- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിന്തുടരുന്നത് പൊലീസ് എന്നറിയാതെ കളിത്തോക്ക് കാട്ടി ഭീഷണി; ഗുണ്ടാസംഘത്തെ ഓടിച്ചിട്ടു പിടികൂടി പൊലീസ്
തൃശൂർ: ബൈക്കിൽ പിന്തുടരുന്നതു മഫ്തി പൊലീസ് ആണെന്നറിയാതെ കളിത്തോക്ക് എടുത്തു കാട്ടി ഭീഷണിപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തെ പൊലീസ് ഓടിച്ചിട്ടു പിടികൂടി. പൂമല സ്വദേശികളായ തെക്കുംകര തെറ്റാലിക്കൽ ജസ്റ്റിൻ (21), വട്ടോളിക്കൽ സനൽ (19), അപ്പത്തറയിൽ സുമോദ് (19), കല്ലംപാറ മണലിപ്പറമ്പിൽ ഷിബു (29) എന്നിവരെയാണ് ഈസ്റ്റ്, നിഴൽ പൊലീസ് സംഘങ്ങൾ കുടുക്കിയത്. ഇവരിൽ നിന്നു നാല് കുരുമുളകു സ്‌പ്രേ കുപ്പികളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ വടക്കാഞ്ചേരി, വിയ്യൂർ, മെഡിക്കൽ കോളജ് സ്റ്റേഷനുകളിലായി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് ഈസ്റ്റ് എസ്എച്ച്ഒ പി. ലാൽകുമാർ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തിൽ ഉച്ചയ്ക്ക് ഒന്നിന് ദിവാൻജിമൂലയിലാണു സംഭവങ്ങളുടെ തുടക്കം. നമ്പർപ്ലേറ്റില്ലാത്ത രണ്ട് ബൈക്കുകളിലായായിരുന്നു അഞ്ചംഗ ഗുണ്ടകളുടെ സഞ്ചാരം. ബൈക്കിൽ അഞ്ചംഗ സംഘം അപകടകരമായി സഞ്ചരിക്കുന്നതു കണ്ടാണു നിഴൽ പൊലീസ് ഇവരെ പിന്തുടർന്നു. ആരോ പിന്തുടരുന്നുണ്ടെന്നു മനസ്സിലാക്കിയ ഗുണ്ടാസംഘത്തിലൊരാൾ മടിക്കുത്തിൽ നിന്ന് ഒരു തോക്ക് പുറത്തെടുത്തു. പിന്തുടരുന്നയാൾക്കു കാണാവുന്ന പാകത്തിൽ ഷർട്ടിന്റെ പിൻഭാഗം ഉയർത്തി സിനിമാ സ്‌റ്റൈലിൽ തോക്ക് തിരുകി വച്ചു. തങ്ങളെ പിന്തുടരുന്നത് പൊലീസ് ആണെന്ന് അറിയാതെയായിരുന്നു ഈ സാഹസം.
ഇവരുടെ കയ്യിൽ തോക്ക് കണ്ടതോടെ നിഴൽ പൊലീസ് സംഘം ഉടൻ ഈസ്റ്റ് സ്റ്റേഷനിൽ വിവരമറിയിച്ചു. ഗുണ്ടാസംഘം ദിവാൻജിമൂലയിലെ ബാറിലേക്കു കയറിയതിനു പിന്നാലെ ഒന്നിലധികം ജീപ്പുകളിലായി പൊലീസ് എത്തി ബാർ വളഞ്ഞു ഗുണ്ടകളെ പിടിക്കാൻ ശ്രമിച്ചു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 4 പേരെ പൊലീസ് ഓടിച്ചിട്ടു പിടികൂടി. അഞ്ചാമൻ രക്ഷപ്പെട്ടു.
കവർച്ചയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഇവരെന്നു കരുതുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. നിഴൽ പൊലീസ് എസ്‌ഐമാരായ എൻ.ജി. സുവൃതകുമാർ, പി.എം. റാഫി, ഈസ്റ്റ് എസ്‌ഐമാരായ എസ്. ഗീതുമോൾ, ആർ. വിജയൻ, സീനിയർ സിപിഒമാരായ പഴനിസ്വാമി, ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, വിപിൻദാസ്, വി. വിജയരാജ്, ടി.എസ്. അജയ്‌ഘോഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.