മൂന്നാർ: വൈദികർ സഞ്ചരിച്ചിരുന്ന കാർ കാട്ടാന മറിച്ചിട്ടു. അര മണിക്കൂർ കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് വൈദികർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സിഎസ്‌ഐ പള്ളിവാസൽ ഇടവക വികാരി റവ.ശങ്കർ ആനന്ദ്, ദേവികുളം വികാരി റവ.ഡേവിഡ്‌സൺ വിജയകുമാർ, മാട്ടുപ്പെട്ടി വികാരി റവ.സെൽവകുമാർ എന്നിവരാണ് കാട്ടാനയാക്രമണത്തിൽ തകർന്ന കാറിൽ നിന്നു രക്ഷപ്പെട്ടത്.

രണ്ടു ദിവസം മുൻപ് ചിന്നക്കനാൽ സിങ്കുകണ്ടത്താണ് സംഭവം. വെളുപ്പിന് അഞ്ചേമുക്കാലിനാണ് ഇവർ സഞ്ചരിച്ചിരുന്ന കാർ കാട്ടാനയുടെ മുൻപിൽപെട്ടത്. തുമ്പിക്കൈ കൊണ്ട് കാർ അടിച്ചു തകർത്ത ശേഷം കാലുകൊണ്ടു മറിച്ചിടുകയായിരുന്നു. രണ്ടു തവണ മറിഞ്ഞ കാറിൽ നിന്നും മൂവരും പുറത്തു കടക്കാൻ ശ്രമിച്ചെങ്കിലും ആന വാഹനത്തിനു സമീപത്തു തന്നെ നിന്നതിനാൽ പുറത്തിറങ്ങാനായില്ല. കാറിനുള്ളിൽ കുരുങ്ങിയ ഇവരെ ഇതുവഴിയെത്തിയ മറ്റു യാത്രക്കാർ, കാട്ടാനയെ ഓടിച്ചശേഷം രക്ഷപ്പെടുത്തുകയായിരുന്നു. കാർ പൂർണമായി തകർന്നു.