കീവ്: യുക്രൈനിലെ ചെർണോബിൽ പിടിച്ചെടുത്തുകൊണ്ട് ആദ്യ ദിനത്തിലെ ആക്രമണം റഷ്യ അവസാനിപ്പിച്ചു. ചെർണോബിലിലെ ന്യൂക്ലിയർ പവർ പ്ലാന്റിന്റെ നിയന്ത്രണം എറ്റെടുത്ത റഷ്യൻ സൈന്യം യുക്രൈൻ അധിനിവേശത്തിന്റെ ആദ്യ ദിനം വിജയകരമെന്ന് പ്രഖ്യാപിച്ചു.

ചെർണോബിലിൽ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. 1986ലെ ദുരന്തം വീണ്ടും ആവർത്തിക്കാതിരിക്കാൻ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കി പറഞ്ഞു.



സൈനിക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുതിൻ ഉത്തരവിട്ട് നിമിഷങ്ങൾക്കുള്ളിലാണ് യുക്രൈനിൽ വ്യോമാക്രമണം തുടങ്ങിയത്. യുക്രൈനിലെ പല മേഖലകളിലും മിസൈലുകൾ പതിച്ചു. ഉഗ്ര സ്ഫോടനങ്ങൾ പല ഭാഗത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

സൈനികനീക്കം ആരംഭിച്ചതു മുതൽ റഷ്യ 203 ആക്രമണങ്ങൾ നടത്തിയെന്ന് യുക്രെയ്ൻ വ്യക്തമാക്കി. യുക്രെയ്നിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 14 പേരുമായി വന്ന യുക്രെയ്ൻ സൈനിക വിമാനം തലസ്ഥാനമായ കീവിന്റെ തെക്ക് ഭാഗത്ത് തകർന്നുവീണു. സുമി, കാർക്കീവ്, കെർസൺ, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടം നടക്കുന്നുണ്ട്.



യുക്രെയ്നിലെ 70 ൽ അധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി റഷ്യ അവകാശപ്പെട്ടു. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ സൈനിക കേന്ദ്രങ്ങൾ തകർത്തതായാണ് റഷ്യ അവകാശപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ 74 സൈനിക താവളങ്ങൾ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

11 വ്യോമതാവളങ്ങൾ, മൂന്ന് സൈനിക പോസ്റ്റുകൾ, 18 റഡാർ സ്റ്റേഷനുകൾ, വിമാനവേധ മിസൈൽ സംവിധാനങ്ങൾ എന്നിവ തകർത്തു. യുക്രെയ്ൻ സൈനിക ഹെലികോപ്റ്ററും നാല് ഡ്രോണുകളും വെടിവച്ചിട്ടതായും ഇഗോർ കൊനാഷെങ്കോവ് അറിയിച്ചു. റഷ്യൻ സായുധ സേനയുടെ പിന്തുണയോടെ വിമത സേന ആക്രമണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്‌ലാദിമർ പുടിൻ രംഗത്തെത്തി. റഷ്യയെ സംരക്ഷിക്കാൻ മറ്റൊരു മാർഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ ഇതേ മാർഗമുണ്ടായിരുന്നുള്ളു എന്ന് പുടിൻ പറയുന്നു.

യുക്രെയ്‌നിനു മുകളിൽ റഷ്യൻ മിസൈലുകൾ അഗ്നി വർഷിക്കുമ്പോൾ ആശങ്ക പുകയുന്നത് ബാൾട്ടിക് രാജ്യങ്ങളിൽ കൂടിയാണ്. സോവിയറ്റ് യൂണിയനു കീഴിലായിരുന്ന എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളാണ് യുക്രെയ്‌നു ശേഷം റഷ്യ തങ്ങൾക്കെതിരെയും തിരിയുമോയെന്ന ആശങ്കയിലുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്തു മൂന്ന് ബാൾട്ടിക് രാജ്യങ്ങളെയും ജോസഫ് സ്റ്റാലിൻ ആക്രമിച്ചു സോവിയറ്റ് യൂണിയനോടു കൂട്ടിച്ചേർക്കുകയായിരുന്നു. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ഈ രാജ്യങ്ങൾ സ്വതന്ത്രമായി.



2004ൽ നാറ്റോയിൽ അംഗമായ ഈ മൂന്ന് രാജ്യങ്ങളും നിലവിൽ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സുരക്ഷാ തണലിലാണ്. അതേസമയം യുക്രെയ്‌നാകട്ടെ, നാറ്റോയിലെ അംഗവുമല്ല. റഷ്യയ്‌ക്കെതിരെ കൂടുതൽ ശക്തമായ ഉപരോധങ്ങൾ കൊണ്ടുവരണമെന്നു വാദിക്കുകയും കൂടുതൽ സൈനിക വിന്യാസം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ബാൾട്ടിക് രാജ്യങ്ങളും യുക്രെയ്‌ന്റെ അയൽ രാജ്യമായ പോളണ്ടുമുണ്ട്. റഷ്യൻ നീക്കം മുൻകൂട്ടി കണ്ട ഈ രാജ്യങ്ങളിലെ നേതാക്കൾ പാശ്ചാത്യ രാജ്യങ്ങളോടു സഹായം അഭ്യർത്ഥിച്ചിരുന്നു. യുക്രെയ്ൻ ആക്രമിക്കുന്ന പുടിനു മറുപടി നൽകിയില്ലെങ്കിൽ അടുത്ത നീക്കം പഴയ സോവിയറ്റ് യൂണിയന്റെ മറ്റു ഭാഗങ്ങളിലേക്കായിരിക്കുമെന്നും നേതാക്കൾ ആശങ്ക പങ്കുവച്ചു.

'യുക്രെയ്‌നുവേണ്ടിയുള്ള യുദ്ധം യൂറോപ്പിനുവേണ്ടിയുള്ള യുദ്ധമാണ്. പുടിനെ അവിടെവച്ചു തടഞ്ഞില്ലെങ്കിൽ, അദ്ദേഹം അതിനും അപ്പുറത്തേക്കു പോകും' ലിത്വാനിയൻ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാൻഡ്‌സ്‌ബെർഗിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള സംയുക്ത കൂടിക്കാഴ്ചയ്ക്കു ശേഷമാണു ലിത്വാനിയൻ മന്ത്രി ആശങ്ക വ്യക്തമാക്കിയത്. എന്നാൽ സൈനിക സന്നാഹങ്ങൾ യൂറോപ്പിലെത്തിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേത്തന്നെ ഉറപ്പു നൽകിയിരുന്നു. 800 സൈനികർ, എഫ് 35 പോർവിമാനങ്ങൾ, അപ്പാഷെ ഹെലികോപ്റ്ററുകൾ എന്നിവ മൂന്ന് ബാൾട്ടിക് രാജ്യങ്ങൾക്കു സുരക്ഷ നൽകാനായിരിക്കും ഉപയോഗിക്കുക. പ്രതിരോധത്തിനു വേണ്ടി മാത്രമാണ് ഈ നീക്കമെന്നാണു യുഎസ്നിലപാട്.



അതിനിടെ, യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമർ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം.

ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തിൽ തുടരും.

അതേസമയം, യുക്രൈയിനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങൾ എത്തിക്കാനാണ് ശ്രമം. കൺട്രോൾ റൂമിന്റെ പ്രവർത്തനം ഊർജ്ജിതമാക്കി.

യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാർപ്പിക്കാൻ കൂടുതൽ സൗകര്യം ഒരുക്കും. യുക്രൈയിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാൻ ടീമുകളെ അതിർത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരുകൾ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ഹംഗറി, പോളണ്ട്, സ്ലൊവാക്യ, റൊമേനിയ, എന്നീ അതിർത്തികളിലൂടെയാണ് പൗരന്മാരെ ഒഴിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ഈ രാജ്യങ്ങളുമായി ബന്ധപ്പെട്ടു. 20,000ത്തോളം ഇന്ത്യക്കാരാണ് യുക്രൈനിൽ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ 4000 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

ഇന്ത്യക്കാരെ സഹായിക്കാനായി ടീമുകളെ അതിർത്തികളിലേക്ക് അയച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പത്തംഗസംഘമാവും പ്രവർത്തനം ഏകോപിപ്പിക്കുക. ഈ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒഴിപ്പിക്കലിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചെന്നും വിദേശകാര്യസെക്രട്ടറി വ്യക്തമാക്കി.

നേരത്തെ വ്യോമ മാർഗം ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ശ്രമിച്ചിരുന്നെങ്കിലും റഷ്യൻ സൈനിക നീക്കത്തിന്റെ ഭാഗമായി വ്യോമാതിർത്തി അടച്ചതിനാൽ സാധ്യമായിരുന്നില്ല.ഡൽഹിയിൽ നിന്നും യുക്രൈൻ തലസ്ഥാനമായ കീവ്ലേക്ക് പുറപ്പെട്ട എഐ 1947 വിമാനം യാത്രക്കാരില്ലാതെ ഡൽഹിയിലേക്ക് മടക്കേണ്ടി വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ബദൽ മാർഗം തേടിയത്.