തിരുവനന്തപുരം:ലോകായുക്തയുടെ അധികാരത്തിനു കടിഞ്ഞാണിട്ട് ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം വിവാദമാകുമ്പോൾ ഗവർണ്ണറുടെ നടപടിയിലേക്ക് എല്ലാ കണ്ണുകളും. മന്ത്രിസഭ അംഗീകരിച്ച ഭേദഗതികളിന്മേൽ നിയമോപദേശം തേടാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. ഡൽഹിയിലെ നിയമവിദഗ്ധരുമായും ബന്ധപ്പെടും. ഓർഡിനൻസിൽ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഗവർണർക്കു കത്തു നൽകി.

അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശപ്രകാരമുള്ള നടപടിയാണെന്നാണു സർക്കാരിന്റെയും സിപിഎമ്മിന്റെയും വാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോർട്ട് മൂലം കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജി വച്ചതിനെത്തുടർന്നായിരുന്നു എജിയുടെ നിയമോപദേശം. ഈ സാഹചര്യത്തിലാണ് ഗവർണ്ണറുടെ പരിശോധന.

അധികാര സ്ഥാനത്തുള്ളവർ അഴിമതിയുടെ പേരിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്ത പ്രഖ്യാപിച്ചാലും ബന്ധപ്പെട്ട അധികാരികൾക്കു ഹിയറിങ് നടത്തി അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന ഭേദഗതിയാണു കൊണ്ടുവരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതികൾ ലോകായുക്ത പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഓർഡിനൻസ് എന്നാണു പ്രതിപക്ഷ ആരോപണം.

സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിനിധിസംഘം നാളെ രാവിലെ ഗവർണറെ കാണും. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഗവർണ്ണർക്ക് ഈ വിഷയത്തിൽ പരിമിത ഇടപെടലിനേ കഴിയൂ. ഈ ഓർഡിനൻസിൽ വിശദീകരണം ചോദിക്കാൻ കഴിയും. ആദ്യം ഗവർണ്ണറുടെ മുന്നിലെത്തുന്ന ഓർഡിനൻസ് വീണ്ടും മന്ത്രിസഭ അതേ പടി അംഗീകരിച്ചതായി അറിിയിച്ചാൽ ഗവർണ്ണർക്ക് ഒപ്പുവയ്‌ക്കേണ്ടി വരും. ഈ ഓർഡിനൻസിനെ താമസിപ്പിക്കാൻ മാത്രമേ ഗവർണ്ണർക്ക് കഴിയൂ.

എൻസിപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന ഉഴവൂർ വിജയന്റെയും കെ.കെ.രാമചന്ദ്രൻനായർ എംഎൽഎയുടെയും മരണശേഷം കുടുംബങ്ങൾക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സഹായം നൽകിയതിനെതിരായ കേസുകൾ ലോകായുക്തയ്ക്കു മുന്നിലുണ്ട്. കണ്ണൂർ സർവകലാശാലാ വിസി പുനർനിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ബിന്ദുവിനെതിരായ ഹർജിയും പരിഗണനയിലാണ്.

അഴിമതിക്കേസിൽ ലോകായുക്ത വിധി പറഞ്ഞാൽ അതു കൈമാറേണ്ടതു ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാന സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്കാണ്. 1999 ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പു പ്രകാരം ലോകായുക്തയുടെ പ്രഖ്യാപനം അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരെന്നു കണ്ടെത്തുന്നവരെ അധികാര സ്ഥാനത്തുനിന്നു നീക്കണം. ബന്ധപ്പെട്ട അധികാരി 3 മാസത്തിനകം പ്രഖ്യാപനം തള്ളിയില്ലെങ്കിൽ അത് അംഗീകരിച്ചതായി കണക്കാക്കും. േ

ലാകായുക്തയുടെ ഈ അധികാരമാണ് ഇല്ലാതാകുന്നത്. ഭേദഗതിപ്രകാരം, സർക്കാരിനു പ്രതികളുടെ ഹിയറിങ് നടത്തി 3 മാസത്തിനകം ലോകായുക്ത തീരുമാനം തള്ളുകയോ കൊള്ളുകയോ ചെയ്യാം. വിരമിച്ച സുപ്രീം കോടതി ജഡ്ജിയെയോ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിനെയോ ആണ് നിലവിൽ ലോകായുക്തയായി നിയമിക്കേണ്ടത്. ഹൈക്കോടതി മുൻ ജഡ്ജിമാരെയും നിയമിക്കാമെന്ന വ്യവസ്ഥ ഓർഡിനൻസിലുണ്ട്.