തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി ആറ് കോടി രൂപയുടെ വിദേശ മദ്യക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് അടക്കം നാല് പ്രതികളെ ഹാജരാക്കാൻ തിരുവനന്തപുരം സി ബിഐ കോടതിയുടെ ഉത്തരവ്. കസ്റ്റംസ് സൂപ്രണ്ടായ കുടപ്പനക്കുന്ന് ജയപ്രകാശ് ലെയിനിൽ ലുക്ക്. കെ. ജോർജ്, ഡ്യൂട്ടി ഫ്രീ കമ്പനിയായ പ്ലസ് മാക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമയും സിഇഒയുമായ ആർ. സുദേര വാസൻ , ജീവനക്കാരായ പി. മദൻ, കിരൺ ഡേവിഡ് എന്നീ നാല് പേർ ഹാജരാകാനാണ് കോടതി ഉത്തരവ്. ഫെബ്രുവരി എട്ടിന് പ്രതികളെ ഹാജരാക്കാൻ കൊച്ചി സിബിഐ യൂണിറ്റ് എസ് പി യോടാണ് സിബിഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടത്.

2018 - 19 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകനായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മറ്റു പ്രതികളുമായി ക്രിമിനൽ ഗൂഢാലോചന നടത്തുകയും 15 ൽ പരം എയർലൈൻ കമ്പനികളിൽ നിന്ന് വൈമാനികരുടെ യാത്രാ രേഖകൾ പ്ലസ് മാക്‌സ് കമ്പനിക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയിരുന്നു.



ട്രാവൽ ഏജൻസികൾ വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്ത കൈക്കുഞ്ഞുങ്ങളടക്കമുള്ള യാത്രക്കാരുടെ പാസ്‌പോർട്ട് ദുരുപയോഗം ചെയ്ത് ചതിക്കലിനായി വ്യാജപ്പേരിൽ വ്യാജരേഖകൾ ചമച്ച് അസ്സൽ രേഖകൾ പോലെ ഉപയോഗിച്ച് മുന്തിയ ഇനം വിദേശമദ്യം പുറത്തേക്ക് കടത്തി ഖജനാവിന് ആറ് കോടി രൂപയുടെ നികുതി നഷ്ടം വരുത്തിയെന്നാണ് കേസ്. ഇതിനായി തുല്യ തുകക്കുള്ള അനർഹമായ സാമ്പത്തിക നേട്ടം പ്രതികൾ ഉണ്ടാക്കിയെടുത്തുവെന്നും സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസറാണ് സംഭവം ആദ്യം കണ്ടെത്തിയത്. കൃത്യത്തിൽ പൊതുസേവകനായ ലുക്കിന്റെ പങ്കും പങ്കാളിത്തവും കണ്ടെത്തിയതിനാൽ സി ബി ഐ കേസേറ്റെടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം അഴിമതി നിരോധന നിയമപ്രകാരം സിബിഐ കേസ് രജിസ്റ്റർ ചെയ്തതോടെ 2 വർഷം ലുക്ക് ഒളിവിൽ പോയി. അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് കസ്റ്റംസ് കമ്മീഷണർ ലുക്കിനെ സസ്‌പെന്റ് ചെയ്തു.

ഒടുവിൽ 2020 നവംബർ 18 നാണ് ചോദ്യം ചെയ്യലിന് സിബിഐ കൊച്ചി യൂണിറ്റിൽ ഹാജരായത്.തുടർന്നാണ് സിബിഐ ലൂക്കിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്ലസ് മാക്‌സ് കമ്പനി ഉടമയടക്കമുള്ള മറ്റു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായെങ്കിലും കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി പിന്നീട് സർവ്വീസിൽ തിരിച്ചെടുത്ത ലുക്ക് ആഡിറ്റ് വിഭാഗത്തിലും ജി. എസ്. റ്റി വകുപ്പിലും സേവനമനുഷ്ടിടിച്ചു വരികയാണ്. 2021 ഡിസംബറിലാണ് ജി എസ് റ്റി വകുപ്പിലെത്തിയത്.

അഴിമതി നിരോധന നിയമത്തിലെ 13 (1) (ഡി) , 13 (2) (പൊതു സേവകൻ തന്റെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് തനിക്കോ മൂന്നാം കക്ഷികൾക്കോ അനർഹമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ച് നൽകൽ) , ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി ( ക്രിമിനൽ ഗൂഢാലോചന) , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ) , 468 (ചതിക്കലിനായുള്ള വ്യാജ നിർമ്മാണം) , 471 (വ്യാജ നിർമ്മിത രേഖകൾ അസ്സൽ പോലെ ഉപയോഗിക്കൽ) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത കോടതി പ്രതികളെ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു.