ലണ്ടൻ: ഇന്ത്യക്കെതിരെ ബ്രിട്ടീഷ് പാസ്പോർട്ട് സ്വന്തമാണെന്ന ചിന്തയിൽ ബ്രിട്ടീഷ് മണ്ണിൽ സമരത്തിന് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. നിങ്ങൾക്ക് മേൽ ഒരു കണ്ണുണ്ട്. ഏതു നിമിഷവും നിങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തേക്ക് വിളിപ്പിക്കപ്പെട്ടേക്കാം. ഒരു പക്ഷെ കടുത്ത നടപടിയാണ് കാത്തിരിക്കുന്നതെങ്കിൽ ഒസിഐ കാർഡ് തന്നെ നഷ്ടമായേക്കും, അല്ലെങ്കിൽ താൽക്കാലികമായി രണ്ടോ അതിലധികം വർഷമോ ഇന്ത്യ സന്ദർശിക്കാനുള്ള അവസരം നഷ്ടമായേക്കും. ഇതിനർത്ഥം ജന്മ നാട്ടിൽ തിരിച്ചെത്തുക എന്ന സ്വപ്നം താൽക്കാലികമായെങ്കിലും ഉപേക്ഷിക്കേണ്ടി വന്നേക്കും.

ചുരുക്കത്തിൽ ജന്മ നാട്ടിൽ നിന്നും സമരം ചെയ്യുന്നത് പോലെയല്ല വിദേശ മണ്ണിൽ സമരം ചെയ്യുക എന്നത്. ഇത്തരം നടപടികൾക്ക് സമരം മാത്രം വേണമെന്നി, ഇന്ത്യക്ക് നീരസമുള്ള വ്യക്തിയോടോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളോടോ, ശത്രു രാജ്യങ്ങളുടെ പക്ഷം ചേരുന്നവർ എന്ന ആരോപണം ഉയർന്നവരോടുള്ള സഹകരണമോ ഒക്കെ പ്രകോപന കാരണമായേക്കാം.

ഇത്തരം നടപടിക്കു വിധേയരാകുന്നവരെ കരിമ്പട്ടികയിൽ പെടുത്തുന്ന നടപടിയാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആരംഭിച്ചിരിക്കുന്നത്. ഇത്തരം നടപടി നേരിട്ട യുകെ മലയാളികളിൽ ഒരാളിപ്പോൾ രണ്ടു വർഷത്തെ നിരോധനം നേരിടുകയാണ്. ഇദേഹഹത്തിനു പുറമെ സംഘടനാ തലപ്പത്തു നിൽക്കുന്ന ഒന്നിലേറെ യുകെ മലയാളികളോടും ഇന്ത്യൻ എംബസി സമീപകാലത്തെ പ്രവർത്തനത്തെ കുറിച്ച് വിശദീകരണം തേടിയിരിക്കുകയാണ്.

ഇവരിൽ പലരും എംബസി അധികൃതർ തെറ്റിദ്ധരിച്ചതാണെന്നും തങ്ങൾ ഇന്ത്യാ വിരുദ്ധ പക്ഷത്ത് അല്ലെന്നും എഴുതി നൽകിയാണ് തൽക്കാലം നടപടികളിൽ നിന്നും രക്ഷപെട്ടതെന്നും സൂചനയുണ്ട്. എന്തായാലും ഭാവിയിലും ഇത്തരം കാര്യങ്ങളിൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തു നിന്നും കർശന നിരീക്ഷണം ഉണ്ടാകുമെന്നു ഉറപ്പാണ്.

ലണ്ടനിലെ മലയാളി പരിപാടികളിൽ സ്ഥിരം സാന്നിധ്യം ആയ ഒരു എംപിയോടൊപ്പമുള്ള അടുത്ത സഹകരണമാണ് മലയാളി യുവാവിന് നിരോധന പട്ടികയിൽ എത്താൻ വഴിയൊരുക്കിയതെന്നു പറയപ്പെടുന്നു. ഈ എംപി അടുത്ത കാലത്തായി പാക്കിസ്ഥാൻ അനുകൂല പ്രസ്താവനകളും പാക് അനുകൂല സംഘടനകളുമായി സഹകരിക്കുന്നു എന്നുമാണ് ആക്ഷേപം. ഇദ്ദേഹം ഭാര്യ സമേതനായി ഏതാനും വർഷം മുൻപ് ഇന്ത്യ സന്ദർശനം നടത്തിയിട്ടുണ്ട്. കേരളത്തിലും ഏതാനും ദിവസം ചെലവിട്ടിരുന്നു.

സാധാരണക്കാർക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ അധികൃതർ ഈ എംപി സന്ദർശത്തിനു ശ്രമിച്ചാൽ വിലക്കേർപ്പെടുത്തുമോ എന്നും നടപടികൾ നേരിടേണ്ടി വന്നവർ രഹസ്യമായി ചോദിക്കുന്നു. ഇക്കാര്യങ്ങൾ പരസ്യമായി പറയാൻ പോലും ഇവരൊക്കെ ഭയപ്പെടുകയാണ്. രാഷ്ട്രീയ കാരണങ്ങളെക്കാൾ രാജ്യത്തെ വിദേശ നാടുകളിൽ തുടർച്ചയായി അപമാനിക്കാൻ ഒരു വിഭാഗം ഇന്ത്യക്കാർ ശ്രമിക്കുന്നു എന്ന ആക്ഷേപം ഇന്ത്യയിൽ ശക്തമായതാണ് എംബസികൾ ഇക്കാര്യത്തിൽ കർക്കശ നിലപാട് എടുക്കാൻ കാരണമായതെന്നും കരുതപ്പെടുന്നു.

കർഷക സമരം കാരണമായി, മലയാളികൾ പങ്കെടുത്തത് പേരിനു മാത്രം

അനേക ലക്ഷം ഇന്ത്യക്കാർ ഉള്ള യുകെയിൽ പഞ്ചാബി വംശജരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം നടന്നത്. ചില മലയാളി സംഘടനകൾ രാഷ്ട്രീയ കാരണങ്ങളാൽ ഈ സമരങ്ങളുടെ ഭാഗമായെങ്കിലും ഇന്ത്യൻ പക്ഷം അത് കണ്ടില്ലെന്നു നടിക്കുകയാണ്. പക്ഷെ ഭീകര സംഘടനകളുടെ വ്യാപക പിന്തുണ ഉണ്ടായി എന്ന് സംശയിക്കപ്പെടുന്ന പഞ്ചാബി വംശജരുടെ പ്രതിഷേധത്തെ എംബസി അധികൃതർ വളരെ ഗൗരവത്തോടെയാണ് പരിശോധിച്ചത്.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും പതാകയെ അപമാനിക്കുന്ന സംഭവങ്ങളുടെ വീഡിയോ അടക്കമുള്ള തെളിവുകളും ഇന്ത്യൻ അധികൃതർക്കു ലഭിച്ചിരുന്നു. ബ്രിട്ടനിലും കാനഡയിലും കർഷക സമരത്തിന് ലഭിച്ച വലിയ പിന്തുണ ഇന്ത്യൻ സർക്കാരിനെ അസ്വസ്ഥമാക്കിയിരുന്നു. ഈ പിന്തുണ സ്വാഭാവികമായി ഉണ്ടായതല്ല എന്നാണ് ഇന്ത്യയുടെ നിരീക്ഷണം. പൗരത്വ ബിൽ നടപ്പാക്കാൻ ഒരുങ്ങിയപ്പോഴും സമാനമായ തരത്തിൽ ലണ്ടൻ പ്രക്ഷോഭ വേദി ആയിരുന്നു. ലണ്ടനിലെ തെരുവുകളിൽ ഇന്ത്യ വിരുദ്ധ പ്രക്ഷോഭം തുടർച്ചയായി അരങ്ങേറുന്നതിൽ ബ്രിട്ടീഷ് സർക്കാരിനെ അസ്വസ്ഥത അറിയിക്കുവാനും ഒരു ഘട്ടത്തിൽ ഇന്ത്യ തയ്യാറായിരുന്നു.

ജയിലിലേക്ക് പോകുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് മുതൽ പതാക കത്തിക്കൽ വരെ സംശയ നിഴലിൽ ലൈംഗിക അതിക്രമ കേസിൽ ജയിൽ ശിക്ഷ ഉറപ്പായിരിക്കുന്ന മുൻ പ്രഭു സഭ അംഗം നസീർ അഹമ്മദ് സ്പോൺസർ ചെയ്തെന്നു വിശ്വസിക്കുന്ന ഇന്ത്യൻ വിരുദ്ധ സമരം മുതലാണ് ലണ്ടൻ ലാക്കാക്കി നടക്കുന്ന വിധ്വസക പ്രവർത്തനങ്ങൾ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്. ആറു വർഷം മുൻപ് നടന്ന സംഭവത്തിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നസീർ അഹമ്മദിന്റെ ക്ഷണ പ്രകാരം പാക് അധീന കാശ്മീർ പ്രധാനമന്ത്രി വരെ എത്തിയിരുന്നു. തുടർന്ന് ബ്രിട്ടീഷ് പാർലിമെന്റിൽ എല്ലാ പാർട്ടിയിൽ നിന്നുമുള്ള മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ ഇന്ത്യ വിരുദ്ധ പ്രമേയവും പാസാക്കി. പാക് അധീന കാശ്മീർ നേതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

അക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി കർക്കശ ഭാഷയിൽ ബ്രിട്ടനു താക്കീത് നൽകിയപ്പോൾ ആ യോഗത്തിനു ഔദ്യോഗിക ഭാഷ്യം ഇല്ലെന്നു വിശദീകരണം നൽകിയാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തലയൂരിയത്. മോദിയോടുള്ള പ്രക്ഷോഭം എന്ന നിലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചതെങ്കിലും മുഴങ്ങിയത് മുഴുവൻ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളാണ്. കിട്ടിയ അവസരം എന്ന നിലയിൽ ഖാലിസ്ഥാൻ വാദികളും പ്രക്ഷോഭത്തിൽ നുഴഞ്ഞു കയറിയിരുന്നു. തുടർന്ന് ഇന്ത്യൻ പതാക വലിച്ചു താഴെയിടുകയും ചവിട്ടി അനാദരവ് കാട്ടുകയും ചെയ്തത് കൂടാതെ കത്തിക്കുകയും ചെയ്തു.

ഇതിനെ അങ്ങേയറ്റം വേദനയോടെയാണ് ഇന്ത്യ നിരീക്ഷിച്ചത്. തുടർന്നാണ് ഇത്തരം കാര്യങ്ങൾക്കു വഴി വയ്ക്കും തരത്തിൽ ഉള്ള കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകാതെ നോക്കുക എന്ന നിർദ്ദേശം എംബസിയിൽ എത്തുന്നത്. അന്ന് മെട്രോപൊളിറ്റൻ പൊലീസ് ലണ്ടനിൽ കാഴ്ചക്കാരായി നിന്നതിനു ബ്രിട്ടനിൽ പോലും കടുത്ത വിമർശം ഉയർന്നിരുന്നു. പാക് വംശജർ ബ്രിട്ടീഷ് മണ്ണിനെ തുടർച്ചയായി ഏഷ്യൻ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു എന്നാണ് ആരോപണം ഉയർന്നത്. പല പാക് നിരോധന സംഘടനകളും പിറവിയെടുക്കുന്നതും ബ്രിട്ടീഷ് മണ്ണിലാണെന്നതും ഇന്ത്യയെ കാര്യങ്ങൾ കുറേക്കൂടി ഗൗരവത്തിൽ എടുക്കാൻ പ്രേരിപ്പിച്ച സാഹചര്യമാണ്.

സൂചന കണ്ടു പഠിച്ചില്ലെങ്കിൽ

ഈ രാഷ്ട്രീയ പശ്ചാത്തലം മനസിലാക്കാതെ മലയാളികൾ ഉൾപ്പെടെയുള്ളവർ എന്തിനും ഏതിനും ഇന്ത്യ മുദ്രാവാക്യം ഉയർത്തിയാൽ അതിനെ മറയാക്കുക വിധ്വംസക ശക്തികൾ ആണെന്നണ് ഇന്ത്യയുടെ നിലപാട്. അതിനാൽ വിദേശ മണ്ണിൽ മാതൃ രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ഉള്ള ഏതു ചെറിയ ശ്രമവും മുളയിലേ നുള്ളുക എന്നതാണ് ഇന്ത്യയുടെ നയം. നിയമം കർക്കശമായതിനാൽ ഇത്തരം കാര്യങ്ങൾ ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് നാടുകളിൽ സംഭവിക്കുന്നില്ല എന്നതും പാശ്ചാത്യ നാടുകളിലെ ഇന്ത്യൻ എംബസികളോട് കരിമ്പട്ടിക തയ്യാറാക്കാൻ ഉള്ള നിർദ്ദേശം എത്തിയതിനു മറ്റൊരു കാരണമായും വിലയിരുത്തപ്പെടുന്നു. ഈ കാര്യങ്ങളെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ എത്തിയിരുന്നെങ്കിലും നടപടി നേരിടുന്നവരിൽ മലയാളികളും ഉണ്ടെന്ന സൂചന യുകെ മലയാളികൾക്ക് താക്കീതായി മാറുകയാണ്.