺ മാവുങ്കലിന്റെ ഡ്രൈവറായിരുന്ന ഇ.വി അജിത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഉത്തരവ്. കേസിൽ ഹൈക്കോടതി അമിതമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് സംസ്ഥാനസർക്കാർ നേരത്തെ വാദിച്ചിരുന്നു. അജിത്തിന്റെ ആവശ്യം അനുവദിച്ചെന്നും ഹർജിയിലെ നടപടികൾ അവസാനിപ്പിക്കണമെന്നുമാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് സർക്കാരിനെയും പൊലീസിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഈ സമയത്ത് എസ്. സുദീപ് ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റാണ് നടപടികൾക്ക് കാരണമായത്.

ഹൈക്കോടതി വിധിയിലെ വിമർശനങ്ങൾ ഇങ്ങനെ

സാമൂഹ്യ മാധ്യമങ്ങളിൽ ഉത്തരവാദിത്വവുമില്ലാതെ എന്തും പറയാമെന്നത് ഇക്കാലഘട്ടത്തിന്റെ ദുരന്തമാണെന്ന് ഹൈക്കോടതി. നല്ല മനുഷ്യരുടെ കൈയിൽ സാമൂഹ്യ മാധ്യമം മികച്ചതാണ്. എന്നാൽ, മറ്റുചിലർക്ക് ഇത് അവരുടെ ഹീനമായ അഭിരുചികൾ പ്രകടിപ്പിക്കാനുള്ള ഇടമായിമാറുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ജഡ്ജിയെപ്പോലും വ്യക്തിപരമായി ആക്രമിക്കുന്ന ഫെയ്സ് ബുക്ക് കുറിപ്പിൽ കോടതിയലക്ഷ്യത്തിന് കേസെടുക്കേണ്ടതായിട്ടും മുൻ ജുഡീഷ്യൽ ഓഫീസർക്ക് വിശദീകരണത്തിന് അവസരം നൽകി.അതിനെയും തത്ക്ഷണം അപഹസിച്ചുകൊണ്ട് സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടു. സ്വയം ഒരു രക്തസാക്ഷിയായി ചിത്രീകരിക്കാനുള്ള ശ്രമവുമുണ്ടായി. നിഷേധാവാദിയാണ്. അവർക്ക് ഒന്നും വിശദീകരിക്കാനുണ്ടാകില്ല.

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വലിയ ഇടമാണ് ഇന്റർനെറ്റ്. താൻ അതിന്റെ വലിയ ആരാധകനുമാണ്. എന്നാൽ, ഇത്തരം വ്യക്തികൾ ഈ സ്വാതന്ത്ര്യത്തെ അതിന്റെ അങ്ങേയറ്റത്തേക്കെത്തിക്കുന്നു. അവരെ പ്രോത്സാഹിപ്പിച്ച് ലൈക്കുകളും കമന്റുകളുമിടാൻ സൈബർ സുഹൃത്തുക്കളുമുണ്ട്. എന്നാൽ, അതിന്റെ ആത്യന്തികമായ ഫലം അനുഭവിക്കാൻ ആരുമുണ്ടാകില്ല. സ്വാതന്ത്ര്യത്തെക്കുറിച്ച് ശരിയായി ചിന്തിക്കുന്നവർപോലും ഓൺലൈൻ സ്‌പേസിൽ നിയന്ത്രണം ആവശ്യമാണെന്ന് കരുതിപ്പോകുന്നത് ഇതിനാലാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

മുൻ ജുഡീഷ്യൽ ഓഫീസർ ശ്രദ്ധപിടിച്ചുപറ്റാനായി നിരന്തരമായി ഒരോന്ന് പറയുകയാണ്. കോടതിയുടെ ചെലവിലും അദ്ദേഹം പ്രശസ്തിനേടേണ്ടതില്ല. അതിനാൽ കോടതിയിൽ നേരിട്ട് ഹാജരാകാനായി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുധീപ് ജഡ്ജി പദവി ഒഴിയാൻ കാരണം

പെരുമ്പാവൂർ സബ്ജഡ്ജിയായിരുന്ന എസ്. സുദീപ് 2021 ജൂലൈയിലാണ് സർവ്വീസിൽ നിന്ന് രാജിവെച്ചത്. ശബരിമലയിൽ സ്ത്രീപ്രവേശനമാവാമെന്ന സുപ്രീം കോടതി വിധി ചർച്ചയായ സമയത്ത് ഫേസ്‌ബുക്കിൽ നടത്തിയ അഭിപ്രായപ്രകടനത്തിൽ സുദീപിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് സുദീപ് രാജിവെച്ചത്.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ താൻ നടത്തിയ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങളും നിയമവാഴ്‌ച്ചയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് സുദീപ് നിലപാട് വിശദീകരിച്ചിരുന്നു.

എസ്.സുദീപിന്റെ വിവാദമായ ഫേസ്‌ബുക്ക് പോസ്റ്റ്

''ഹർജിയിലെ ആവശ്യം നടപ്പാക്കിയതിനാൽ ഹർജി തീർപ്പാക്കണമെന്ന് എതിർകക്ഷി ആവശ്യപ്പെട്ടാൽ നീതിമാനായ ഒരാൾ പൊട്ടിത്തെറിക്കുമോ?

പ്രതിക്കെതിരെ മൊഴി നൽകിയതിന് പൊലീസ് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാരോപിച്ച്, സംരക്ഷണം തേടി ഹർജിക്കാരൻ കോടതിയെ സമീപിക്കുന്നു എന്നു കരുതുക.

പൊലീസിന്റെ ഭാഗത്തുനിന്ന് ഉപദ്രവം ഉണ്ടാകില്ലെന്നും നോട്ടീസ് നൽകാതെ നടപടി എടുക്കില്ലെന്നും എതിർകക്ഷിയായ പൊലീസ് കോടതിയെ അറിയിക്കുന്നു എന്നും കരുതുക.

ആവശ്യം നടപ്പായതിനാൽ ഹർജി തീർപ്പാക്കണമെന്നു കൂടി പൊലീസ് ആവശ്യപ്പെടുന്നു എന്നും വയ്ക്കുക.

അത് എതിർകക്ഷിയുടെ അവകാശമാണ്. അതിലെന്താണിത്ര അപാകത? രോഷം കൊള്ളാനും പൊട്ടിത്തെറിക്കാനും എന്തിരിക്കുന്നു?

ബോധവും വിവരവുമുള്ളവർക്ക് ആ അവകാശത്തെ ആജ്ഞാപിക്കലായി തോന്നുകയോ പൊട്ടിത്തെറിക്കാൻ തോന്നുകയോ ചെയ്യില്ല തന്നെ.

വാദി അന്യായം നൽകിയാൽ ആ അന്യായം തള്ളണമെന്ന് സ്വാഭാവികമായും പ്രതി ആവശ്യപ്പെടും. അത് പ്രതിയുടെ അവകാശമാണ്. പ്രതിയുടെ അവകാശത്തെ ആജ്ഞാപിക്കലായി സാമാന്യബോധമുള്ളവർക്കു തോന്നില്ല.

ഇനി അന്യായത്തിലെ ആവശ്യം നടപ്പായിട്ടുണ്ടെങ്കിലോ? അക്കാരണത്താലും അന്യായം തള്ളിക്കളയാൻ പ്രതി ആവശ്യപ്പെടും. അതിൽ പൊട്ടിത്തെറിക്കാൻ ബോധവും വിവരവും ഉള്ളവർക്കു കഴിയില്ല.

വാദിക്കില്ലാത്ത ആവശ്യങ്ങൾ കോടതിക്ക് ഉണ്ടാവരുത്. ഹർജിയിൽ ആവശ്യപ്പെടാത്ത നിവൃത്തികൾ വേണ്ടത് ജഡ്ജിക്കാണെങ്കിൽ ജഡ്ജി ഒരു സാധാരണ പൗരനായി വേറെ കേസു കൊടുക്കണം. അതാണു വേണ്ടത്.

അല്ലാതെ അതിരു തർക്കവുമായി എത്തുന്ന കേസിൽ സ്ഥലം എസ്‌ഐയുടെ ഡിഎൻഎ പരിശോധന ഉത്തരവിടുകയല്ല വേണ്ടത്.

അഞ്ചാലുമ്മൂട്ടിലെ അതിരു തർക്കത്തിൽ ഐക്യരാഷ്ട്രസഭയെ ജഡ്ജി തന്നെ കക്ഷി ചേർത്തിട്ട് സഭയെ കേൾക്കാതെ ഹർജി തീർപ്പാക്കാൻ കഴിയില്ലെന്നു പറഞ്ഞ് പൊട്ടിത്തെറിക്കുന്നെങ്കിൽ കാര്യമായ കുഴപ്പമെന്തോ ഉണ്ട്.

കക്ഷി/എതിർകക്ഷിയുടെ ആവശ്യം പറയാനുള്ള സ്ഥലം തന്നെയാണ് കോടതി. 'ആവശ്യം' പാടില്ല, താണു തൊഴുത് തിരുവായ്ക്ക് എതിർവായില്ലാതെ നിൽക്കാനേ പാടുള്ളു എന്നത് ശുദ്ധ മാടമ്പി/ ഫ്യൂഡൽ മനോഭാവമാണ്.

ജഡ്ജി ജഡ്ജിയായിരിക്കണം, കക്ഷിയാകരുത്. കക്ഷിക്കില്ലാത്ത ആവശ്യങ്ങളുണ്ടാവുകയും കക്ഷിയെക്കാൾ കഷ്ടമായി പെരുമാറുകയും ചെയ്താൽ ആരും മിണ്ടരുതെന്നൊക്കെ രാജഭരണത്തിൽ പറയാം. ജനാധിപത്യ കാലത്തെ നീതിന്യായ വ്യവസ്ഥയിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

കറുത്ത കുപ്പായമെന്നത് കക്ഷികളുടെ ആവശ്യങ്ങൾക്കു നേരെ പൊട്ടിത്തെറിക്കാനും എന്തും പറയാനുമുള്ള ലൈസൻസൊന്നുമല്ല.

ന്യായമായ മറുപടിയില്ലാത്തവർ ക്ഷുഭിതരാവുകയും പൊട്ടിത്തെറിക്കുകയുമൊക്കെ ചെയ്യും.

അതൊക്കെ ഇരുണ്ട ഫ്യൂഡൽ കാലങ്ങളെ ഓർമ്മിപ്പിക്കും.

ആവർത്തിക്കുന്നു, ഹർജിക്കാരനില്ലാത്ത കേസും ആവശ്യങ്ങളുമുള്ളവർ ജഡ്ജിപ്പണി നിർത്തി സാധാരണ പൗരനായി വേറെ കേസു കൊടുക്കണം.

എന്നും ചുമ്മാ പൊട്ടിത്തെറിച്ചാൽ ചീനച്ചട്ടിയിലെ കടുക് പൊട്ടിത്തെറിക്കുന്നതു പോലെയാകും. കടുകിനെക്കാൾ കഷ്ടമാകും അവസ്ഥ എന്നു തന്നെ അടിവരയിട്ടു പറയുന്നു.''

കേരള ബാർ കൗൺസിൽ അംഗമായ അഡ്വ.മുഹമ്മദ് ഷായാണ് ഈ പോസ്റ്റ് കോടതിയിൽ സമർപ്പിച്ചത്. കോടതി തെറ്റായവഴിയിൽ പോവുകയാണെന്ന ആരോപണം ബോധ്യപ്പെടുത്താൻ എസ്.സുദീപിന് പറയാനുള്ളത് കേൾക്കാമെന്നാണ് കോടതി പറഞ്ഞത്

ഇതുകൂടാതെ ഫേസ്‌ബുക്ക് അക്കൗണ്ടിന്റെ കവർഫോട്ടോയും സുധീപ് മാറ്റി. ''സുകൃതം ഭാഗവത സപ്താഹ യജ്ഞം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർഎസ്എസ് പ്രാന്ത സംഘചാലക് സന്ദേശം നൽകി. സെൻകുമാർ മുഖ്യപ്രഭാഷണം നടത്തി.'' എന്നു പറയുന്ന 2019 ഡിസംബർ 14ലെ ഒരു പോസ്റ്റിന്റെയും ചിത്രത്തിന്റെയും സ്‌ക്രീൻഷോട്ടാണ് സുദീപിന്റെ ഫേസ്‌ബുക്ക് കവർഫോട്ടോ.

ഏതായാലും സുധീപിന് എതിരായ വിമർശനത്തെ അനുകൂലിച്ചും, എതിർത്തും സോഷ്യൽ മീഡിയയിൽ സജീവ ചർച്ച നടക്കുന്നു.

അഡ്വ .ശങ്കു ടി ദാസ് എഴുതിയ പോസ്റ്റ് ഇങ്ങനെ:

സോഷ്യൽ മീഡിയയിൽ ആളുകൾ തേഞ്ഞൊട്ടുന്നത് കണ്ടിട്ടുണ്ട്.പക്ഷെ ഒരു ഭരണഘടനാ കോടതി നാല് പേജ് വിധി ന്യായം എഴുതി ഒരാളെ ആധികാരികമായി തേയ്‌ച്ചൊട്ടിക്കുന്നത് ആദ്യമായി കാണുകയാണ്.

അപൂർവ്വങ്ങളിൽ അപൂർവ്വമായ ബഹുമതി ആണ് സുദീപ് സെർ കൈവെച്ചിരിക്കുന്നത്. വെറും ഊള ആണെന്ന് ആളുകൾ വെറുതെ അപവാദം പറയുകയല്ല,സാക്ഷാൽ നീതിപീഠം തന്നെ സാക്ഷ്യപ്പെടുത്തിയ മുതലാണ് ഇന്നലെ മുതൽ സെർ ?

അതേസമയം, സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ ന്യായീകരിച്ച് സുദീപ് തുടരൻ പോസ്റ്റുകൾ ഇടുന്നുണ്ട്

ഒരു പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ

പരമ്പരാഗത മാധ്യമങ്ങളിൽ ചോദ്യം ചെയ്യാനുള്ള അവസരങ്ങൾ അവർ തെരഞ്ഞെടുക്കുന്നവർക്കു മാത്രമാണ്. അച്ചടിയിൽ പിന്നീടു വരുന്ന, തെരഞ്ഞെടുക്കപ്പെടുന്ന കത്തുകളിലൂടെ മാത്രം. ദൃശ്യ മാധ്യമങ്ങളിൽ സ്റ്റുഡിയോയിൽ ക്ഷണിതാക്കളായെത്തുന്ന അല്പ വിഭവന്മാർക്കും.

അവിടെയൊന്നും സമൂഹമാധ്യമങ്ങളിലെ പ്രതികരണ വൈവിദ്ധ്യമില്ല, അഭിപ്രായ വൈദഗ്ദ്ധ്യവും. പരമ്പരാഗത മാധ്യമങ്ങൾ ചിന്തിച്ചു തുടങ്ങുമ്പോഴേയ്ക്ക് സമൂഹമാധ്യമങ്ങൾ അഭിപ്രായങ്ങളെ നിയതമായി രൂപപ്പെടുത്തുകയും ബഹുകാതം സഞ്ചരിച്ചു കഴിയുകയും ചെയ്യുമെന്നർത്ഥം.

ആ അഭിപ്രായപ്രകടനങ്ങളിൽ നിന്നു ജുഡീഷ്യറിക്കും യാതൊരിളവും കിട്ടാതെയും വരുന്നു. വിധികളിൽ പലതും യുക്തിപൂർവം തന്നെ സമൂഹമാധ്യമങ്ങൾ ചോദ്യം ചെയ്യുന്നു.
പരമ്പരാഗത മാധ്യമങ്ങളെയും എസ്റ്റാബ്ലിഷ്‌മെന്റിനെയും സമൂഹ മാധ്യമങ്ങൾ വിറകൊള്ളിക്കുന്നു.

ഒരു കൂട്ടരെ കൂടി സമൂഹമാധ്യമങ്ങൾ അസ്വസ്ഥരിക്കുന്നുണ്ട്. സാമാന്യയുക്തിയോ എഴുതാനും സംസാരിക്കാനുമുള്ള കഴിവോ ഇല്ലാതെ വെറും വർഗീയതയും അതിദേശീയതയും കൈയൂക്കും മാത്രം കൈമുതലായ ഒരു കൂട്ടരാണത്. അവർക്ക് സമൂഹമാധ്യമങ്ങളിലെ ഋജുവും ആധികാരികവുമായ അഭിപ്രായ-വിശകലനങ്ങളെ യുക്തിസഹമായി നേരിടാൻ കഴിയാതെ വരുന്നു. അവർ സമൂഹമാധ്യമങ്ങളിൽ അസഭ്യവർഷം നടത്തുന്നു.

ആ വിഷം പുറത്തേയ്‌ക്കൊഴുക്കി യുക്തിപൂർവം സംസാരിച്ചവരെ ഭൗതികമായി ഇല്ലായ്മ ചെയ്യുന്നതിലേയ്ക്കു നീളുന്നു. ബംഗ്ലാദേശിലെ ബ്ലോഗർമാരും ഇന്ത്യയിലെ ഗൗരി ലങ്കേഷ്-നരേന്ദ്ര ധാബോൽക്കർ- ഗോവിന്ദ് പൻസാരെ ത്രയങ്ങളും അപ്രകാരം ഇരകളായവരാണ്.
അങ്ങനെ ലോകത്തിന്റെ പല കോണിലായി എലികൾ തട്ടുമ്പുറത്തു സമ്മേളിക്കുന്നു. സോഷ്യൽ മീഡിയ എന്ന പൂച്ചയ്ക്കു മണി കെട്ടണമെന്ന ആവശ്യവുമായി.

അതിനവർ ചതുരുപായങ്ങൾ പ്രയോഗിക്കും. ഇന്റർനെറ്റ് നിരോധനം മുതൽ നിയന്ത്രണങ്ങൾ വരെ. കാരണം അധികാരത്തിന്റെ ആശാസ്യമല്ലാത്ത വഴികൾക്കു വഴങ്ങുന്ന ഒന്നല്ല, ഒരു വ്യക്തിയോ ഒരു നിയതമായ കൂട്ടായ്മയോ അല്ലാത്ത സോഷ്യൽ മീഡിയ. അതിനെ പാട്ടിലാക്കാൻ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും അസാദ്ധ്യം.

കേവലം ഒരു ദശകം മാത്രം പഴക്കമുള്ളതാണ് സജീവമായ സോഷ്യൽ മീഡിയ എന്ന സങ്കല്പം. ആ ഒരു ദശകത്തിന്റെ രണ്ടാം പാതിയിൽ മാത്രമാണ് പ്രാദേശിക ഭാഷാ കീ ബോർഡുകൾ വന്നത്. അതുവരെ പാശ്ചാത്യർക്കും വരേണ്യവർഗത്തിനും മാത്രം വശമായ ആംഗലേയമായിരുന്നു സോഷ്യൽ മീഡിയയുടെ ഭാഷ. ആ രണ്ടാം പാദത്തിലാണ് സോഷ്യൽ മീഡിയ പ്രാദേശികവൽക്കരിക്കപ്പെട്ടതും ജനകീയമായതും. ഒരർത്ഥത്തിൽ യുക്തിയും നിയമവും വിസ്താരവും എതിർ വിസ്താരവും വാദവും പ്രതിവാദവും ഒട്ടനേകം ആധികാരിക വിധികളുമടങ്ങുന്ന ഒരു ജനകീയ കോടതി.

ജനാധിപത്യത്തിലെ സ്വേച്ഛാധിപത്യങ്ങളെയും സർവാധിപത്യങ്ങളെയും വ്യതിയാനങ്ങളെയും രാഹിത്യങ്ങളെയും ചോദ്യം ചെയ്യുന്ന ഫിഫ്ത്ത് എസ്റ്റേറ്റ്.ഈ വെറും പത്തു വയസുകാരൻ നിങ്ങളാണ്. നിങ്ങൾ ഓരോരുത്തരുമാണ്.

നിങ്ങൾ പറയുന്ന ഓരോ ചെറിയ വാക്കും ചെറുതോ വലുതോ ആയ പോസ്റ്റും ഒറ്റവരിയോ ഒരു പുറമോ ഉള്ള കമന്റും ഓരോ ട്രോളും ഒക്കെ ചേർന്നതാണ് ഈ കരുത്തുറ്റ ഫിഫ്ത്ത് എസ്റ്റേറ്റ്. എന്റെ കൊച്ചു വാക്കിനെന്തു പ്രസക്തി എന്നു ചിന്തിച്ചാൽ തെറ്റ്. എണ്ണമറ്റ തുള്ളികളാണ് അറേബ്യൻ സമുദ്രം. നിങ്ങളുടെ ഓരോ കുഞ്ഞു ചിന്തയും പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളുടെ കരുത്ത്.

അതുകൊണ്ട് നിശബ്ദരാവരുത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാണു നിങ്ങൾ.നിങ്ങളെ നിശബ്ദരാക്കാൻ ലോകമെമ്പാടും അധികാരിവർഗം തക്കം പാർത്തിരിക്കുന്നുണ്ട്. തോൽക്കരുത്. തോറ്റാൽ അവസാനത്തെ പ്രതീക്ഷയാണ് കെട്ടു പോവുന്നത്.എങ്ങുമെങ്ങും നിറയും വെളിച്ചമാണ് നിങ്ങളുടെ വാക്ക്. ഒരു കൊച്ചു മൊബൈലിൽ കുടിയിരിക്കും വെളിച്ചമായ വാക്ക്.ഉറക്കെ ശബ്ദിക്കുക. വീണ്ടുവിചാരങ്ങളോടെ, വിവേകപൂർവം, സയുക്തം ചിന്തിക്കുക.
കേവലം പത്തു വയസുകാരനായ സോഷ്യൽ മീഡിയ എന്ന കുട്ടീ, അധികാരത്തിന്റെ ഭയ-ലോഭ-മോഹ-കൗടില്യങ്ങൾക്കു കീഴടക്കാനാകാത്ത നിനക്കതു വിളിച്ചു പറയാൻ കഴിയും...
രാജാവ് നഗ്‌നനാണെന്ന്...

നിനക്കു മാത്രമേ അതിനു കഴിയൂ...നൂറു വയസു പ്രായമുള്ള അചേതനമായ എസ്റ്റാബ്ലിഷ്‌മെന്റിനെക്കാൾ ഞങ്ങൾക്കു പ്രിയം അല്പായുസിലും ധീരനും ഗുണവാനുമായ നീയെന്ന മാർക്കണ്ഡേയനെ...തോൽക്കരുത്...നിന്റെ തോൽവി ഞങ്ങളുടെ മരണമാണെന്നറിയുക...