- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിലിട്ട നായയുടെ ചങ്ങലയിൽ തെരുവുനായ കുടുങ്ങി; ആക്രമണം ഭയന്ന് ഉടമ നായകളെ അഴിച്ചു വിട്ടു; ചങ്ങലയിൽ കുടുങ്ങി വളർത്തു നായ ചത്തു; ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം
പത്തനംതിട്ട: തെരുവുനായ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ ചങ്ങലയിൽ കുടുങ്ങി. നായകൾ തമ്മിൽ കടിപിടിയായതോടെ ഉടമ അഴിച്ചു വിട്ടു. തെരുവുനായയുടെ ആക്രമണത്തിൽ വളർത്തു നായ ചത്തു. .ചത്ത നായയെ ജീവനുള്ള നായയുടെ ശരീരത്തിൽ കെട്ടി റോഡിൽ ഉപേക്ഷിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം കൊഴുത്തതോടെ വിവാദവും ഉയർന്നു.
വെച്ചൂച്ചിറ ചാത്തൻതറയ്ക്ക് സമീപം പതിനഞ്ചാംപടിയിലാണ് സംഭവം അരങ്ങേറിയത്. സംഭവങ്ങളുടെ തുടക്കം ഇന്നു രാവിലെയാണ്. സംഭവത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നാട്ടിലേക്ക് മൃഗസ്നേഹികളുടെ ഒഴുക്കുമായി. ഇതിനിടെ വയറു മുറുകി വേദന കൊണ്ട് പുളയുന്ന ജീവനുള്ള നായയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച പ്രദേശവാസിയായ പഴയംപാട്ട് ചന്ദ്രന് നായയുടെ കടിയേറ്റു.
പുത്തേട്ട് വീട്ടിൽ റോയി എന്നയാളുടെ വീട്ടിൽ പൂട്ടിയിട്ടിരുന്ന നായയുടെ സമീപമെത്തിയ തെരുവു നായ ചങ്ങലയിൽ കുരുങ്ങുകയും പരസ്പരം കടിക്കാനൊരുങ്ങുകയും ചെയ്തു. തുടർന്ന് നായകളെ രക്ഷിക്കാൻ വീട്ടുടമ ചങ്ങല അഴിച്ചു വിടുകയായിരുന്നു. ചങ്ങല അഴിച്ചതോടെ വയറിൽ ചങ്ങല കുരുങ്ങിയ സാമാന്യം വലിപ്പമുള്ള തെരുവു നായ കഴുത്തിൽ ചങ്ങലയിട്ട കുഞ്ഞു നായയെ വലിച്ചു കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു.
നായകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ചന്ദ്രന് കടിയേറ്റതോടെ എല്ലാവരും ശ്രമം ഉപേക്ഷിച്ചു. പിന്നീട് വൈകിയാണ് ചങ്ങലയിൽ കുരുങ്ങിയ തന്റെ നായ ചത്തതും സംഭവം വിവാദമായതും ഉടമയായ റോയി അറിയുന്നത്. വിവരമറിഞ്ഞ് വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി പ്രദേശ വാസികളുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ സാമൂഹ്യ വിരുദ്ധത അല്ലെന്ന് മനസിലായതോടെ കേസിൽ എഫ്.ഐ.ആർ ഇടാതെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.എന്നാൽ വസ്തുതകൾ മനസ്സിലാക്കാതെ ചിലർ നടത്തിയ ഇടപെടൽ കണ്ണില്ലാത്ത ക്രൂരതയെന്നും സാമൂഹ്യ വിരുദ്ധതയെന്നുമുള്ള തലക്കെട്ടുകളിൽ സമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്