അബുദാബി: അബുദാബിയിൽ സ്‌ഫോടനം. അബുദാബിയിലെ മുസഫിൽ പെട്രോൾ ടാങ്കറിലാണ് പൊട്ടിത്തെറിയുണ്ടായത്. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള പെട്രോൾ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഡ്രോൺ ആക്രമണമെന്നാണ് സൂചന. അക്രണമണത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു. ഇത് ആദ്യമായാണ് അബുദാബിയിൽ ഇത്തരത്തിലെ ആക്രമണം ഉണ്ടാകുന്നത്. തീപിടിച്ചതിനെ തുടർന്ന് പെട്രോൾ ടാങ്കറുകൾ പൊട്ടിതെറിക്കുകയായിരുന്നു. ആളാപായമുണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോൺ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലീസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമ്മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോൺ ആക്രമണമാണെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അധികൃതർ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങൾ ഇല്ലെന്നാണ് അബുദാബി പൊലീസ് അറിയിക്കുന്നത്.

പിടിച്ചെടുത്ത യുഎഇ കപ്പൽ വിട്ടുനൽകണമെന്ന ഐക്യരാഷ്ട്രസംഘടനാ നിർദ്ദേശം തള്ളി ഹൂതി വിമതർ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ആക്രമണവും. ഈ മാസം ആദ്യമാണ് 11 ജീവനക്കാരുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്. അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെ യാത്രചെയ്ത സൗദി അറേബ്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ ആശുപത്രി ഉപകരണങ്ങളാണെന്നാണ് യുഎഇ പറയുന്നത്.

ഇത് തള്ളിയ ഹൂതികൾ കപ്പലിൽ ആയുധങ്ങളാണെന്നാണ് അവകാശപ്പെടുന്നത്. ഐക്യരാഷ്ട്രസംഘടനാ രക്ഷാസമിതി വെള്ളിയാഴ്ചയാണ് കപ്പൽ മോചിപ്പിക്കണമെന്നും ഏദൻ കടലിലും ചെങ്കടലിലും കപ്പലുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടത്. ഇങ്ങനെ യുഎഇയും ഹൂതി വിമതരുമായുള്ള സംഘർഷം ശക്തിപ്പെടുന്നതിനിടെയാണ് അബുദാബിയിലെ ആക്രമണം. ഇറാൻ പിന്തുണയോടെ യെമനിൽ അട്ടിമറി പ്രവർത്തനം നടത്തുന്നവരാണ് ഹൂതി വിമതർ.