- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടവരുടെ ഭൗതികാവശിഷ്ടം ലഭിച്ചില്ലെന്ന പരാതിയുമായി ബ്രിട്ടീഷ് എംപി കിം ലീഡ്ബീറ്റെർ പാർലിമെന്റിൽ; പരാതി ശ്രദ്ധയിൽ എത്തിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി; രാജ്യാന്തര ബന്ധം വഷളാകുമോയെന്ന് ഇരുപക്ഷത്തും ആശങ്ക
ലണ്ടൻ: പല വിഷയങ്ങളിൽ പരസ്പരം കൊമ്പു കോർത്തിരുന്ന ഇന്ത്യയും ബ്രിട്ടനും നയതന്ത്ര ബന്ധങ്ങൾ വീണ്ടും ഊഷ്മളമാക്കിയത് ബ്രക്സിറ്റ് യാതാർഥ്യമായതോടെയാണ്. ഈ മഞ്ഞുരുക്കലിൽ ഇരു പക്ഷത്തിനും ലാഭ കണക്കുകൾ പറയാനുള്ളതിനാൽ വേണ്ടതിലധികം വിട്ടുവീഴ്ചകൾ നൽകിയാണ് ബന്ധം സുദൃഢമാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിൽ അധികമായി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന മുഴുവൻ ബന്ധവും ഇക്കഴിഞ്ഞ ബുധനാഴ്ച ബ്രിട്ടീഷ് പാർലിമെന്റിൽ നടന്ന തുടർന്ന് വലിയ ചോദ്യ ചിഹ്നമായി മാറുകയാണ് ഇരു കൂട്ടർക്കും.
ആധുനിക ഇന്ത്യ ചരിത്രത്തിലെ കറുത്ത ഏടായി വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യൻ പ്രധാനമന്ത്രി മോദിയെ വിമർശിക്കാൻ ഏറ്റവും അധികം ഉപയോഗിക്കപ്പെട്ട ഗുജറാത്ത് കലാപമാണ് ബ്രിട്ടീഷ് പാർലിമെന്റിൽ ചർച്ചയ്ക്ക് എത്തിയത്. കലാപ വിഷയത്തിൽ നേരിട്ടുള്ള ചർച്ച ആയിരുന്നില്ലെങ്കിലും കലാപത്തിൽ കൊല്ലപ്പെട്ട മൂന്നു ബ്രിട്ടീഷ് പൗരന്മാരുടെ ഭൗതിക അവശിഷ്ടങ്ങൾ ഇനിയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന പരാതിയാണ് ഒടുവിൽ പാർലിമെന്റൽ ലേബർ എംപി കിം ലീഡ് ബീറ്റർ ചർച്ചയ്ക്കു എത്തിച്ചത്.
സാധാരണ ഗതിയിൽ മറ്റൊരു രാജ്യത്തെ കാര്യം ചർച്ച ചെയ്യുന്നത് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യം ആണെങ്കിലും ഈ വിഷയത്തിൽ സ്വന്തം നാട്ടിലെ പൗരന്മാരുടെ കാര്യം കൂടിയാണ് എന്നത് ചർച്ചയുടെ ഗൗരവം വർധിപ്പിക്കുന്നു. യോർക്ഷയറിലെ ബാറ്റ്ലി സ്‌പെയ്ൻ പ്രദേശത്തെ ദാവൂദ് കുടുംബത്തിൽ പെട്ട മൂന്നു ബ്രിട്ടീഷ് പൗരരാണ് ഗുജറാത്തിലെ ബന്ധുക്കളെ കാണാൻ കലാപകാലത്ത് എത്തിയത്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാറിലെ ഡ്രൈവർ അടക്കം നാലുപേരും കലാപത്തിൽ കൊല്ലപ്പെടുക ആയിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ ഇരുപതു വർഷമായിട്ടും ദാവൂദ് കുടുംബത്തിന് കൊല്ലപ്പെട്ടവരുടെ മൃതദേഹ അവശിഷ്ടങ്ങൾ കൈമാറാൻ ഇന്ത്യ തയ്യാറാകുന്നില്ല എന്ന കുടുംബത്തിന്റെ പരാതിയാണ് എംപി വഴി പാർലിമെന്റിൽ എത്തിച്ചിരിക്കുന്നത്.
രാഷ്ട്രീയത്തിനുപരി തിരഞ്ഞെടുപ്പ് കാലം എന്നതും പ്രധാനം
ഇന്ത്യയിൽ അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയം ആയതിനാൽ ബ്രിട്ടീഷ് പാർലിമെന്റിൽ നടന്ന ചർച്ച വലിയ പ്രാധാന്യത്തോടെ ഇന്ത്യൻ മാധ്യമങ്ങളിലും വിദേശ മാധ്യമങ്ങളിലും എത്താനിടയുണ്ട് എന്നതും മോദി സർക്കാരിനെ അലോസരപ്പെടുത്തുന്ന കാര്യമാണ്. അതിനാൽ തന്നെ അനവസരത്തിൽ നടന്ന ചർച്ച എന്ന മട്ടിലാകും ഇന്ത്യ നിലപാട് എടുക്കുക.
മാധ്യമങ്ങൾ വിഷയം ഏറ്റെടുത്താൽ മറ്റൊരു തിരഞ്ഞെടുപ്പ് കാലത്തു കൂടി ഗുജറാത്ത് വിഷയം ചർച്ച ചെയ്യപ്പെടും എന്ന സാധ്യതയാണ് തെളിയുന്നത്. പക്ഷെ പാർലിമെന്റിൽ നടന്ന ചർച്ച മാധ്യമ വാർത്തകൾ വഴി അറിഞ്ഞതല്ലാതെ നേരിട്ട് ഇതുവരെ ഒരു തരത്തിൽ ഉള്ള കത്തിടപാടുകളും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ എംബസി.
കലാപം നടന്നതിന്റെ ഇരുപതാം വാർഷികം എന്ന പേരിട്ടു തന്നെ ബ്രിട്ടീഷ് പാർലിമെന്റിൽ ചർച്ച നടന്നുവെന്ന വിവരം തീർച്ചയായും ഇന്ത്യൻ നേതൃത്വത്തെ ചൊടിപ്പിക്കാൻ കരുത്തുള്ളതാണ്. കാശ്മീർ വിഷയത്തിൽ അടുത്ത കാലത്ത് ഇത്തരത്തിൽ ചർച്ച നടന്നപ്പോഴും കടുത്ത ഭാഷയിൽ ഇന്ത്യ എതിർപ്പുയർത്തിയിരുന്നു. തുടർന്ന് ഒരു വിധത്തിൽ ആശ്വാസ വാക്കുകളമായി രംഗത്ത് വന്നാണ് ബ്രിട്ടൻ രംഗം തണുപ്പിച്ചെടുത്തത്.
ഈ ഘട്ടത്തിൽ ബ്രിട്ടനോട് ഒരു സന്ധിക്കും തയ്യാറിലെന്ന സൂചന നൽകാൻ റാഫേൽ യുദ്ധ വിമാന കരാർ യൂറോപ്യൻ യൂണിയനുമായി ഒപ്പിട്ടാണ് ഇന്ത്യ മറുപടി നൽകിയത്. ഏറെക്കുറെ സമാനമായ അന്തരീക്ഷമാണ് ഗുജറാത്ത് കലാപം ചർച്ചക്ക് എടുത്തതിലൂടെ ഉരുത്തിരിയുന്നതും. ബ്രിട്ടീഷ് പാർലിമെന്റിൽ നിന്നും ഔദ്യോഗികമായി കത്ത് എത്തിയാൽ അന്തരീക്ഷം ചൂടുപിടിക്കും എന്നുറപ്പാണ്.
എംപിക്കൊപ്പം തന്നെയെന്ന് ബ്രിട്ടീഷ് സർക്കാരും
പാർലിമെന്റിൽ ചർച്ച നടന്നതിനാൽ ബ്രിട്ടീഷ് സർക്കാരിന് വിഷയത്തിൽ നിന്നും പിന്നോക്കം പോകാനാകില്ലെന്നാണ് സൂചന. ഇതു വ്യക്തമാക്കി മൃതദേഹങ്ങൾ എത്തിക്കാൻ ഉള്ള ആവശ്യത്തിനു സർക്കാർ പിന്തുണ നൽകുമെന്നാണ് ചർച്ചയിൽ മറുപടി നൽകിയ വിദേശകാര്യ സഹമന്ത്രി അമാൻഡ മിലിങ് വ്യക്തമാക്കിയത്. അതേസമയം വാണിജ്യ സെക്രട്ടറി ആയിരിക്കെ ഇന്ത്യയുമായി മികച്ച ബന്ധം വളർത്തിയെടുത്ത ഇപ്പോഴത്തെ വിദേശ കാര്യാ മന്ത്രി ലിസ് ട്രേസിന്റെയും ഇന്ത്യ ബന്ധത്തിനായി ഒട്ടേറെ സമയം മിനക്കെടുത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും മനസ്സിലിരിപ്പ് കൂടി ഇക്കാര്യത്തിൽ പ്രധാനമാണ്.
ഇക്കാര്യത്തിൽ പരാതിക്കാരുടെ കാര്യത്തിൽ ആത്മാർത്ഥമായ നീക്കം നടത്താൻ ബ്രിട്ടൻ തയ്യാറാകുമോ എന്ന ചോദ്യം പ്രധാനമാണ്. ഇതുവരെ കുടുംബം നേരിട്ട് ഈ ആവശ്യവുമായി ഇന്ത്യയെ സമീപിച്ചിട്ടില്ല എന്നും ഇന്ത്യൻ പക്ഷം വാദിക്കുന്നു. തങ്ങൾക്ക് ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരറിവും ഇല്ലെന്നാണ് ഇന്ത്യൻ എംബസി പ്രസ് സെക്രട്ടറി വിശ്വേഷ് നേഗി പ്രതികരിച്ചത്.
അതേസമയം കുടുംബം തയ്യാറായാൽ കോൺസുലാർ വഴി ഇന്ത്യൻ സർക്കാരിനെ ബന്ധപ്പെടാനും ഇന്ത്യയിലെ കോടതിയുടെ സഹായം തേടാനും ബ്രിട്ടീഷ് സർക്കാർ സഹായം ചെയ്യാമെന്നണ് ചർച്ചക്ക് മറുപടി നൽകിയ വിദേശകാര്യ സഹമന്ത്രി അമാൻഡ വ്യക്തമാക്കിയത്. ബ്രിട്ടനിൽ മാത്രമല്ല ലോകമെങ്ങും ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം എന്നും അമാൻഡ തുടർന്ന് വ്യക്തമാക്കി.
ലോകത്തിലെ മഹത്തായ ജനാധിപത്യം തുടരുന്ന ഇന്ത്യ ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും കലാപത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങൾക്കായി നൽകുമെന്നാണ് പ്രതീക്ഷയെന്നും അമാൻഡ സൂചിപ്പിച്ചു. കൂട്ടത്തിൽ ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയെന്നും കോവിഡ് നിയന്ത്രണത്തിൽ ലോകത്തെ നിർധന രാജ്യങ്ങൾക്കു വാക്സിൻ എത്തിച്ചത് നൽകിയതുമൊക്കെ ചൂണ്ടിക്കാട്ടി തന്റെ വാക്കുകൾ പരമാവധി മയപ്പെടുത്താനും അമാൻഡ തുനിഞ്ഞത് ശ്രദ്ധേയമായി.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.