ന്യൂഡൽഹി: യുക്രൈൻ - റഷ്യ യുദ്ധമുഖത്ത് നിർണായക ഇടപെടലുമായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.

യുക്രൈനുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. റഷ്യയും നാറ്റോ ഗ്രൂപ്പും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായ സംഭാഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂ എന്ന തന്റെ ദീർഘകാല ബോധ്യം പ്രധാനമന്ത്രി ആവർത്തിച്ചു. അക്രമം ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും നയതന്ത്ര ചർച്ചകളുടെയും സംഭാഷണങ്ങളുടെയും പാതയിലേക്ക് മടങ്ങാൻ എല്ലാ ഭാഗത്തുനിന്നും യോജിച്ച ശ്രമങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ടു.

യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചും പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനെ ബോധവത്കരിച്ചു, അവരുടെ സുരക്ഷിതമായ പുറത്തുകടക്കുന്നതിനും ഇന്ത്യയിലേക്ക് മടങ്ങുന്നതിനും ഇന്ത്യ ഏറ്റവും മുൻഗണന നൽകുന്നുവെന്നും അറിയിച്ചു.

ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.

അതേസമയം, യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

അതേ സമയം ചെർണോബിൽ പിടിച്ചെടുക്കാൻ റഷ്യ പുതിയ നീക്കം തുടങ്ങി. ഇതിനെതിരെ പോരാടുകയാണ് യുക്രൈൻ സേന. ഇരു വിഭാഗങ്ങളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. ചെർണോബിലിലെ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ് റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം. 1986ലെ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ സൈന്യം പോരാടുകയാണ് ചെർണോബിലിലെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി പറഞ്ഞു.

സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഉത്തരവിട്ട് നിമിഷങ്ങൾക്കുള്ളിലാണ് യുക്രൈനിൽ വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകൾ പതിച്ചു. ഉഗ്ര സ്ഫോടനങ്ങൾ പല ഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

യുക്രെയ്‌നിൽ പാശ്ചാത്യർ ഇടപെടരുതെന്ന റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ ആവർത്തിച്ചുള്ള കർശന നിലപാടാണ് യുക്രെയ്ൻ നിലപാടിൽനിന്ന് നാറ്റോയെ പിന്നോക്കം വലിച്ചതെന്ന് സൂചന. റഷ്യ യുക്രെയ്‌നിനെ ആക്രമിക്കുമെന്ന സൂചന കിട്ടിയപ്പോൾ തന്നെ നാറ്റോ സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.

എന്നാൽ, യുക്രെയ്‌നിലേക്ക് നാറ്റോ ഉടൻ സൈന്യത്തെ അയയ്ക്കില്ലെന്നാണ് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബർഗ് വ്യാഴാഴ്ച വ്യക്തമാക്കിയത്. പ്രതിസന്ധി ചർച്ചചെയ്യാൻ വെള്ളിയാഴ്ച നാറ്റോ രാജ്യങ്ങൾ യോഗം ചേരും.

യുക്രെയ്‌നിൽനിന്ന് റഷ്യയെ പിന്തിരിപ്പിക്കുന്നതിൽ യുഎസിന്റെയും യുഎന്നിന്റെയും ഇടപെടൽ ദുർബലമെന്നു രാജ്യാന്തര തലത്തിൽ വിമർശനം ശക്തമാണ്. കിഴക്കൻ യുക്രെയ്‌നിലെ സ്വയം പ്രഖ്യാപിത റിപ്പബ്ലിക്കുകളെ അംഗീകരിക്കുന്നുവെന്ന റഷ്യയുടെ തീരുമാനം വന്നപ്പോൾ തന്നെ ദുർബലമായ ഉപരോധ പ്രഖ്യാപനങ്ങളാണ് യുഎസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

വിഷയത്തിൽ ഇടപെടുമെന്ന് യുഎസ് ആവർത്തിക്കുന്നുണ്ടെങ്കിലും ഏതുതരം നടപടിയാണ് റഷ്യക്കെതിരെ ഉണ്ടാവുകയെന്ന് വ്യക്തമല്ല. അടിയന്തര യോഗം ചേർന്ന യുഎൻ രക്ഷാസമിതിയിൽ ലോകരാജ്യങ്ങളുടെ പിന്തുണ യുക്രെയ്ൻ ആവർത്തിച്ച് അഭ്യർത്ഥിച്ചെങ്കിലും പ്രതികരണം അനുകൂലമായിരുന്നില്ല.