- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യൻ പട്ടാളം നാളെ ഉക്രെയിൻലേക്ക് ഇരച്ചു കയറിയേക്കും; കീവ് നഗരത്തെ ബോംബിൽ മുക്കി കൊല്ലും; അവസാന സമാധാന നീക്കവുമായി ബൈഡനും ബോറിസ് ജോൺസണും; പ്രതികരിക്കാതെ സേനാവിന്യാസം നടത്തി റഷ്യ; എംബസി അടച്ചു കമ്പ്യുട്ടറുകൾ നശിപ്പിച്ച് അമേരിക്ക
വാഷിങ്ടൺ: ഉക്രെയിനിൽ റഷ്യയുടെ സൈനിക നടപടികൾ നാളെ ഉണ്ടായേക്കും എന്ന ആശങ്ക കനത്ത സാഹചര്യത്തിൽൻ ഭാവി പരിപാടികളെ കുറിച്ച് വിശദമായി സംസാരിക്കുവാൻ ഇന്നലെ ബ്രിട്ടീഷ പ്രധാനമന്ത്രി ബോറിസ് ജോൺസനും അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും തമ്മിൽ ടെലിഫോണിൽ സംസാരിച്ചു.പ്രതീക്ഷ ഇനിയും നശിച്ചിട്ടില്ല എന്ന് വിലയിരുത്തിയ ഇരു നേതാക്കാളും കിഴക്കൻ യൂറോപ്പിൽ ഒരു യുദ്ധം ഒഴിവാക്കുവാനായി നയതന്ത്ര വഴികളിലൂടെയുള്ള ശ്രമങ്ങൾ തുടരാൻ തീരുമാനിച്ചു. ഏകദേശം 40 മിനിറ്റോളം ഇരു നേതാക്കളൂം തമ്മിൽ സംസാരിച്ചു എന്നാണ് ഐ ടി വി റിപ്പോർട്ട് ചെയ്തത്.
ഉക്രെയിനിലേക്ക് റഷ്യ അതിക്രമിച്ചു കയറിയാൽ അത് റഷ്യയ്ക്ക് മാത്രമല്ല, ലോകത്തിനും വിനാശകരമായ സംഭവഗതികൾക്ക് കാരണമായേക്കുമെന്ന് ഇരു നേതാക്കളും വിലയിരുത്തി. റഷ്യയുടെ ഭീഷണി ചെറുക്കാൻ സാമ്പത്തിക ഉപരോധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ പാശ്ചാത്യ ശക്തികൾ ഒരുമിച്ച് നിൽക്കണം എന്ന കാര്യത്തിൽ ഇരു നേതാക്കളും ഒരേ അഭിപ്രായത്തിൽ എത്തി.അതോടൊപ്പം തന്നെ പ്രകൃതി വാതകത്തിനായി റഷ്യയെ കൂടുതലായി ആശ്രയിക്കുന്നത് പാശ്ചാത്യ ശക്തികൾ അവസാനിപ്പിക്കണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മറ്റെന്തിനേക്കാൾ റഷ്യയുടെ താത്പര്യങ്ങൾക്ക് കോട്ടം തട്ടുന്ന ഒരു നടപടിയായിരിക്കും അങ്ങനെ ചെയ്താൽ ഉണ്ടാവുക എന്നും അവർ പറയുന്നു.
നേരത്തേ ബോറിസ് ജോൺസനും ഇക്കാര്യം പറഞ്ഞിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ വാതകത്തിന് അടിപ്പെട്ടിരിക്കുകയാണെന്നായിരുന്നു ബോറിസ് പറഞ്ഞത്. അതേസമയം ഉക്രെയിനിലെ അമേരിക്കൻ എംബസിയിൽ അവശേഷിക്കുന്ന ജീവനക്കാരെ തലസ്ഥാന നഗരമായ കീവിൽ നിന്നും പടിഞ്ഞാറൻ അതിർത്തിയിലെ നഗരമായ ല്വിവിലേക്ക് മാറ്റിയതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. അതിർത്തിയിൽ റഷ്യൻ സൈന്യത്തിന്റെ ചില അപ്രതീക്ഷിത നടപടികൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. എംബസിയുടെ പ്രവർത്തനം പഴയപൊലെ നടക്കും എന്നു പറഞ്ഞ ബ്ലിൻകൻ പക്ഷെ ഉക്രെയിനിൽ അവശേഷിക്കുന്ന അമേരിക്കൻ പൗരന്മാരോട് ഉടൻ നാടുവിടാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതുപോലെ കീവിലെ എംബസിയിലുള്ള നെറ്റ്‌വർക്കിങ് സംവിധാനങ്ങളും കമ്പ്യുട്ടറുകളും നശിപ്പിക്കുവാനും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉത്തരവിട്ടുകഴിഞ്ഞു. റഷ്യൻ കരങ്ങളിൽ അവ എത്താതിരിക്കാനാണ് ഈ നടപടി. ഉക്രെയിൻ പ്രശ്നം നയതന്ത്ര തലത്തിൽ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി ഈ വാരം അവസാനത്തിൽ ബോറിസ് ജോൺസൺ വീണ്ടും ഒരു യൂറോപ്യൻ യാത്ര നടത്തുന്നുണ്ട്. ഇന്നലെ കീവിൽ എത്തിയ ജർമ്മൻ ചാൻസലർ ഒലാഫ് ഷൂൾസ് ഇന്ന് മോസ്‌കോ സന്ദർശിക്കും.
റഷ്യ സൈനിക വിന്യാസം ഒരുക്കുമ്പോൾ, ഒരു ആക്രമണമുണ്ടായാൽ റഷ്യയെ ശ്വാസം മുട്ടിക്കാൻ ഉതകുന്ന ഉപരോധങ്ങളാണ് മറുവശത്ത് പാശ്ചാത്യ ശക്തികൾ ഒരുക്കുന്നതെന്ന വർത്തകളും പുറത്തുവരുന്നുണ്ട്. റഷ്യയ്ക്ക് വിദേശ നിക്ഷേപം ലഭിക്കാത്ത ഒരു അവസ്ഥ സംജാതമാക്കും. അതോടൊപ്പം യൂറോപ്പിലേക്ക് വാതകവിതരണത്തിനായി നിർമ്മിച്ചിരിക്കുന്ന നോർഡ് സ്ട്രീം 1 ഗ്യാസ് പൈപ്പ്ലൈൻ പ്രവർത്തനം തുടങ്ങാൻ വൈകിപ്പിച്ചേക്കും. റഷ്യൻ ബാങ്കൂകളേയും മറ്റ് വ്യവസായ സ്ഥാപനങ്ങളേയും ഉപരോധം ഏർപ്പെടുത്തി ശ്വാസം മുട്ടിക്കും. എന്നാൽ, ഇക്കാര്യത്തിൽ ഇനിയും യൂറോപ്യൻ രജ്യങ്ങൾക്കിടയിൽ ഒരു ഐക്യകണ്ഠമായ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. നോർഡ് സ്ട്രീം 2 വിന്റെ ഏറ്റവും വലിയ ഉപഭോക്താവായ ജർമ്മനി റഷ്യയ്ക്കെതിരെ മൃദു സമീപനമാണ് സ്വീകരിക്കുന്നത്.
2014-ൽ റഷ്യ ഉക്രെയിൻ ആക്രമിച്ച് ക്രീമിയ പിടിച്ചെടുത്തപ്പോൾ റഷ്യൻ പ്രകൃതി വാതകത്തിന് ബദൽ സംവിധാനം ആലോചിക്കാതിരുന്ന യൂറോപ്യൻ രാജ്യങ്ങളുടെ തെറ്റായ നടപടിയിൽ നിന്നും പാഠം പഠിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. നോർഡ് സ്ട്രീം പൈപ്പ്ലൈൻ ആരംഭിക്കുന്നത് വൈകിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, അതേസമയം, റഷ്യയിൽ നിന്നെത്തുന്ന പ്രകൃതി വാതകമാണ് മിക്ക യൂറോപ്യൻ സമ്പദ്വ്യവസ്ഥകളേയും മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്. റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ യൂറോപ്പ് ഒരു ബദൽ ഊർജ്ജസ്രോതസ്സ് കണ്ടെത്തണമെന്നും ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു.
അതേസമയം, ഇന്നലെ വീവിൽ എത്തിയ ജർമ്മൻ ചാൻസലർ ഷൂൾസുമായി കൂടിക്കാഴ്‌ച്ച നടത്തിയതിനു ശേഷം ഉക്രെയിൻ പ്രധാനമന്ത്രി വോളോഡിമിർ സെലെൻസ്‌കി പറഞ്ഞത് നോർഡ് സ്ട്രീം 2 ഒരു രാഷ്ട്രീയ ആയുധമാണെന്ന് എല്ലാവരും മനസ്സിലാക്കണം എന്നായിരുന്നു. തങ്ങൾക്ക് തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്ന് പറഞ്ഞ സെലെൻസ്‌കി, തങ്ങൾ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും, വ്യത്യസ്തമായ തന്ത്രങ്ങൾ ആവിഷ്‌കരിക്കുകയാണെന്നും പറഞ്ഞു. ശത്രുപക്ഷം അതിർത്തിക്കടുത്തെത്തി എന്നത് തങ്ങൾക്ക് അറിയാം എന്നു പറഞ്ഞ സെലെൻസ്‌കി, അവർ എത്രപേരുണ്ടെന്നും ഏതെല്ലാം വിധത്തിലുള്ള ആയുധങ്ങൾ ഉണ്ടെന്നും അറിയാം എന്നു പറഞ്ഞു. ഉക്രെയിനും ഭേദപ്പെട്ട ഒരു സൈന്യമുണ്ടെന്ന കാര്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
പാശ്ചാത്യലോകത്ത് ഒരുക്കങ്ങളും ചർച്ചകളുംതകൃതിയായി നടക്കുമ്പോൾ പക്ഷെ റഷ്യ തീർത്തും ശാന്തമാണ്. പടിഞ്ഞാറൻയൂറോപ്യൻ രാജ്യങ്ങളുമായി ഇപ്പോഴും ചർച്ചക്ക് തയ്യാറാണ് എന്നുപറഞ്ഞ ക്രെംലിൻ പക്ഷെ അവർ റഷ്യയുടേ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉൾക്കൊള്ളാൻ തയ്യാറാകണം എന്നും പറഞ്ഞു. ഇതോടെ പാശ്ചാത്യ രാജ്യങ്ങൾ പറയുന്നതുപോലെ റഷ്യ ഉടനടി ഉക്രെയിൻ ആക്രമിക്കാൻ ഇടയില്ല എന്നൊരു തോന്നലും വന്നിട്ടുണ്ട്. റഷ്യയുടെ പ്രധാന ആവശ്യങ്ങൾ പരിഗണിക്കുവാനായി അമേരിക്കയുമായും സഖ്യകക്ഷികളുമായും കൂടുതൽ ചർച്ചകൾ വേണമെന്ന്‌റഷ്യൻ വിദേശകാര്യം മന്ത്രി സെർജി ലാവ്റോവ് പുട്ടിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
യൂറോപ്പിൽ വിന്യസിക്കുന്ന മിസൈലുകളുടെ എണ്ണത്തിൽ കുറവു വരുത്താനും, സൈനിക പരിശീലനങ്ങൾ പരിമിതപ്പെടുത്താനും കൂടുതൽ ചർച്ചകൾക്ക് അമേരിക്ക സന്നദ്ധമാകും എന്നുതന്നെയാണ് കരുതപ്പെടുന്നത്. കൂടുതൽ നയതന്ത്ര ചർച്ചകൾക്ക്പുടിൻ പച്ചകൊടി കാണിച്ചു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അപ്പോഴും റഷ്യയുടെ മൊത്തം സൈനിക ശക്തിയുടെ60 ശതമാനത്തോളം ഇപ്പോഴും ഉക്രെയിൻ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത് കടുത്ത ആശങ്കയുയർത്തുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ