ന്ത്യാക്കാർക്ക് ബ്രിട്ടനിലെത്തി ജോലി ചെയ്യുവാനും 3 വർഷം വരെ താമസിക്കുവാനും സാധ്യമാക്കുന്ന തരത്തിലുള്ള വിസ ചട്ടങ്ങളിൽ ഇളവുകൾ വരുത്താനുള്ള ചർച്ചകൾ നടക്കുമ്പോഴും മറ്റു പല രാജ്യങ്ങൾക്കുമെതിരെ കടുത്ത നിലപാട് എടുക്കുകയാണ് ബ്രിട്ടൻ. ബ്രിട്ടനിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട തങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനാണ് നീക്കം. അതുപോലെ അഭയാർത്ഥികളായി എത്തുന്ന പൗരന്മാരെ തിരിച്ചെടുക്കാൻ വിസമ്മതിച്ചാലും ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടും. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ അപേക്ഷകൾ പരിഗണിക്കുന്നത് സാവധാനത്തിലാക്കുവാൻ ഹോം സെക്രട്ടറി പ്രീതി പട്ടേൽ നിർദ്ദേശം നൽകി.

ബ്രിട്ടന്റെ ആതിഥേയ മര്യാദ ദുരുപയോഗം ചെയ്ത് എത്തുന്നവരേയും കുറ്റവാളികളായ പൗരന്മാരെയും തിരിച്ചെടുക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ നൽകാതിരിക്കാനാണ് നീക്കം എന്നറിയുന്നു. ഗാംബിയ ആയിരിക്കും ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ആദ്യ രാജ്യമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. ഗാംബിയൻ സ്വദേശികളായ കുറ്റവാളികളെ തിരിച്ചെടുക്കണമെന്ന ബ്രിട്ടീഷ് നിർദ്ദേശം തള്ളിയ ഗാംബിയ നാലുപേരെ മാത്രമേ തിരിച്ചെടുത്തിരുന്നുള്ളു.

സിയാറ ലിയോണീ, എറിത്രിയ, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് വിസ വിലക്കേർപ്പെടുത്താൻ പരിഗണിക്കുന്ന മറ്റു രാജ്യങ്ങൾ. അഭയാർത്ഥികളായി എത്തിയ പൗരന്മാരെ തിരിച്ചെടുക്കുന്നതിൽ വരുത്തുന്ന കാലതാമസമ മൂലമാണ് ഇവർ ഈ പട്ടികയിലേക്ക് പരിഗണിക്കപ്പെടുന്നത്. ഏതൊരു വിദേശ രാജ്യത്ത് കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന ബ്രിട്ടീഷ് പൗരനേയും അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞാൽ ബ്രിട്ടനിലേക്ക് എത്തിക്കാറുണ്ട്. അതുകൊണ്ടു തന്നെ മറ്റു രാജ്യങ്ങളും ബ്രിട്ടനോട് സമാനമായ രീതിയിൽ പെരുമാറണം എന്നും പ്രീതി പട്ടേൽ പറഞ്ഞു.

എന്നാൽ, ബ്രിട്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ശിക്ഷാകാലാവധി കഴിഞ്ഞ് ജയിലിൽ നിന്നും പുറത്തെത്തുകയും എന്നാൽ, സ്വന്തം രാജ്യം സ്വീകരിക്കാൻ മടിക്കുന്നതിനാൽ ബ്രിട്ടനിൽ തന്നെ കഴിയുകയും ചെയ്യുന്ന കുറ്റവാളികളുടെ എണ്ണം ഈ വർഷം ഏകദേശം 11,000 ആയി എന്നാണ് ചില കണക്കുകൾ പറയുന്നത്. പുതിയ നാഷണാലിറ്റി ആൻഡ് ബോർഡേഴ്സ് ബിൽ പ്രകാരം, ഇപ്രകാരം ശിക്ഷ കഴിഞ്ഞിറങ്ങിയ പൗരന്മാരെ തിരിച്ചെടുക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ ബ്രിട്ടീഷ് വിസ ലഭിക്കുകയില്ല.

ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ ഇളവു വരുത്താനുള്ള ആലോചനകൾക്കിടയിലാണ് ഇപ്പോൾ മറ്റു രാജ്യക്കാർക്ക് കർശനമായ നിയമങ്ങൾ കൊണ്ടുവരുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞാലും ഒരു നിശ്ചിത കാലയളവിൽ ബ്രിട്ടനിൽ തുടരാനും ജോലി ചെയ്യുവാനുമുള്ള അനുവാദം നൽകുക, വർക്ക് ആൻഡ് ടൂറിസം വിസയ്ക്കുള്ള വിസ ചാർജ്ജ് ഗണ്യമായി കുറയ്ക്കുക തുടങ്ങിയ നടപടികൾ ഒക്കെ പരിഗണനയിലാണ്. അടുത്തമാസം ഡെൽഹിയിൽ നടക്കാനിരിക്കുന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും ഇതിലൊരു അന്തിമ തീരുമാനമുണ്ടകുക. ഇത് പ്രാബല്യത്തിൽ വന്നാൽ, ബ്രിട്ടനിൽ ആസ്ട്രേലിയൻ പൗരന്മാർക്ക് ലഭിക്കുന്ന അതേ പരിഗണനയായിരിക്കും ഇന്ത്യാക്കാർക്കും ലഭിക്കുക.