തിരുവല്ല: ഭർതൃ മാതാവിനെ യാത്രയാക്കാൻ എത്തിയ യുവതി ട്രെയിനിന് അടിയിൽ വീണു മരിച്ചു. കുന്നന്താനം നാട്ടുവാതുക്കൽ കുന്നേൽ മിഥുന്റെ ഭാര്യ അനു (32)വാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ തിരുവല്ല റെയിൽവേ സ്റ്റേഷനിലാണ് അപകടം. മിഥുന്റെ മാതാവ് അജിത സുരേന്ദ്രനെ ശബരി എക്സ്പ്രസിൽ ഹൈദരാബാദിലേക്ക് യാത്രയയ്ക്കാൻ എത്തിയതായിരുന്നു അനു. അമ്മയെ സഹായിക്കുന്നതിനും സാധനങ്ങൾ അകത്ത് എടുത്തു വയ്ക്കുന്നതിനുമായി അനുവും ട്രെയിനിൽ കയറിയിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിതുടങ്ങി.

ഇതറിഞ്ഞ് പെട്ടെന്ന് ചാടി ഇറങ്ങുന്നതിനിടയിലാണ് സംഭവം. അനു കാൽ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനുമിടയിലേക്ക് വീഴുകയായിരുന്നു. നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയിൽപ്പെട്ട് രണ്ടു കാലും അറ്റു പോയി. പെട്ടെന്ന് ട്രെയിൻ നിർത്തി ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.

ദുബായിൽ ആയിരുന്ന മിഥുനും അനുവും ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. മിഥുന്റെ സഹോദരി മൃദുലയുടെ വിവാഹത്തിനാണ് വന്നത്. ഒരാഴ്ച മുൻപ് മിഥുൻ മടങ്ങിപോയിരുന്നു. അടുത്ത മാസം 10ന് അനു ദുബായിലേക്കു പോകാനിരിക്കുകയായിരുന്നു. മൃദുലയും ഭർത്താവും
അനുവിനോടൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. ചങ്ങനാശേരി കോട്ടമുറി ഇരുപ്പപുരയിടത്തിൽ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകളാണ്.
സംസ്‌കാരം പിന്നീട്.