- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരജിന്റേത് ആസൂത്രിത കൊലപാതകം; സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരൻ; കൊലപാതകത്തെ തള്ളിപ്പറയാൻ കോൺഗ്രസ് തയ്യാറായിട്ടില്ലെന്നും എ എ റഹീം
ഇടുക്കി: ഇടുക്കി എഞ്ചിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം. കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താൻ കെ സുധാകരന് അറിയില്ലെന്ന് എ എ റഹീം ഇടുക്കിയിൽ പറഞ്ഞു. സുധാകരൻ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്നും എ എ റഹീം കുറ്റപ്പെടുത്തി.
സുധാകരന്റെ ചെറുമകന്റെ പ്രായമുള്ള ഒരു വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തള്ളിപ്പറയാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും റഹീം പറഞ്ഞു.
ഒരു കൗമാരക്കാനെ ഇതുപോലെ കൊന്നുകളഞ്ഞ കോൺഗ്രസിന് കേരളത്തിന്റെ പൊതുമനഃസാക്ഷിയുടെ മുന്നിൽ നിൽക്കാൻ കഴിയില്ല. സുധാകരനിസത്തിന്റെ എഫക്ടാണിത്. കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയ പ്രവർത്തനമറിയില്ല.
രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരു അച്ഛനായിട്ടെങ്കിലും സുധാകരൻ കൊലപാതകത്തെ തള്ളിപ്പറയണം. ഈ അക്രമത്തെ തുറന്നെതിർക്കാനും അപലപിക്കാനും കോൺഗ്രസ് നേതൃത്വത്തിന് മനഃസാക്ഷിയുണ്ടാവണം. തള്ളിപ്പറയുന്നില്ലെന്ന് മാത്രമല്ല കോൺഗ്രസിന്റെ സൈബർ സംഘം വ്യാപകമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്.
ആസൂത്രിതമായി നടന്ന കൊലപാതകമാണിത്. പല എഞ്ചിനീയറിങ് കോളേജുകളിലും ഇത്തരത്തിൽ യൂത്ത് കോൺഗ്രസ് സംഘർഷത്തിന് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. സുധാകരൻ കോൺഗ്രസ് പ്രസിഡന്റായത് പോലും ഗുണ്ടായിസത്തിലൂടെയാണ്. അതേ ഗുണ്ടായിസത്തിൽ കേരളത്തെയും കൈപ്പിടിയിലൊതുക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും എ.എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ