- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എലിസബത്ത് രാജ്ഞിയും ചാൾസും അടക്കമുള്ളവർ ഉള്ളിൽ ഉണ്ടാകവെ വിൻഡ്സർകാസിലിൽ നുഴഞ്ഞുകയറി യുവാവ്; അമ്പും വില്ലുമേന്തിയ യുവാവിനെ ഗ്രൗണ്ടിൽ വെച്ചുതന്നെ കീഴടക്കി ബ്രിട്ടീഷ് പൊലീസ്; തീവ്രവാദ ബന്ധമില്ലെന്ന് അന്വേഷകർ
ലണ്ടൻ: എലിസബത്ത് രാജ്ഞി കുടുംബാംഗങ്ങളുമൊത്ത് ക്രിസ്ത്മസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നതിനിടയിൽ, വിൻഡ്സർ കാസിലിലേക്ക് നുഴഞ്ഞുകയറിയ ആയുധധാരിയായ യുവാവിനെ കൊട്ടാര മുറ്റത്ത് വെച്ചുതന്നെ പൊലീസ് കീഴടക്കി.അമ്പും വില്ലും ഏന്തി എത്തിയ യുവാവ് ഒരു കയർ ഏണി ഉപയോഗിച്ചാണ് കൊട്ടാരത്തിനു ചുറ്റുമുള്ള സംരക്ഷണ വേലി കയറിയതെന്നും ചില വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഏതുതരം ആയുധമാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
പുറത്തെ മതിൽ ചാടിക്കടന്ന് കൊട്ടാരത്തിനകത്തെ പൂന്തോട്ടത്തിൽ കറങ്ങിനടക്കുന്ന യുവാവിനെ രാവിലെ 8.30 നാണ് സി സി ടി വി ദൃശ്യങ്ങളിൽ കണ്ടത്. മിനിറ്റുകൾക്കകം തന്നെ ആയുധധാരികളായ പൊലീസുകാർ യുവാവിനടുത്തെത്തുകയായിരുന്നു. രാജ്ഞിയുടെ സ്വകാര്യ അപ്പാർട്ട്മെന്റിനടുത്തു വരെ ഇയാൾ എത്തിയോ എന്നകാര്യവും അറിവായിട്ടില്ല. എന്നാൽ, അയാൾ കോട്ടയ്ക്കകത്തെ ഒരു കെട്ടിടത്തിലും കയറിയിട്ടില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പൊലീസ് ഇതിൽ യാതോരുവിധത്തിലുള്ള തീവ്രവാദ ബന്ധമില്ലെന്നും വ്യക്തമാക്കി.
സംരക്ഷിത സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ സൗത്താംപടണിൽ നിന്നുള്ള 19 കാരനെ അറസ്റ്റ് ചെയ്തു എന്നുമാത്രമാണ് പൊലീസ് പറയുന്നത്. ഇയാളുടെ കൈവശം ആയുധമുണ്ടായിരുന്നതായും പൊലീസ് വെളിപ്പെടുത്തി. ചൂണ്ടുവില്ല് എന്ന വിഭാഗത്തിൽ പെടുന്ന ഈ ആയുധം മരണകാരിയാണെങ്കിലും ഇത് നിയമവിരുദ്ധമായ ഒരു ആയുധമല്ല. ഇത് കൈവശം വയ്ക്കുന്നതിന് പ്രത്യേക ലൈസൻസ് ഒന്നും തന്നെ ആവശ്യമില്ല. മാത്രമല്ല, ഓൺലൈൻ വഴി എളുപ്പത്തിൽ വാങ്ങാനും കഴിയും.
ഈ സംഭവം ഉണ്ടായതിന് ഏതാനും നിമിഷങ്ങൾക്കകം ചാൾസ് രാജകുമാരനും കാമിലയും രാജ്ഞിയുടെ സമീപമെത്തി.തൊട്ടുപുറകെ എഡ്വേർഡ് രാജകുമാരനും സോഫിയും അവരുടേ മക്കൾക്കൊപ്പം അവിടെ എത്തി. പിന്നീട് കുടുംബാംഗങ്ങൾ ഒന്നിച്ച് കോട്ടയ്ക്കകത്തെ സെയിന്റ് ജോർജ്ജ് ചാപ്പലിലേക്ക് കുർബാനയ്ക്കായി യാത്രയായി. രാജ്ഞി പക്ഷെ കുർബാനയിൽ പങ്കെടുത്തില്ല. അതിനുശേഷം രാജകുടുംബാംഗങ്ങൾ ഒന്നിച്ചു ചേർന്ന് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
അതിക്രമിച്ചു കയറിയ വ്യക്തിയെ പൊലീസ് പിടികൂടിയതിൽ ആശ്വാസം രേഖപ്പെടുത്തുമ്പോഴും, പിടികൂടാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്ന ആശങ്ക ഇപ്പോഴും വിട്ടുമാറിയിട്ടില്ല എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറഞ്ഞത്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായ സി സി ടി വി നിരീക്ഷക സംഘത്തിന് കൊട്ടാരവളപ്പിൽ ഇതുപോലൊരു അപരിചിതനെ കണ്ടത് വിശ്വസിക്കാനായില്ല എന്നാണ് ഒരു കൊട്ടാരം വക്താവ് പറഞ്ഞത്. അതും, ആയുധധാരിയായ ഒരാൾ അത്രയേറെ സുരക്ഷയുള്ള ഒരിടത്ത് പ്രവേശിക്കുക എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. ഏതായാലും, അവർ ഉടൻ പൊലീസിന് വിവരം കൈമാറി.
ഏതായാലും, കൊട്ടാരവളപ്പിലെ ഏതെങ്കിലും കെട്ടിടത്തിൽ കയറുന്നതിനു മുൻപ് തന്നെ ഇയാളെ പിടികൂടിയതായി തെംസ് വാലി പൊലീസ് ആൻഡ് ക്രൈം കമ്മീഷണർ മാത്യൂ ബാർബർ പറഞ്ഞു. അക്രമിയെ മെയ്ഡൻഹെഡ് പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ വിൻഡ്സർ കാസിലിൽ നടക്കുന്ന മൂന്നാമത്തെ സുരക്ഷാ വീഴ്‌ച്ചയാണിതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.