തെക്കൻ സുഡാനിൽ അതിവേഗം പടർന്ന് പിടിക്കുന്ന അജ്ഞാത രോഗം പുതിയ ആശങ്ക ഉയർത്തുകയാണ്. തെക്കൻ സുഡാനിലെ വടക്കൻ മേഖലയിലുള്ള ജോംഗ്ലേയി സംസ്ഥാനത്തെ ഫാംഗക്കിൽ 97 ആളുകളാണ് ഇതുവരെ ഈ അജ്ഞാത രോഗത്തിന് ഇരയായി മരണമടഞ്ഞത്. പ്രായമായ ഒരു സ്ത്രീയുടെ മരണമായിരുന്നു ഈ അജ്ഞാത രോഗത്തെ കുറിച്ച് ആദ്യം വെളിപ്പെടുത്തിയതെന്ന് ഫാംഗാക്ക് കൗണ്ടി കമ്മീഷണർ പറഞ്ഞു. പ്രായമായവരേയും അതുപോലെ 14 വയസ്സിനു താഴെയുള്ള കുട്ടികളേയുമാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്ന് തെക്കൻ സുഡാൻ ആരോഗ്യകാര്യ മന്ത്രാലയം അറിയിച്ചു.

ചുമ, അതിസാരം, പനി, തലവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ശരീരക്ഷീണം, നെഞ്ചുവേദന എന്നിവയാണ് ഈ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങളെന്നും ആരോഗ്യകാര്യ മന്ത്രാലയം വെളിപ്പെടുത്തുന്നു. ഈ രോഗത്തെ കുറിച്ച് അറിഞ്ഞയുടൻ ഇതിനെ കുറിച്ച് കൂടുതലായി പഠിക്കുവാൻ ലോകാരോഗ്യ സംഘടന അവരുടേ പ്രതിനിധികളെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, വിശദമായ പഠനം നടത്തിയശേഷം തങ്ങളുടെ കണ്ടെത്തലുകൾ തദ്ദേശ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്താതെ അവർ തിരിച്ചുപോവുകയായിരുന്നു.

ഇപ്പോൾ രോഗം പരക്കുന്ന ഫാംഗാക്ക് അടുത്തകാലത്ത് അതിഭയാനകമായ വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചിരുന്നു. തുടര്ന്നുണ്ടായ മലേറിയ, കോളറ തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനം ഈ മേഖലയിലെ ആരോഗ സംരക്ഷണ വിഭാഗത്തെ കനത്ത സമ്മർദ്ദത്തിലാഴ്‌ത്തിയിരുന്നു. തെക്കൻ സുഡാനിലെ വെള്ളപ്പൊക്കം പകർച്ചവ്യാധികളുടെ അതിവേഗ വ്യാപനത്തിന് വഴിതെളിക്കുമെന്ന് നവംബറിൽ തന്നെ ഫ്രഞ്ച് മനുഷ്യാവകാശ സംഘടനയായ മെഡിസിൻസ് സാൻസ് ഫ്രണ്ടിയേഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ 60 വർഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ ഏകദേശം 2 ലക്ഷത്തോളം പേർക്ക് വീടുകൾ വിട്ട് മറ്റിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതായി വന്നു.

കാലവസ്ഥാ വ്യതിയാനമാണ് ഇത്തരത്തിൽ വലിയൊരു വെള്ളപ്പൊക്കത്തിനു കാരണമായതെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞിരുന്നു. ഇതിനോടനുബന്ധിച്ച് പകർച്ചവ്യാധികൾ പകരുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാൽ, ഈ അജ്ഞാത രോഗം കോളറയുടെ വകഭേദമായിരിക്കും എന്നായിരുന്നു ലോകാരോഗ്യ സംഘടന ആദ്യം അനുമാനിച്ചത്. മലിന ജലത്തിലൂടെ ഇത് പടർന്നതാകാമെന്നും കരുതിയിരുന്നു. കോളറ വന്നാലും അതിസാരം ഉണ്ടാകം. തീവ്രമായ അതിസാരം ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതിന് ഇടയാക്കും. ഇത് വൃക്കകളെയും ബാധിച്ചേക്കാം. ചികിത്സിക്കാതെ വിട്ടാൽ മണിക്കൂറുകൾക്ക് അകം തന്നെ മരണവും സംഭവിക്കാം.

എന്നാൽ, ലോകാരോഗ്യ സംഘടന പരിശോധനക്കായി അജ്ഞാത രോഗബാധിതരിൽ നിന്നുമെടുത്ത സാമ്പിളുകൾ കോളറ പരിശോധനയിൽ നെഗറ്റീവ് ആയതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. അതായത്, രോഗത്തെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ അവരുടെ കണ്ടെത്തലുകൾ വെളിപ്പെടുത്താത്തത് ഇക്കാര്യത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കോവിഡിന്റെ മറ്റൊരു വകഭേദമാണൊ ഇതെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.