- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പരിശോധനക്കിടെ നിർത്താതെ പോയപ്പോൾ ലാത്തിക്ക് എറിഞ്ഞുവീഴ്‌ത്തി; പൊലീസിന്റെ ക്രൂര മർദനം; മുഖ്യമന്ത്രിക്ക് പരാതി നൽകി യുവാവ്
അമ്പലപ്പുഴ: പൊലീസിന്റെ ക്രൂര മർദനത്തിനരയായെന്ന് മുഖ്യമന്ത്രിക്ക് യുവാവിന്റെ പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം മാടവനത്തോപ്പ് പ്രകാശ് ബാബുവിന്റെ മകൻ അമൽബാബുവാണ് പുന്നപ്ര പൊലീസിനെതിരെ പരാതി നൽകിയത്. ലാത്തിയുടെ അടിയേറ്റ അമൽബാബു ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ 31 നാണ് സംഭവം നടന്നത്. രാത്രി 9.30 ഓടെ സഹോദരിയുമൊത്ത് പുന്നപ്രയിലേക്ക് വണ്ടാനം പടിഞ്ഞാറുള്ള റോഡിലൂടെ ബൈക്കിൽ പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പൊലീസ് കൈകാണിച്ചു. എന്നാൽ നിർത്താതെ പോയി. സഹോദരിയെ ഭർതൃവീട്ടിൽ വിട്ട് മടങ്ങിവരുമ്പോഴും പൊലീസ് കൈകാണിച്ചു.
നിർത്താതെ പോയപ്പോൾപൊലീസ് ലാത്തി എറിഞ്ഞുവീഴ്‌ത്തി പിടികൂടിയിരുന്നെന്ന് അമൽബാബു പറഞ്ഞു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച അമൽബാബുവിനെ ലാത്തികൊണ്ട് അടിച്ചു. ബൈക്കിൽനിന്നുള്ള വീഴ്ചയിൽ കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നൽകാൻ പൊലീസ് തയ്യാറായില്ലെന്നും അമൽബാബു പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ കേസെടുത്തതിന് ശേഷം അമൽബാബുവിനെ വിട്ടയച്ചു. കഴിഞ്ഞ ദിവസം രാവിലെയോടെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി കൂടിയായ അമൽബാബുവിന് ജോലിക്ക് പോകാനും കഴിയാതെയായി. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
തന്നെ ക്രൂരമായി മർദിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി ജി പി, പൊലീസ് കംപ്ലെയിന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയതായി അമൽ ബാബു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ