തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുള്ള ഓർഡിനൻസിന് എതിയെ ഉയരുന്നത് വമ്പൻ വിമർശനം. കോടികൾ ചെലവിട്ട് പിന്നെന്തിനാണ് ഈ സംവിധാനമെന്ന് ജസ്റ്റിസ്: കെ.പി.ബാലചന്ദ്രൻ ചോദിച്ചു. സൗകര്യമുണ്ടെങ്കിൽ സ്വീകരിക്കും, ഇല്ലെങ്കിൽ തള്ളും എന്നതാണ് സർക്കാരിന്റെ നിലപാട്. ജലീലിന്റെ രാജിക്ക് ഇടയാക്കിയത് ലോകായുക്തയുടെ അധികാരമാണ്. ലോകായുക്ത ശക്തിപ്പെടുത്താൻ താൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും അവഗണിച്ചു. അധികാരമില്ലെങ്കിൽ ലോകായുക്ത പിരിച്ചുവിടണമെന്നും ജ.ബാലചന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

ലോകായുക്തയുടെ പ്രായപരിധിയും കുറയ്ക്കാനാണ് സർക്കാർ തീരുമാനം. 75 വയസ്സെന്ന പ്രായ പരിധി കൊണ്ടു വരും. ഇതിനൊപ്പം സുപ്രീംകോടതി ജസ്റ്റീസ്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്നിവർക്കാണ് ലോകായുക്തയാകൻ നിലവിൽ കഴിയുക. ഇതിൽ ഹൈക്കോടതി ജസ്റ്റീസുമാർക്കും ലോകായുക്തയാകുന്ന തരത്തിൽ ഭേദഗതി വരും. ഇതോടെ സർക്കാരിന് ലോകായുക്തയായി പരിഗണിക്കാൻ പറ്റുന്നവരുടെ എണ്ണം കൂടും. ഇതിനൊപ്പം ലോകായുക്ത അവധിയിൽ പോകുമ്പോഴും മറ്റും ഉപലോകായുക്തയ്ക്ക് അധികാരം കൈമാറുകയും ചെയ്യാം. ഇങ്ങനെ ലോകായുക്താ നിയമനത്തിൽ അടക്കം സർക്കാരിന് കൂടുതൽ ഇടപെടൽ നടത്താൻ കഴിയുന്ന തരത്തിലാണ് നിയമ ഭേദഗതി.

ലോകായുക്തയുടെ അധികാരം കവരും വിധത്തിൽ നിയമ നിർമ്മാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും. ലോകായുക്ത ഭേദഗതി ചർച്ചകൾ തുടങ്ങിയത് 2020 ഡിസംബറിൽ ആണ്. ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിർദ്ദേശിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്. ആഭ്യന്തചര വകുപ്പ് ഈ ഫയൽ നിയമ വകുപ്പിന് കൈമാറുകയായിരുന്നു.

അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ (ഗവർണർ, മുഖ്യമന്ത്രി, സർക്കാർ) അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.ഇതിൽ മാറ്റംവരുത്തി ഇത്തരം വിധിയിൽ അധികാര സ്ഥാനത്തുള്ളയാളിന് ഒരു ഹിയറിങ് കൂടി നടത്തി, വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.

സർക്കാർ നീക്കം മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദു വിനും എതിരായ പരാതി ലോകയുക്തയിൽ നിലനിൽക്കേയാണ്. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതി ആണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയിൽ ഉള്ളത്. അന്തരിച്ച എൻ സി പി നേതാവ് ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നൽകി, അന്തരിച്ച എം എൽ എ രാമചന്ദ്രൻ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വർണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നൽകി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയിൽ ഉൾപ്പെട്ട പൊലീസുകാരൻ അപകടത്തിൽപെട്ടപ്പോൾ കുടുംബത്തിന് 20 ലക്ഷം നൽകി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകൾ.

കണ്ണൂർ വിസിയായി ഡോ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ശുപാർശ ചെയ്ത് മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നാണ് ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയിൽ കേസ് വന്നത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തിൽ ജലീൽ അധികാര ദുർവിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം.

തുടർന്ന് മന്ത്രി രാജിവച്ചു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ കോടതി തയാറായില്ല. മന്ത്രിയുടെ രാജിയിലേക്ക് വരെ നയിച്ച ഉത്തരവുകൾ പുറപ്പെടുവിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ നീക്കം നടത്തുന്നത്.