സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചുവോ ? ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് അതിവ്യാപനശെഷിയുള്ള ഓമിക്രോണും അതീവ മാരകമായ ഡെൽറ്റ വകഭേദവും സംയോജിച്ച് ഡെൽറ്റക്രോൺ എന്ന പുതിയ കൊറോണ വകഭേദം രൂപപ്പെട്ടതായി സൈപ്രസിൽ നിന്നുള്ള ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ 25 രോഗികളിലാണത്രെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഓമിക്രോണിന്റെ ജനിതകഘടനയും ഡെൽറ്റയുടെ ജിനോമുമാണ് പുതിയ വകഭേദത്തിൽ കണ്ടെത്തിയതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് സൈപ്രസിലെ ബയോളജിക്കൽ സയൻസ് പ്രഫസറായ ലിയോനിഡോസ് കോസ്ട്രികിസ് പറയുന്നത്.

ഈ സങ്കരയിനം വകഭേദത്തെ ഇതുവരെ 25 രോഗികളിലാന് അദ്ദേഹത്തിന്റെ സംഘം കണ്ടെത്തിയത്. എന്നാൽ, ഇതിന്റെ പ്രഭവത്തെ കുറിച്ച് അറിയാൻ ഇനിയും ഏറെ പഠനങ്ങൾ ആവശ്യമാണെന്നും അവർ പറയുന്നു. ഈ സങ്കരയിനം വൈറസിനെ കണ്ടെത്തിയ 25 പേരിൽ 11 പേർ നേരത്തേ തന്നെ കൊവിഡിന്റെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവരാണ്. മറ്റ് 14 പേരെ പൊതുജനങ്ങൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്. ഭാവിയിൽ ഈ വകഭേദം കൂടുതൽ മാരകമാവുമോ, കൂടുതൽ വ്യാപൃതമാവുമോ അതോ ഇത് ബിലനിൽക്കുമോ എന്ന കാര്യമൊക്കെ തുടർപഠനങ്ങളിൽ മാത്രമെ വെളിപ്പെടുകയുള്ളു എന്ന് കോസ്ട്രികിസ് പറഞ്ഞു.

തങ്ങളുടേ കണ്ടെത്തലുകൾ സൈപ്രസ് ശാസ്ത്രജ്ഞന്മാർ വൈറസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘടനയായ ഗിസെഡിന് അയച്ചിട്ടുണ്ട്. സാധാരണയായി ഏതെങ്കിലും ഒരു വകഭേദം മാത്രമേ ഒരു കോവിഡ് രോഗിയിൽ കണ്ടെത്താറുള്ളു. രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരു വ്യക്തിയെ ബാധിക്കുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കാര്യമാണ്. അങ്ങനെ ബാധിക്കുന്ന രണ്ട് വ്യത്യസ്ത വകഭേദങ്ങൾ ഒരേ കോശത്തേയാണ് ബാധിക്കുന്നതെങ്കിൽ അവയുടേ ഡി എൻ എ കൾ മാറിമറിഞ്ഞ് ഒരു പുതിയ സങ്കരയിനം വകഭേദം ഉണ്ടാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞമാസമായിരുന്നു വാക്സിൻ നിർമ്മാതാക്കളായ മൊഡേണയുടെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പോൾ ബർട്ടൺ ഇത്തരത്തിലുള്ള സങ്കരയിനം വൈറസുകൾ ആവിർഭവിക്കാൻ ഇടയുണ്ടെന്ന മുന്നറിയിപ്പ് നൽകിയത്. അത്തരത്തിൽ ഉണ്ടാകുന്ന ചില സങ്കരയിനങ്ങൾ ഇപ്പോൾ നിലവിലുള്ള വകഭേദങ്ങളേക്കാൾ കൂടുതൽ മാരകമാവുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഒരേസമയം ഡെൽറ്റ വകഭേദവും ഓമിക്രോൺ വകഭേദവും വലിയതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള സങ്കരയിനങ്ങൾ ആവിർഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

റീകോമ്പിനേഷൻ ഇവന്റ്സ് അഥവ പുനർസംയോജന സംഭവങ്ങൾ സാധ്യമാണെങ്കിലും അതിന് വളരെ സുനിശ്ചിതമായ സാഹചര്യങ്ങളും ആകസ്മികതയും ഉണ്ടാകണം എന്നാണ്. ഇത്തരത്തിൽ ജീനുകൾ സംയോജിപ്പിച്ചുകൊണ്ടുള്ള മൂന്ന് തരം സങ്കരവൈറസുകൾ മാത്രമാണ് ഇതിനു മുൻപ് ഉണ്ടായിട്ടുള്ളത്. അതിലധികമായി ക്രമരഹിതമായ മ്യുട്ടേഷനുകളാണ് കോവിഡ് വൈറസുകളിൽ നടക്കുന്നത്. ഡെൽറ്റ വൈറസ് ആൽഫ വകഭേദത്തിനു മേൽ ആധിപത്യം നേടുന്ന രണ്ടു മാസങ്ങളിൽ ഇത്തരത്തിലൊരു സങ്കരയിനം വൈറസ് ആവിർഭവിച്ചില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതിൽ ഒരു സംഭവം നടന്നത് ബ്രിട്ടനിലായിരുന്നു. ആൽഫ വകഭേദം സ്പെയിനിൽ കഴിഞ്ഞ 2021 ജനുവരി അവസാനം കണ്ടെത്തിയ ബി. 1.177 എന്ന വകഭേദവുമായി സങ്കലനം നടത്തി ഒരു സങ്കരയിനം വൈറസ് രൂപപ്പെട്ടിരുന്നു. ഇത് 44 പേരെയാണ് ബാധിച്ചത്. എന്നാൽ, ക്രമേണ ഈ ഇനം കൊറോണ താനെ അപ്രത്യക്ഷമാവുകയായിരുന്നു.അത്തരത്തിൽ കെന്റ് വകഭേദവുമായി ബി. 1.429 എന്ന വകഭേദം സങ്കലനം നടത്തിയുണ്ടായ ഒരു വകഭേദത്തെ കണ്ടെത്തിയതായി കാലിഫോർണിയയിൽ നിന്നുള്ള ശാസ്ത്രജ്ഞരും റിപ്പോർട്ട് ചെയ്തിരുന്നു. വളരെ കുറച്ച് ആളുകളെ മാത്രം ബാധിച്ച് ആ വകഭേദവും അപ്രത്യക്ഷമാവുകയായിരുന്നു.

കോവിഡ് വൈറസുകൾ സങ്കലനത്തേക്കാൾ ക്രമരഹിതമായ മ്യുട്ടേഷനുകൾക്കാണ് കൂടുതലായി വിധേയമാകുന്നത്. മിക്ക കേസുകളിലും ഇങ്ങനെ സംഭവിക്കുന്ന മ്യുട്ടേഷനുകൾ വലിയ അപകടകാരികൾ ആകാറുമില്ല. എന്നൽ, ഇടയ്ക്കൊക്കെ അവയ്ക്ക് വാക്സിനെ കൂടുതൽ ശക്തമായ രീതിയിൽ പ്രതിരോധിക്കാൻ കഴിവുള്ള വകഭേദങ്ങളെ സൃഷ്ടിക്കാൻ കഴിയും.