കൊച്ചി: കലൂരിൽ കാറിന്റെ മരണപ്പാച്ചിലിൽ യുവാവിന് ദാരുണാന്ത്യം. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ ഓടിച്ച് രണ്ടു വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചിട്ട് നിർത്താതെ പോവുകയും ചെയ്ത കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.. ഉന്തുവണ്ടിയുമായി പോയ കടവന്ത്ര ഗാന്ധിനഗർ ഉദയാകോളനി പ്രഭാകരന്റെ മകൻ വിജയനാണ് (40) കാറിടിച്ച് മരിച്ചത്. മാലിന്യശേഖരണ തൊഴിലാളിയാണ് മരിച്ച ഉദയൻ.

അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ എളമക്കര കൊല്ലാട്ട് രാജശേഖരൻ (63) സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തിന് കാരണമായ കാറിൽ ഉണ്ടായിരുന്ന തൃപ്പൂണിത്തുറ സ്വദേശികളായ ജിത്തു, സോണി എന്നിവരെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം.

അമിത വേഗതയിലെത്തിയ കാർ കലൂർ പാവക്കുളം ക്ഷേത്രത്തിന് മുന്നിൽ രണ്ട് വാഹനങ്ങളിലിടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. പാവക്കുളം ക്ഷേത്രത്തിനു മുന്നിൽ പെട്ടി ഓട്ടോറിക്ഷയിലാണ് ആദ്യം കാർ ഇടിച്ചത്. ഇടിയെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞു. പിന്നാലെ രാജശേഖരന്റെ ഇലക്ട്രിക് സ്‌കൂട്ടറിലും ഉന്തുവണ്ടിയുമായി പോയ വിജയനെയും കാർ ഇടിച്ചു തെറിപ്പിച്ചു.

നിർത്താതെ മുന്നോട്ടുപോയ കാറിനെ നാട്ടുകാർ പിന്തുടർന്നു പിടികൂടി എറണാകുളം നോർത്ത് പൊലീസിന് കൈമാറി. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വാഹനത്തിൽ സ്‌കൂൾ യൂണിഫോമിലുള്ള രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു