- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റുഡന്റ് വിസയ്ക്ക് വിസാ ഫീസ് ഒഴിവാക്കും; പഠനശേഷം യു കെയിൽ ജോലി ചെയ്യാം; മിടുക്കരായ ഇന്ത്യാക്കാർക്കായി മൂന്ന് വർഷത്തെ വർക്ക് വിസ; ഇന്ത്യാക്കാർക്ക് സർവത്ര ഇളവുകൾ പ്രഖ്യാപിച്ച് പുതിയ കുടിയേറ്റ നിയമം ഉണ്ടാക്കാൻ ബ്രിട്ടൻ; ചൈനയ്ക്ക് പാര പണിത് ഇന്ത്യ മുന്നേറുമ്പോൾ
ചൈനയെ നേരിടാൻ ഇന്ത്യയുടെ സഹായം അത്യാവശ്യമാണെന്ന തിരിച്ചറിവിൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ. ഇതിന്റെ ഭാഗമായി ഇന്ത്യാക്കാർക്ക് ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിയമത്തിൽ നിരവധി ഇളവുകളായിരിക്കും 2022 -ൽ ഉണ്ടാവുക. രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ഈ മാസം യാഥാർത്ഥ്യമാകൻ ഇരിക്കെയാണ് ഇങ്ങനെയൊരുനടപടിയുമായി ബ്രിട്ടൻ മുന്നോട്ട് വരുന്നത്. മേഖലയിലെ ചൈനയുടെ സ്വാധീനം കുറയ്ക്കുവാൻ കൂടിയുള്ള ഈ നടപടികൾ ബ്രിട്ടീഷ് ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറി അന്നെ -മാരി ട്രെവെല്യാൻ ഇന്ത്യൻ പ്രതിനിധികൾക്ക് മുൻപിൽ സമർപ്പിക്കും എന്നാണ് കരുതപ്പെടുന്നത്.
ഏതൊരു വ്യാപാര കരാർ ചർച്ചയിലും കൂടുതൽ ഉദാരമായ വിസ ചട്ടങ്ങൾ വയ്ക്കുന്നത് ബ്രിട്ടന് മേൽക്കൈ നേടാൻ സഹായിക്കുമെന്ന കാര്യത്തിൽ ബ്രിട്ടൺ മന്ത്രിസഭ അനുകൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നു. വിദേശ സെക്രട്ടറി ലിസ് ട്രസ്സിന്റെ പിന്തുണയും ഇക്കാര്യത്തിൽ ട്രെവെല്യന് ഉണ്ടെങ്കിലും, ഇന്ത്യൻ വംശജകൂടിയായ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ഇത്തരത്തിലുള്ള ഒരു നീക്കത്തിന് എതിരാണ് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഈ പുതിയ നയപരിപാടിയുടെ ഭാഗമയി നിലവിൽ ആസ്ട്രേലിയൻ പൗരന്മാർക്ക് നൽകുന്നതിനോട് സമാനമായ രെതിയിലുള്ള വിസ ചട്ടങ്ങളായിരിക്കും ഇന്ത്യാക്കാർക്കും ബാധകമാവുക. ഇതനുസരിച്ച് ചെറുപ്പക്കാരായ ഇന്ത്യാക്കാർക്ക് ബ്രിട്ടനിൽ മൂന്ന് വർഷത്തേക്ക് താമസിക്കുവാനും ജോലിചെയ്യുവാനുമുള്ള വിസ ലഭിക്കും. ഇതിനു പുറമെ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ ഫീസ് എടുത്തുകളയുവാനും പഠനശേഷം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ താത്ക്കാലികമായി താമസിക്കുവാനുള്ള അനുമതി നൽകാനും ഉദ്ദേശിക്കുന്നുണ്ട്, അതോടൊപ്പം നിലവിൽ 1,400 പൗണ്ട് ഫീസ് ഈടാക്കുന്ന വർക്ക് വിസ, ടൂറിസം വിസ എന്നിവയുടെ നിരക്ക് കുറയ്ക്കുവാനും സാദ്ധ്യതയുണ്ടെന്നറിയുന്നു.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കും. ഇതിന്റെ മുന്നോടിയായി 1 ബില്ല്യൺ പൗണ്ടിന്റെ ഒരു വ്യാപാര നിക്ഷേപ പദ്ധതി കഴിഞ്ഞവർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിരുന്നു. ഇതുവഴി 446 മില്യൺ പൗണ്ടിന്റെ അധിക കയറ്റുമതി ഇടപാടുകൾ ബ്രിട്ടൻ നേടിയെടുത്തു എന്നും 400 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നു. മാത്രമല്ല, ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിൽ വലിയൊരു കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന 2030 റോഡ് മാപ്പിന്റെ കാര്യത്തിൽ ഇരു രാജ്യത്തേയും പ്രധാനമന്ത്രിമാർ തമ്മിൽ നടത്തിയ ഒരു വെർച്വൽ യോഗത്തിൽ ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യങ്ങളിലൊന്നായ ഇന്ത്യ ഇപ്പോൾ അധിവേഗം വളർന്ന് വരുന്ന ഒരു വിപണികൂടിയാണ്. യൂറോപ്യൻ യൂണിയനുമായോ, അമേരിക്കയുമായോ ഉഭയകക്ഷി വ്യാപാര കരാറുകൾ ഇല്ലാതെ തന്നെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉദ്പാദന ഏകദേശം 2 ട്രില്യൺ പൗണ്ടിന്റെ അടുത്തു വരും. അതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ഒരു സ്വതന്ത്ര വ്യാപാരകരാർ, ബ്രെക്സിറ്റാനന്തര കാലത്ത് ബ്രിട്ടന്റെ സാമ്പത്തിക വളർച്ചക്ക് കാര്യമായ സംഭാവനകൾ നൽകുമെന്നാണ് ബോറിസ് ജോൺസൺ പ്രതീക്ഷിക്കുന്നത്. 2050 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്ഷിയായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബ്രിട്ടന്റെ സമ്പദ്ഘടനയ്ക്ക് ഇന്ത്യയുമായുള്ള വ്യാപാര കരാർ വലിയൊരു ഉത്തേജനം നൽകുമെന്ന കാര്യത്തിൽ മന്ത്രിമാരൊക്കെ ഏകാഭിപ്രായക്കാരാണ്.
വലിയൊരു പരിധിവരെ സംരക്ഷിത സമ്പദ്വ്യവസ്ഥയായ ഇന്ത്യയിൽ ഇറക്കുമതികൾക്ക് മുകളിൽ നികുതി ചുമത്തുന്നുണ്ട്. ബ്രിട്ടീഷ് ഉദ്പന്നങ്ങൾക്ക് അത് ഒഴിവാക്കുവാനോ അല്ലെങ്കിൽ അതിൽ ചില ഇളവുകൾ നൽകുവാനോ ഉള്ള ആലോചനയും പുരോഗമിക്കുന്നുണ്ട് എന്നറിയുന്നു. 150 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തുന്ന വിസ്‌കി ഉൾപ്പടെയുള്ള ഉദ്പന്നങ്ങൾക്ക് ഇത് സഹായകരമാകും. എന്നാൽ, ഇന്ത്യയിൽ അതിവേഗം വളര്ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യാ മേഖലയിലാണ് ബ്രിട്ടന്റെ വാണിജ്യ ലോകം പ്രധാനമായും നോട്ടമിടുന്നത്.
കൺസർവേറ്റീവ് പാർട്ടിയുടെ അണികൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള ഫോറിൻ സെക്രട്ടറി ലിസ് ട്രസ്സായിരിക്കും ഇത്തരത്തിലുള്ള ഒരു കരാറിനുള്ള ചർച്ചകൾക്ക് മുൻകൈ എടുക്കുക എന്നറിയുന്നു. ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടന്റെ പല വ്യാപാര കരാറുകൾക്കും പുറകിൽ പ്രവർത്തിച്ചതും ഇവരായിരുന്നു. ഇന്റർനാഷണൾ ട്രേഡ് സെക്രട്ടറിയായിരുന്നപ്പോൾ ലിസ് ട്രസ്സാണ് ജപ്പാനുമായും ആസ്ട്രേലിയയുമായുള്ള കരാറുകൾക്ക് വഴിതെളിച്ചത്. ഇത് ഇവർക്ക് ഏറെ അഭിനന്ദ്നങ്ങൾ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. 2016-ൽ ബ്രെക്സിറ്റിന് എതിരായിട്ടായിരുന്നു ലിസ് ട്രസ്സ് നിലപാട് എടുത്തിരുന്നതെങ്കിലും ഇപ്പോൾ ഒരു അവസരം കിട്ടിയാൽ താൻ ബ്രെക്സിറ്റിന് അനുകൂലമായി മാത്രമേ വോട്ടു ചെയ്യുക എന്നും അടുത്തയിടെ അവർ പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ