പാലാ: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷം കോളേജ് വിദ്യാർത്ഥിനിയെ കെണിയിൽ വീഴ്‌ത്തി പീഡിപ്പിക്കുകയും ഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലച്ചിറ പുല്ലാനിവിള സജീർ (33) ആണ് പിടിയിലായത്. കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയാണ് ഇയാളുടെ ചതിക്കുഴിയിൽ വീണത്. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകുകയും ഇയാൾ അറസ്റ്റിലാവുകയും ആയിരുന്നു.

ഒൻപതുമാസം മുമ്പാണ് സജീർ കോട്ടയത്തെ കോളേജ് വിദ്യാർത്ഥിനിയെ ഫേസ്‌ബുക്കിലൂടെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തിയത് വ്യാജ അക്കൗണ്ടിലൂടെയായിരുന്നു ഇത്. സൗദിയിൽ എയർപോർട്ട് ജീവനക്കാരാണെന്ന് പെൺകുട്ടിയെ ധരിപ്പിച്ചാണ് പ്രണയക്കെണിയിൽ കുടുക്കിയത്. ഭാര്യയും നാലുവയസ്സുകാരനായ കുട്ടിയുമുള്ള പ്രതി അവിവാഹിതനാണെന്നാണ് പെൺകുട്ടിയെ അറിയിച്ചത്. പ്രണയ ബന്ധം വളർന്നതോടെ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി വീഡിയോകോളിലൂടെ അശ്ലീലചാറ്റിന് ഇയാൾ പ്രേരിപ്പിച്ചു. പെൺകുട്ടി അറിയാതെ അശ്ലീല ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടെടുത്തു.

ബന്ധം വളർന്നതനുസരിട്ട് പലസ്ഥലങ്ങളിലും ഇവർ കണ്ടുമുട്ടി. പെൺകുട്ടിയുടെ കേടായ ഫോൺ നന്നാക്കുന്നതിനായി ഇയാൾ വാങ്ങി. അതിനു ശേഷം അതിൽനിന്ന് മുഴുവൻ നമ്പരുകളും മനസ്സിലാക്കി. പിന്നീട് സ്‌ക്രീൻഷോട്ടുകൾ കൂട്ടുകാരികൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പാലായിൽ വിളിച്ചുവരുത്തി. സ്‌ക്രീൻഷോട്ടുകൾ ഡിലീറ്റ് ചെയ്യണമെങ്കിൽ തനിക്ക് വഴങ്ങിത്തരണമെന്ന് ഇയാൾ പെൺകുട്ടിയോട് പറഞ്ഞു. കെണിയിൽ വീണ പെൺകുട്ടിയെ ഇയാൾ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സജീർ വിവാഹിതനാണെന്നറിഞ്ഞ പെൺകുട്ടി അകലാൻ ശ്രമിച്ചു. എന്നാൽ, വിവാഹം കഴിക്കണമെന്ന് പ്രതി നിർബന്ധിച്ചു. അതിന് വിസമ്മതിച്ച പെൺകുട്ടിയുടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും സ്‌ക്രീൻഷോട്ട് അയച്ചുകൊടുത്തിരുന്നു. തുടർന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. കോട്ടയം ഗാന്ധിനഗർ പൊലീസ് കേസ് രജിസ്റ്റർചെയ്തു. പീഡനം നടന്നത് പാലായിലായതിനാൽ കേസ് പാലാ പൊലീസിന് കൈമാറുകയായിരുന്നു.

പാലാ എസ്.എച്ച്.ഒ. കെ.പി.തോംസൺ, പ്രതിയെ കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ എറണാകുളം കടവന്ത്രയിൽനിന്നാണ് പിടികൂടിയത്. എസ്‌ഐ. അഭിലാഷ് എം ടി., എഎസ്ഐ.മാരായ ബിജു കെ.തോമസ്, ശ്രീലതാമ്മാൾ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, ഷെറിൻ സ്റ്റീഫൻ, സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.