- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപി സംരക്ഷണ സമിതി പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരണം അലങ്കോലപ്പെടുത്താൻ വെള്ളാപ്പള്ളി പക്ഷത്തിന്റെ ശ്രമം; സ്ത്രീകളെ ഇളക്കി വിട്ടെങ്കിലും വിജയിച്ചില്ല; കള്ളക്കേസിൽ കുടുക്കാനുള്ള നീക്കം പാളി
പത്തനംതിട്ട: എസ്എൻഡിപിയിൽ പ്രതിനിധ്യ വോട്ടിങ് സമ്പ്രദായം ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ എസ്എൻഡിപി സംരക്ഷണ സമിതിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ജില്ലാ കമ്മറ്റി രൂപീകരണ യോഗം സ്ത്രീകളെ അടക്കം ഇളക്കി വിട്ട് അലങ്കോലപ്പെടുത്താൻ ശ്രമം.
സംഘാടകർ സംയമനം പാലിക്കുകയും ബഹളവുമായി വന്നവരെ പുറത്താക്കുകയും ചെയ്തതിന് ശേഷം ജില്ലാ കമ്മറ്റി രൂപീകരിച്ചു. ചൊവ്വാഴ്ച വൈകിട്ട് മൂന്നു മണിയോടെ ശാന്തി ടൂറിസ്റ്റ് ഹോമിലായിരുന്നു സംഭവം അരങ്ങേറിയത്.
ജില്ലാ കമ്മറ്റി രൂപീകരണത്തിനായി 30 പേരെയാണ് ക്ഷണിച്ചിരുന്നത്. ഇതിൽ 29 പേരും പങ്കെടുക്കാനെത്തി. യോഗം തുടങ്ങിയപ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥികളായി ഏതാനും സ്ത്രീകളും യുവാക്കളുമെത്തി. യോഗ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ ഇവർ ബഹളവുമായെത്തി. തങ്ങൾക്ക് സംസാരിക്കാൻ അവസരം വേണമെന്നായിരുന്നു ആവശ്യം. ക്ഷണിക്കാതെ വന്നവർക്ക് ഏറ്റവും അവസാനമായി സംസാരിക്കാൻ അവസരം നൽകാമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മധു പരുമല പറഞ്ഞു.
ഇതോടെ സ്ത്രീകൾ അടക്കമുള്ളവർ ബഹളവുമായി എണീറ്റു. രംഗങ്ങൾ വീഡിയോയിൽ പകർത്താനും ശ്രമം നടന്നു. സ്ത്രീകളെ കൈയേറ്റം ചെയ്തെന്ന് വരുത്തി തീർത്ത് തങ്ങളെ കുടുക്കാനുള്ള നീക്കമായിരുന്നുവെന്ന് മധു പരുമല പറഞ്ഞു. നിങ്ങൾ യോഗത്തിൽ അതിക്രമിച്ചു കയറിയവർ ആണെന്നും മര്യാദയ്ക്ക് സ്ഥലം വിട്ടില്ലെങ്കിൽ കളി മാറുമെന്നും മധു മുന്നറിയിപ്പ് നൽകി. കുറച്ചു സമയം ബഹളം വച്ചതിന് ശേഷം ഇവർ സ്ഥലം വിട്ടു.
വെള്ളാപ്പള്ളി നടേശന്റെ പിണിയാളുകളെ ഇളക്കി വിട്ട് യോഗം അലങ്കോലപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്ന് മധു പരുമല പറഞ്ഞു. തുടർന്ന് നടന്ന യോഗം മധു പരുമല ഉദ്ഘാടനം ചെയ്തു. യോഗനേതൃത്വത്തിൽ നിന്ന് വെള്ളാപ്പള്ളി തെറിക്കുമെന്ന് ഉറപ്പായപ്പോൾ തരം താണ കളികൾ നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനായി ഇയാളുടെ ആജ്ഞാനുവർത്തികളെ ഇളക്കി വിടുകയും ചെയ്യുന്നുവെന്നും മധു പറഞ്ഞു.
പ്രദീപ് കുളങ്ങര അധ്യക്ഷത വഹിച്ചു. രാജൻ തെങ്ങേലി, വിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് ജില്ലാ കമ്മറ്റി രൂപീകരണം നടന്നു. പ്രദീപ് കുളങ്ങര(ചെയർമാൻ), മനു കാരയ്ക്കാട് (കൺവീനർ), ജ്യോതിഷ് കോന്നി (ജോയിന്റ് കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഇതിൽ ജ്യോതിഷ് ഡിവൈഎഫ്ഐ പ്രവർത്തകനാണ്. സംരക്ഷണ സമിതിയുടെ ജില്ലാ ഭാരവാഹിത്വം ഏറ്റെടുത്തതോടെ പാർട്ടിയുടെ വിവിധ മേഖലകളിൽ നിന്നും ജ്യോതിഷിന് മേൽ സമ്മർദം ഉള്ളതായും പറയുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്