കോഴിക്കോട്: 2019ലെ പ്രളയത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും അപകടമുണ്ടായ കവളപ്പാറയിലെ അപകട ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആറ് കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ചു.

കുടുംബം ഒന്നിന് ആറ് ലക്ഷം രൂപ വീതമാണ് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി നൽകുക. കവളപ്പാറയ്ക്ക് സമീപമുള്ള വഴിക്കടവ് വില്ലേജിൽ വെള്ളക്കട്ടെ എന്ന പ്രദേശത്തെ അപകട ഭീഷണിയുള്ള ആറ് കുടുംബങ്ങളെയാണ് മാറ്റി പാർപ്പിക്കുക. അപകട ഭീഷണിയുള്ള സ്ഥലത്തു നിന്ന് ഈ കുടുംബങ്ങളെ മാറ്റി പാർപ്പിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നേരത്തെ പ്രളയത്തിലും, ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവർ പുഴ ഗതിമാറി ഒഴികയതിനെ തുടർന്ന വാസയോഗ്യമല്ലാതായവർ, ജിയോളജി ടീം മാറ്റി പാർപ്പിക്കുന്നതിന് ശുപാർശ ചെയ്തവർ ഉൾപ്പെടെയുള്ള 462 കുടുംബങ്ങൾക്ക് വാസയോഗ്യമായ ഭൂമി വാങ്ങി വീട് വയ്ക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായം അനുവദിച്ച് വിതരണം ചെയ്തിരുന്നു.