തിരുവനന്തപുരം: കോൺഗ്രസ് ബിജെപിക്ക് ബദൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.ബിജെപി മാറണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. ബിജെപി മാറി ജനദ്രോഹ നയം തുടരുന്ന മറ്റൊരു കൂട്ടർ വന്നാൽ പോരെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ജനപിന്തുണയേറി. തുടർഭരണം ലഭിച്ചത് കൂടുതൽ ഉത്തരവാദിത്തം ഉള്ളവരാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞിരുന്നു. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപി- ആർഎസ്എസ് സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് തങ്ങൾ എന്നും ബിനോയ് വിശ്വം പറഞ്ഞു.

കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലായിടത്തും ആ സ്ഥാനത്തേക്ക് ഇടതുപക്ഷത്തിനു വരാനാകില്ലെന്നതാണ് പാർട്ടി നിലപാടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഇന്ത്യയൊട്ടാകെ ബിജെപിയെ എതിർക്കാൻ ഇടതുപക്ഷമുണ്ട്.
എന്നാൽ കോൺഗ്രസ് ദുർബലമാകുമ്പോൾ എല്ലായിടത്തും ബദലായി ഇടതുപക്ഷംതന്നെ അവിടെ വരണമെന്നില്ലെന്നും കാനം പറഞ്ഞു.