ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,68,833 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ 6.7 ശതമാനം വർധനയുണ്ട്. 6,041 ഓമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3.67 കോടിയായി ഉയർന്നു. ആകെ രേഖപ്പെടുത്തിയ കേസുകളുടെ 3.85 ശതമാനവും ആക്ടീവ് കേസുകളാണെന്നത് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. 14,17,820 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

രാജ്യത്തെ രോഗമുക്തി നിരക്ക് 94.83 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. 1,22,684 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.66 ശതമാനവും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.84 ശതമാനവുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 4,85,752 ആയി.

കൊറോണ വൈറസിന്റെ ഓമിക്രോൺ വകഭേദത്തെ നേരിടുന്നതിനൊപ്പം, ഭാവിയിൽ വരാവുന്ന പുതിയ വകഭേദങ്ങൾക്കെതിരെയും തയ്യാറെടുപ്പു വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. അതിവേഗം പടരുന്ന ഓമിക്രോണിനെ നേരിടാൻ ജാഗ്രതയോടെയുള്ള നടപടികളാണു വേണ്ടതെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളും സർക്കാരുകളും ജാഗ്രതയിൽ കുറവു വരുത്തരുത്. എന്നാൽ, ഏതു നിയന്ത്രണവും സാധാരണക്കാരുടെ ജീവിതമാർഗങ്ങൾക്കു വളരെക്കുറച്ചു തടസ്സമേ വരുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്നും തീർത്തും പ്രാദേശികമായ നിയന്ത്രണങ്ങൾക്ക് ഊന്നൽ നൽകണമെന്നും മോദി പറഞ്ഞു.