ന്യൂഡൽഹി: ഒരു കുടുംബത്തിൽ നിന്ന് ഒരാൾക്കു മാത്രം സ്ഥാനാർത്ഥിത്വം എന്ന നയം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് കോൺഗ്രസ്. ഇതുസംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ നിർദ്ദേശം സ്‌ക്രീനിങ് കമ്മിറ്റി സ്വീകരിച്ചതായാണ് അറിവ്. പഞ്ചാബ് ഈ നയം സ്വീകരിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡിന്റെ തീരുമാനം.

ഒരു കുടുംബത്തിന് ഒരു ടിക്കറ്റ് എന്ന നയം സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് സ്‌ക്രീനിങ് കമ്മിറ്റി ചെയർമാൻ അവിനാശ് പാണ്ഡെ പറഞ്ഞു. എന്നാൽ വിജയസാധ്യത കണക്കിലെടുത്തു പ്രത്യേക കേസുകളിൽ ഇതിനു മാറ്റം വന്നേയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി വിട്ടു വന്ന എംഎൽഎമാരായ മുതിർന്ന നേതാവ് യശ്പാൽ ആര്യയ്ക്കും മകൻ സഞ്ജീവിനും ടിക്കറ്റു നൽകുമെന്നു നേരത്തേ തന്നെ പാർട്ടി വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കരുതുന്ന ഹരീഷ് റാവത്തും പ്രതിപക്ഷ നേതാവ് പ്രീതം സിങും അടക്കമുള്ളവർ തങ്ങളുടെ മക്കൾക്ക് ടിക്കറ്റ് ചോദിച്ചിരുന്നു. ഹരീഷ് റാവത്ത് തന്റെ മകനും മകൾക്കും സീറ്റ് തേടുമ്പോൾ പ്രീതം സിങ് മകനു വേണ്ടിയാണ് സീറ്റ് ചോദിക്കുന്നത്.

പിസിസി വർക്കിങ് പ്രസിഡന്റ് മകനു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരിച്ച പ്രതിപക്ഷ നേതാവ് ഇന്ദിര ഹൃദയേഷിന്റെ മകൻ സുമിത്തിന് സീറ്റു നൽകും. ഉത്തരാഖണ്ഡ് സ്‌ക്രീനിങ് കമ്മിറ്റി യോഗം ഇന്നു ചേർന്ന് അന്തിമ പട്ടിക കേന്ദ്ര സമിതിക്കു നൽകിയേക്കും.