- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യം അറിയിച്ചത് സുഖപ്രസവം എന്ന്; ഡോക്ടർമാരുടെ അശ്രദ്ധയും പിഴവും മൂലം പൊലിഞ്ഞത് അദ്ധ്യാപികയായ ലക്ഷ്മിയുടെ ജീവൻ; കോട്ടയം തെള്ളകത്തെ മിറ്റേര ആശുപത്രിയിലെ ദുരൂഹമരണത്തിൽ നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടർന്ന് ഭർത്താവായ അഭിഭാഷകൻ
കോട്ടയം: പരിചരണത്തിൽ ഡോക്ടർമാരുടെ അശ്രദ്ധയും പിഴവും മൂലം പ്രസവത്തെ തുടർന്ന് ഭാര്യ മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ നിയമ പോരാട്ടം തുടർന്ന് കോട്ടയത്തെ പ്രമുഖ അഭിഭാഷകൻ. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂർ തച്ചനാട്ടേൽ അഡ്വ. ടി.എൻ. രാജേഷിന്റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അദ്ധ്യാപിക ജി.എസ്.ലക്ഷ്മി (41) പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷം ചികിത്സാ പിഴവും ഡോക്ടർമാരുടെ അശ്രദ്ധമായ പരിചരണവും മൂലം മരിച്ചത്. മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സാപിഴവുമാണെന്ന് കാട്ടിയാണ് ഏറ്റുമാനൂർ പൊലീസിന് രാജേഷ് പരാതി നൽകിയത്.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രത്യേകിച്ച് പ്രസവത്തിനു വേണ്ടി മാത്രമായി സ്പെഷ്യലൈസേഷനോടെ ആരംഭിച്ച തെള്ളകത്തെ മിറ്റേര ഹോസ്പിറ്റലിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംഭവിച്ച മരണങ്ങളുടെ വിവരാവകാശ രേഖകളും ചികിത്സാ പിഴവ് വ്യക്തമാക്കുന്ന ഗുരുതര പരാമർശങ്ങളടങ്ങിയ സർക്കാരിന്റെ മേറ്റേർണൽ ഓഡിറ്റ് റിപ്പോർട്ടുകളും അടക്കം മുൻനിർത്തിയാണ് അഭിഭാഷകനായ ടി എൻ രാജേഷ് നിയമപോരാട്ടം തുടരുന്നത്.
2020 ഏപ്രിലിൽ 23 വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ ലക്ഷ്മി പെൺകുഞ്ഞിന് ജന്മം നൽകി. സുഖപ്രസവമായിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡോക്ടർ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നു. എന്നാൽ വൈകിട്ട് അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായി എന്നും രക്തം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ആശുപത്രിയിൽ നിന്നു തന്നെ രക്തം തൽക്കാലം നൽകാമെന്നും പിന്നീട് രക്തം പകരം നൽകണമെന്നും അറിയിച്ചു.
എന്നാൽ ഏഴു മണിയോടെ ലക്ഷ്മിയുടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതർ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ സ്റ്റേഷനിൽ നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ ജീവൻ നിലനിർത്താൻ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്നാൽ ബന്ധുക്കളുടെയും രാജേഷിന്റെയും സുഹൃത്തുക്കളുടെയും അന്വേഷണത്തിൽ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ആരോപണം.
മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞുവെന്ന് ബന്ധുക്കൾ പറഞ്ഞു. 8.45 ഓടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭർത്താവിനെ അറിയിച്ചത്. അമിതരക്തസ്രാവമാണ് ലക്ഷ്മിയുടെ മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സംശയം ജനിപ്പിക്കുന്ന പെരുമാറ്റവും അവസാനനിമിഷം മരുന്ന് ലഭിക്കുന്നില്ലെന്ന് പറഞ്ഞതുമാണ് ചികിത്സാപ്പിഴവ് ഉണ്ടായെന്നുള്ള ആരോപണത്തിലേക്ക് വഴിവച്ചത്. ഈ കേസ് വന്നതിന് ശേഷം നിരവധി പേർ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.
മിറ്റേരയിൽ പ്രസവത്തിന് ശേഷം മരണപ്പെട്ട ജി.എസ് ലക്ഷ്മി എന്ന ഹയർ സെക്കണ്ടറി അദ്ധ്യാപികയുടെ മരണത്തിന് കാരണക്കാരായ ആശുപത്രി അധികൃതർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് റ്റി എൻ രാജേഷ് കഴിഞ്ഞ രണ്ട് വർഷത്തോളമായി നിയമ പോരാട്ടം തുടരുന്നത്. ലക്ഷ്മിയുടെ മരണം നടക്കുമ്പോൾ ആദ്യമായി സംഭവിച്ച കൈപ്പിഴ എന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്ഥിരം സംഭവമാണ് എന്ന് മനസ്സിലായതോടെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഒരു ആരോഗ്യ പ്രശ്‌നവും ഇല്ലാതിരുന്ന ലക്ഷ്മി പ്രസവ ശുശ്രൂഷയിൽ ഡോക്ടർമാർ വരുത്തിയ അശ്രദ്ധയും വീഴ്ചയും മൂലമാണ് മരിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ വ്യക്തമാണ്.
ചികിത്സാ പിഴവുകൾ തുടർകഥയാക്കി കോട്ടയം മിറ്റേര ആശുപത്രി
മിറ്റേര എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം അമ്മ എന്നാണ് . ഡോ.ജയ്പാൽ ജോൺസന്റെ നേതൃത്വത്തിൽ കോട്ടയം തെള്ളകത്ത് മിറ്റേര ആശുപത്രി ആരംഭിച്ചതും അമ്മയുടെ കരുതൽ വാഗ്ദാനം ചെയ്തുകൊണ്ടാണ് . കുട്ടികൾക്കും അമ്മമാർക്കുമുള്ള സ്‌പെഷ്യലിസ്റ്റ് ആശുപത്രിയായ മിറ്റേരയിൽ (ജർമനിയിലും ഇതേ പേരിൽ ഇതേ ഉദ്ദേശത്തോടു കൂടിയുള്ള ആശുപത്രിയുണ്ട് ) പത്ത് വകുപ്പുകളാണുള്ളത്. എന്നാൽ കുട്ടികളുടെ മരണങ്ങളിലൂടെ വാർത്തകളിൽ നിറയുകയാണ് മിറ്റേര. കഴിഞ്ഞ നാല് വർഷത്തിനിടയിൽ 15 നവജാത ശിശുക്കൾ ഈ ആശുപത്രിയിൽ മരണപ്പെട്ടു . മൂന്ന് അമ്മമാരും .
പ്രസവത്തെ തുടർന്ന് സ്‌കൂൾ അദ്ധ്യാപികയായിരുന്ന ജി എസ് ലക്ഷ്മിയാണ്(41) ഇവിടെ വച്ച് മരണപ്പെട്ടത് . പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
2020 ഏപ്രിൽ 23നാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 ന് നാലരമണിയോടെ പെൺകുഞ്ഞിനെ പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്ന് ബന്ധുക്കളെ ഡോക്ടർ അറിയിച്ചു. എന്നാൽ, അഞ്ചരയോടെ ലക്ഷ്മിക്ക് രക്തസ്രാവം ഉണ്ടായെന്നും രക്തം ആവശ്യമുണ്ടെന്നും അറിയിച്ചു. ആശുപത്രിയിൽനിന്നുതന്നെ രക്തം തത്കാലം നൽകാമെന്നും അധികൃതർ പറഞ്ഞു.
ഏഴ് മണിയോടെ, രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും രണ്ടുതവണ ഹൃദയസ്തംഭനം ഉണ്ടായെന്നും പറഞ്ഞു. പിന്നീട് ലക്ഷ്മി മരിച്ചതായും ആശുപത്രി അധികൃതർ ഭർത്താവിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. രക്തസ്രാവം നിലയ്ക്കാത്തതിനാൽ ഗർഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടർ അറിയിച്ചെന്നും ബന്ധുക്കൾ സ്റ്റേഷനിൽ മൊഴി നൽകിയിരുന്നു.
രണ്ട് വർഷത്തോളമായി നീളുന്ന നിയമപോരാട്ടം
ലക്ഷ്മിയുടേയും രാജേഷിന്റെയും കുഞ്ഞിന് ഇപ്പോൾ രണ്ട് വയസ്സാകാറായിരിക്കുന്നു. ആ കുഞ്ഞ് ഒരിക്കൽ പോലും അമ്മയുടെ മുഖം കണ്ടിട്ടില്ല. അമ്മിഞ്ഞപ്പാൽ കുടിച്ചിട്ടില്ല. തന്റെ പ്രിയതമയുടെ അകാല മരണം വേട്ടയാടുകയാണ് ഈ അഭിഭാഷകനെ. കോടതിയിൽ പോലും എത്താൻ കഴിയാത്ത വിധം അന്ന് തകർന്നുപോയിരുന്നു രാജേഷ്. നീതി നിഷേധിക്കുന്നവർക്ക് വേണ്ടി നീതി തേടി ഇറങ്ങുകയായിരുന്നു ഈ അഭിഭാഷകൻ.
പഞ്ചനക്ഷത്ര ആശുപത്രികളിൽ കൊല്ലപ്പെടുന്ന ഇത്തരം മനുഷ്യരുടെ ശബ്ദമായി മാറുകയാണ് രാജേഷ്. പഞ്ചനക്ഷത്ര ആശുപത്രികളുടെ പണക്കൊതിക്ക് ആരെങ്കിലും ഇരയായാൽ ചികിത്സയിലെ അശ്രദ്ധ കൊണ്ടാണ് എന്ന് സാക്ഷ്യപ്പെടുത്തേണ്ടത് ഡോക്ടർമാർ എല്ലാം അംഗങ്ങളായ ഐഎംഎയാണ്. ഐഎംഎ പറഞ്ഞാൽ മാത്രമെ കോടതി അംഗീകരിക്കു. ഇത്തരം കേസുകളിൽ സഹപ്രവർത്തകരെ ഒറ്റിക്കൊടുക്കാൻ ഐഎംഎ തയ്യാറാകില്ല എന്നതാണ് വാസ്തവം.
ലോകത്ത് എങ്ങും ഇല്ലാത്ത വിധം പഞ്ചനക്ഷത്ര ആശുപത്രികളിൽ ഡോക്ടർമാരുടെ അവഗണനകൊണ്ട് പിഴവുകൾകൊണ്ട് ദാരുണമായി നിരവധി പേർ കൊല്ലപ്പെടുകയും ഈ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് പലപ്പോഴും കണ്ടുവരുന്നത്. ഇതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ആ അച്ഛനും കുഞ്ഞും.
നീതി ബോധത്തിനു സാമൂഹ്യ ബോധത്തിനും ഒക്കെ ബോധ്യമാകും അത് സാധാരണ മരണമല്ല കൊലപാതകമാണെന്ന്. പക്ഷെ കൊലപാതകമാണ് എന്ന് പറയേണ്ടത് ഐഎംഎ ആയതിനാൽ അവർ ശിക്ഷിക്കപ്പെടില്ല.
പഞ്ചനക്ഷത്ര ആശുപത്രികൾ ആർത്തി മൂത്ത് നിരന്തരം ആളുകൾ മതിയായ ചികിത്സ കിട്ടാതെ കൊന്നൊടുക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കൊലപാതകം അനാഥാരമാക്കുന്നത് നിരവധി അച്ഛന്മാരെയും അമ്മമാരെയും ഭാര്യമാരെയും ഭർത്താക്കന്മാരെയും സഹോദരി സഹോദരന്മാരെയുമാണ് അവർക്ക് വേണ്ടിയുള്ള പോരാട്ടമാണ് തന്റെ പ്രിയതമയുടെ അകാല വിയോഗത്തിന് ശേഷം രാജേഷ് ഇപ്പോഴും തുടരുന്നത്. തനിക്ക് മാത്രമല്ല, ഈ നാടിന് ഒന്നാകെ നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ.
2017ൽ ആരംഭിച്ച ആശുപത്രി.
കാരിത്താസ് ആശുപത്രിയിലെ ഏറ്റവും പ്രശസ്തനായ ഗൈനക്കോളജി വിഭാഗത്തിലെ
ഡോ. ജയ്പാൽ ജോൺസൻ മറ്റു ചില സുഹൃത്തുക്കളും ചേർന്ന് തുടങ്ങിയതാണ് മാതാ ഹോസ്പിറ്റൽ. മാതാ ഹോസ്പിറ്റലിൽ നിന്നും പിന്നീട് ഭിന്നിച്ച് തന്റെ സൽപ്പേര് ഉപയോഗിച്ച് 2017ലാണ് മിറ്റേറ ഹോസ്പിറ്റൽ തുടങ്ങുന്നത്.
അടിസ്ഥാന സൗകര്യം ഒന്നും ഒരുക്കാതെ തന്റെ സൽപ്പേരിന്റെ മറവിൽ ഡോ. ജയ്പാൽ വളരെ പെട്ടന്ന് തന്നെ ആശുപത്രിയെ പ്രശസ്തിയിലെത്തിച്ചു. എന്നാൽ വേണ്ടത്ര അടിസ്ഥാന സൗകര്യം ഒരുക്കാതെയായിരുന്നു ഇവിടെ പ്രസവ ശുശ്രൂഷ നടത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞത് തുടർച്ചയായി ഉണ്ടായ മരണങ്ങളിലൂടെയാണ്.
ഡോ. ജയ്പാൽ ജോൺസൻ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. എന്നാൽ എല്ലാ രോഗികളെയും ശുശ്രൂഷിക്കുന്നതിനോ എല്ലാ പ്രസവത്തിന്റെയും മേൽനോട്ടം നൽകാനോ സാധിക്കാതെ വരും. തന്റെ സാന്നിദ്ധ്യം നാമമാത്രമാകുകയും ഒരു മുൻപരിചയവുമില്ലാത്ത ജൂനിയർ ഡോക്ടർമാരെ ചുമതലയേൽപ്പിക്കുകയും അടിസ്ഥാനപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത്രയും മരണങ്ങൾ സംഭവിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.
ഡോ. ജയ്പാൽ ജോൺസൻ പൂർണമായും ശുശ്രൂഷിച്ചിരുന്നുവെങ്കിൽ വിദഗ്ധ ചികിത്സ ഉറപ്പുവരുത്തിയിരുന്നുവെങ്കിൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാമായിരുന്നു. എന്നാൽ നാമമാത്രമായാണ് ഇടപെടുന്നത്. അത്രയേറെ തിരക്കാണ്. സാധാരണ പ്രസവത്തിന് നാട്ടിലെങ്ങും ഇല്ലാത്ത ഫീസ് ഈടാക്കുന്നു. പക്ഷെ ശുശ്രൂഷയും പരിചരവും നടത്തുന്നത് ജൂനിയർ ഡോക്ടർമാരും. അങ്ങനെയാണ് മരണം പതിവായത്.
ലക്ഷ്മിയുടെ പ്രസവ സമയത്ത് വെറും രണ്ട് മിനിറ്റ് മാത്രമാണ് ഡോ. ജയ്പാൽ അവിടെ ഉണ്ടായിരുന്നത്. ബാക്കിയൊക്കെ ജൂനിയർ ഡോക്ടർമാരുടെ ചുമതല. ഡോക്ടർ ജയ്പാൽ അവിടെ ഉണ്ടായിരുന്നുവെങ്കിൽ കൃത്യമായ ശുശ്രൂഷ കിട്ടിയിരുന്നുവെങ്കിൽ ലക്ഷ്മി മരിക്കുമായിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. പരിചരണത്തിലെ അശ്രദ്ധ തന്നെയാണ് ഇവിടെയുണ്ടായ മറ്റ് പല മരണങ്ങളിലും സംഭവിച്ചത്.
വിവരാവകാശ രേഖ - ഇത് മരണത്തിന്റെ വ്യാപാരിയോ?
2017 ൽ ആശുപത്രി തുടങ്ങിയതിന് ശേഷം 2020ൽ ലക്ഷ്മിയുടെ മരണം വരെയുള്ള കാലയളവിൽ അവിടെ പ്രസവത്തിനോടനുബന്ധിച്ച് മരിച്ച് പോയ അമ്മമാരുടെയും കുട്ടികളുടേയും കണക്കുകൾ പുറത്തുവന്നിരുന്നു. അതിരമ്പുഴ പഞ്ചായത്താണ് മരണങ്ങളുടെ കണക്ക് പുറത്ത് വിട്ടത്. 2017 - 2020 കാലഘട്ടത്തിനിടെ 18 നവജാത ശിശുക്കളും മൂന്ന് അമ്മമാരുമാണ് മരണപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച മറുപടിയിലാണ് ഇതു സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന കണക്കുകൾ പഞ്ചായത്ത് പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാന ശരാശരിയേക്കാൾ നാലിരട്ടിയാണ് മിറ്റേര ആശുപത്രിയിൽ ഒരു വർഷം നടക്കുന്ന ദുരൂഹ മരണങ്ങളെന്നാണ് മെഡിക്കൽ രംഗത്തുള്ളവർ പറയുന്നത്.
2018ലെ മരണം മറ്റൊരു മരണവും ഇതൊടൊപ്പം പറയേണ്ടതുണ്ട്. നീണ്ട പതിനെട്ട് വർഷം കുഞ്ഞിന് വേണ്ടി കാത്തിരുന്ന ഷീബ എന്ന കോട്ടയം കുമരകത്തുകാരി ഒടുവിൽ ഇരട്ട കുഞ്ഞുങ്ങളെ ഗർഭം ധരിച്ച് പ്രസവത്തോടെ മരിക്കുന്ന സാഹചര്യമുണ്ടായി.
ഇതിൽ പലതും മതിയായ ചികിത്സ ഉറപ്പുവരുത്താതെ ഡോക്ടർമാരുടെ അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. പിന്നാലെ നടന്ന് പോരടിക്കാൻ ആർക്കും സാധിക്കില്ല. നീതിക്കായി പോരാടിയാലും ഐഎംഎ എന്ന കടമ്പ കടക്കാൻ സാധിക്കില്ല
പരിചരണത്തിൽ വരുത്തിയ വീഴ്ച
മിറ്റേര ആശുപത്രിയിലായിരുന്നു തുടക്കം മുതൽ ലക്ഷ്മിയുടെ ചികിത്സ. 2020 മെയ് മാസം പതിനൊന്നാം തീയതിയായിരുന്നു പ്രസവ തീയതി കുറിച്ചത്. ഏപ്രിൽ മാസം പതിനാറാം തിയതി റെഗുലർ ചെക്കപ്പിന് കൊണ്ടുപോകുന്നു. അപ്പോൾ കാർഡിയാക് കണ്ടീഷൻ പരിശോധിക്കണം എന്ന് പറഞ്ഞ് എക്കോ എടുക്കുന്നതിന് വേണ്ടി കാരിത്താസ് ആശുപത്രിയിലേക്ക് അയയ്ക്കുന്നു. എക്കോ എടുക്കുന്നതിനോ കാർഡിയാക് കണ്ടീഷൻ പരിശോധിക്കുന്നതിനോ ഇവിടെ സൗകര്യമില്ല.
മരണശേഷം നടത്തിയ അന്വേഷണത്തിൽ ഇവിടെ വെന്റിലേറ്റർ പോലുമില്ല എന്നും കണ്ടെത്തിയിരുന്നു. ഒരു കാർഡിയോളജിസ്റ്റില്ല. പ്രസവം സാധാരണ നിലയിൽ നടന്നാൽ എല്ലാം ശരിയാകും. പ്രസവാവസ്ഥ കോംപ്ലിക്കേറ്റഡ് ആയാൽ ആശുപത്രിയിൽ യാതൊരു സൗകര്യവുമില്ല. പ്രസവത്തെ തുടർന്ന് ഇത്രയേറെ മരണങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണം അടിസ്ഥാന സൗകര്യം ഒരുക്കാത്തതെന്ന് വ്യക്തം. അതായത്, ഗൈനക്കോളജിയുടെ എല്ലാ സൗകര്യവുമുണ്ട്. എന്നാൽ പ്രസവം കോംപ്ലിക്കേറ്റഡായാൽ അവിടെ ഒരു സൗകര്യവുമില്ല.
എപ്രിൽ 23ന് കാരിത്താസ് ആശുപത്രിയിൽ നിന്ന് കാർഡിയാക് കണ്ടീഷൻ സംബന്ധിച്ച സർട്ടിഫിക്കറ്റ് കിട്ടി. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ എന്നായിരുന്നു സർട്ടിഫിക്കറ്റിലുണ്ടായിരുന്നത്,
വീണ്ടും ആശുപത്രിയിൽ എത്തുന്നു. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നു. പ്രഷർ വേരിയേഷൻ നോക്കുന്നു. എല്ലാം നോർമലാണ്. എന്നാൽ കാത്തിരിക്കേണ്ട ഇന്ത്യൂസ് ചെയ്ത് പ്രസവം നടത്താം എന്ന് ഡോക്ടർ പറയുന്നു.
മെയ് 11നാണ് പ്രസവ തീയതി എങ്കിലും മെയ് 23ന് പ്രസവം നടത്താൻ തീരുമാനിക്കുന്നു. മൂന്ന് തവണ ഇന്ത്യൂസ് ചെയ്യുന്നു. റിപ്പോർട്ടിൽ കോംപ്ലിക്കേഷൻ സാധ്യത ഉണ്ടെന്ന് കുറിച്ചിട്ടുണ്ട്. പോസിബിൾ കോംപ്ലിക്കേഷൻ (Postpartum hemorrhage -also called PPH) പോസ്റ്റ് പാർട്ട് ഓഫ് ഹെമറേജ് എന്ന് കുറിച്ചിട്ടുണ്ട്. അതായത് കോംപ്ലിക്കേഷൻ സാധ്യത ഉണ്ടായിട്ട് പോലും ഒരു കുപ്പി രക്തം മാത്രമാണ് ക്രോസ് മാച്ച് ചെയ്ത് കാത്തിരുന്നത്. മറ്റൊരു സൗകര്യവും ഒരുക്കിയിരുന്നില്ല എന്നും രേഖകളിൽ നിന്നും വ്യക്തമാകുന്നു.
കോംപ്ലിക്കേറ്റഡ് കേസുകളിൽ ബ്ലീഡിങ് ഉണ്ടാകാൻ സാധ്യതയുണ്ട്. ബ്ലീഡിങ് ഉണ്ടായാൽ ഫ്രഷ് ഫ്രോസൻ പ്ലാസ്മ കരുതേണ്ടതുണ്ട്. എന്നാൽ കരുതിയിരുന്നില്ല. പോസ്റ്റ് പാർട്ട് ഓഫ് ഹെമറേജ് എന്ന് വ്യക്തമായിരുന്നിട്ടും വേണ്ട മുൻകരുതൽ സ്വീകരിച്ചില്ല. രണ്ട് മിനിറ്റുകൊണ്ട് ഡോക്ടർ ജയ്പാൽ ആശുപത്രി വിട്ടു. യൂട്രസിന്റെ സ്വാഭാവികമായ കോൺട്രാക്ഷൻ പോലും പരിശോധിച്ചിട്ടില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പകരം ഒരു ജൂനിയർ ഡോക്ടറായിരുന്നു അവിടെ ഉണ്ടായിരുന്നത്.
യൂട്രസ് ചുരുങ്ങിയിരുന്നില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ ബ്ലീഡിങ് ആരംഭിക്കുന്നു. നാലര മുതൽ ബ്ലീഡിങ് ഉണ്ടായിരുന്നു എന്ന് നേഴ്‌സസ് റിപ്പോർട്ടിലുണ്ട്. എന്നാൽ അവിടെയുണ്ടായിരുന്ന ഡോക്ടർ ബാനിഷിന്റെ റിപ്പോർട്ടിൽ പറയുന്നത് 4.55ന് ബ്ലീഡിംഗിനെ നിയന്ത്രിക്കുന്നതിനുള്ള പരിചരണം നൽകിയപ്പോൾ ബ്ലീഡിങ് നിന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പും നഴ്‌സിന്റെ കുറിപ്പും രണ്ടാണ്. കാരണം നഴ്‌സിന്റെ റിപ്പോർട്ടിൽ അഞ്ച മണി പതിനഞ്ച് മിനിറ്റിലും ബ്ലീഡിങ് ഉണ്ട് എന്ന എഴുതിയിരിക്കുന്നു. ഡോക്ടറുടെ റിപ്പോർട്ടിൽ നാല് 55ന് നിന്നു എന്നും എഴുതിയിരിക്കുന്നു.
ഈ റിപ്പോർട്ട് പരിശോധിക്കുമ്പോൾ 6.13ന് ജയ്പാൽ എത്തി പരിഹാരം ഉണ്ടാക്കുന്നത് വരെ ഈ രക്തപ്രവാഹം നിലയ്ക്കാൻ ഒന്നും ചെയ്തില്ല എന്ന് വ്യക്തമാണ്. അതാണ് ലക്ഷ്മിയുടെ ജീവനെടുക്കുന്നതിന് കാരണമായതെന്ന് വ്യക്തം. ശരിയായ പരിചരണം ലഭിക്കാത്തത് മൂലം ഉണ്ടായ അമിതമായ രക്തപ്രവാഹമാണ് മരണത്തിന് ഇടയാക്കിയത്.
ഡോക്ടർ ജയ്പാലിന്റെ രോഗിയെ ഒരു ജൂനിയർ ഡോക്ടർക്ക് തൊടാൻ പേടിയായിരുന്നു. അനസ്‌തേഷ്യാ നോട്‌സിൽ വ്യക്തമായി പറയുന്നുണ്ട് 6.13നാണ് ആദ്യത്തെ ബോട്ടിൽ രക്തം നൽകിയത്. ഏതാണ്ട് രണ്ട് മണിക്കൂറിലധികം ആവശ്യമായ രക്തം കൊടുത്തില്ല. രക്തസ്രാവം തടയാൻ ശ്രമിച്ചതുമില്ല. അമിതമായ രക്തസ്രാവമാണ് സ്ഥിതി വഷളാക്കിയത്. വിദഗ്ധ ഡോക്ടർ ഉണ്ടായിരുന്നില്ല .വേണ്ടത് ചെയ്തില്ല. ഇതെല്ലാം വീഴ്ചയാണ്.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി പറയുന്നുണ്ട്. അശ്രദ്ധയോടെയുള്ള പരിചരണമാണ് ഗുരുതര വീഴ്ചയ്ക്ക് വഴിവച്ചത്. കാലിന്റെ മുട്ടിന് രണ്ടും മുറിവുണ്ട് എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. വീണുപോയതാണോ എന്നൊന്നും വ്യക്തമല്ല
പിഴവ് ചൂണ്ടിക്കാട്ടി മേറ്റേർണൽ ഓഡിറ്റ് റിപ്പോർട്ട്
പ്രസവത്തോട് അനുബന്ധിച്ച് ഒരു മരണം സംഭവിച്ചാൽ മേറ്റേർണൽ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കണം. അത് തയ്യാറാക്കേണ്ടത് മെഡിക്കൽ കോളേജിന്റെ ചുമതലയാണ്. ഈ മെറ്റേണിറ്റി ഓഡിറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പിൽ റെക്കോർഡായി സൂക്ഷിക്കേണ്ടതാണ്. ഇത് ലോകാരോഗ്യ സംഘടനയ്ക്ക് പോലും കൊടുക്കേണ്ടതാണ്. ഇത്തരം നിർണായക രേഖകൾ വലിയ തെളിവായി മാറേണ്ടതാണ്. പക്ഷെ ഇത്തരം സംഭവങ്ങളിൽ കേസെടുക്കാൻ പൊലീസ് ഇത് ഉപയോഗിക്കുകയെ ഇല്ല. പ്രസവം നടത്തിയ ഡോക്ടർമാരുടേതടക്കം വിദഗ്ധരുടെ മൊഴി എടുത്തുകൊണ്ടുള്ള ഈ രേഖ ഗൗനിക്കുകയെ ഇല്ല എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ ഇടയാക്കുന്നത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം തലവൻ എഴുതിയ റിപ്പോർട്ടിൽ രക്തം കൊടുക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളൊക്കെ തെറ്റാണ് എന്ന് വ്യക്തമായി പറയുന്നു. ഈ മരണത്തിന് കാരണം ആശുപത്രിയുടെ വീഴ്ചയാണെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് ഔദ്യോഗിക രേഖയായി കേസിന് തെളിവായി എടുക്കത്തില്ല. കാരണം അത് കൃത്രിമിത്വം ഇല്ലാത്ത റിപ്പോർട്ടാണ്.
പ്രസവത്തെ തുടർന്നു പേരൂർ തച്ചനാട്ടിൽ ജി.എസ് ലക്ഷ്മിയാണ് മിറ്റേര ആശുപത്രിയിൽ മരിച്ചത് 2020 ഏപ്രിൽ 24 നാണ്. ആശുപത്രിക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും, പ്രസവത്തോടെ മരിച്ചത് ആശുപത്രി അധികൃതരുടെ വീഴ്ച മൂലമാണ് എന്നും ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ലക്ഷ്മിക്കു മികച്ച ശുശ്രൂഷ ഉറപ്പുവരുത്താൻ ആശുപത്രിയിൽ വേണ്ട ക്രമീകരണം ഉണ്ടായില്ലെന്നു ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ബ്ലഡ് ബാങ്ക് അടക്കമുള്ള യാതൊരു സൗകര്യവും ആശുപത്രിയിൽ ഇല്ല. വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് ആശുപത്രിയിൽ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലെന്നു കണ്ടെത്തിയത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആർ.എം.ഒ ഡോ.ആർ.പി രഞ്ജിൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ലിസിയമ്മ ജോർജ്, ജില്ലാ ആർ.സി.എച്ച് മെഡിക്കൽ ഓഫിസർ ഡോ.സി.ജെ സിത്താര എന്നിവർ അടങ്ങുന്ന സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രസവശേഷം രക്തസ്രാവം ഉണ്ടാകുമെന്നു ഉറപ്പായിട്ടും ലേബർറൂമിൽ രക്തമോ പ്ലാസ്മയോ നൽകാൻ കരുതിയില്ല.
ഗർഭപാത്രം ചുരുക്കാനുള്ള നടപടി മാത്രമാണ് സ്വീകരിച്ചത്. വൈകിട്ട് 4.29 ന് പ്രസവം നടന്നപ്പോഴുണ്ടായ അവസ്ഥ ഗുരുതരമാണ് എന്നു തിരിച്ചറിഞ്ഞിട്ടു പോലും, നിമിഷങ്ങൾക്കകം ഡോക്ടർ ആശുപത്രി വിടുകയായിരുന്നു. തുടർ ചികിത്സ നൽകേണ്ട ഡോക്ടർ ജയ്പാലാണ് പരിശോധനകൾ പൂർത്തിയാകും മുൻപ് തന്നെ ആശുപത്രി വിട്ടത്.
മരണം തുടർന്നു, നടപടിയില്ല
ഇത്രയേറെ മരണങ്ങൾ സംഭവിച്ചിട്ടും ഒരു കേസിൽ പോലും ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ പൊലീസോ മറ്റ് അധികൃതരോ തയ്യാറായിട്ടില്ല. ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും പിഴവിനെ തുടർന്നാണ് ആശുപത്രിയിലുണ്ടായ മരണങ്ങളിൽ 90 ശതമാനവും. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും ഒരു ഡോക്ടറും പ്രതിയാക്കപ്പെട്ടില്ല.
ചികിത്സാ പിഴവ് കേസുകൾ ഡി.വൈ.എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനടക്കമുള്ള മെഡിക്കൽ ബോർഡാണ് അന്വേഷിക്കേണ്ടത്. എന്നാൽ, ഇത്തരം മരണങ്ങളിൽ മെഡിക്കൽ ബോർഡിന്റെയോ ഡോക്ടർമാരുടെയോ സഹകരണം പൊലീസിനു ലഭിക്കാറില്ല. അതുകൊണ്ടു തന്നെ അന്വേഷണം പലപ്പോഴും പാതിവഴിയിൽ എത്തി നിൽക്കുകയാണ്. മെഡിക്കൽ ബോർഡിലെ ഡോക്ടർമാർ മറ്റ് ഡോക്ടർമാർക്ക് ചികിത്സാ പിഴവ് സംഭവിച്ചു എന്ന് ഒരിക്കലും സമ്മതിക്കില്ല. അതിനാൽ മിക്ക ഡോക്ടർമാരും ആശുപത്രികളും ഇത്തരം കേസുകളിൽ രക്ഷപെടുകയാണ് പതിവ്. പൊലീസ് കേസ് റെഫർ ചെയ്യുകയും ചെയ്യും.
ഏറ്റുമാനൂർ പൊലീസിൽ നൽകിയ പരാതിയിൽ കേസ് കൊടുത്തപ്പോൾ പൊലീസ് വന്ന് റെക്കോർഡുകൾ എടുക്കുന്നു. അന്നില്ലാത്ത പല രേഖകളും പിന്നീട് ആശുപത്രി അധികൃതർ എഴുതി ഉണ്ടാക്കി പിന്നീട് കൊടുക്കുന്നു. കേസുമായി മുന്നോട്ട് പോകുമ്പോൾ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലടക്കം തിരിമറികൾ ഉണ്ടാകുന്നു.
രാജേഷിന്റെ പരാതിയിൽ കേസെടുത്തെങ്കിലും പ്രതി ആരാണെന്ന് എഫ് ഐ ആറിൽ പരാമർശിക്കുന്നുണ്ടായിരുന്നില്ല. ഏറ്റുമാനൂർ പൊലീസ് ഒൻപത് മാസത്തേക്ക് രാജേഷിന്റെ മൊഴി എടുത്തില്ല. പിന്നീട് രാജേഷ് എസ് പിക്ക് പരാതി കൊടുക്കുന്നു. ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് ഈ കേസ് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലാണ് പിന്നീട് അന്വേഷണവും മൊഴി എടുപ്പും നടന്നത്.
മെഡിക്കൽ ബോർഡ് രൂപീകരിച്ചപ്പോൾ മെറ്റേണിറ്റി ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയ പാനലിലെ ഒരു സീനിയറെ ഒഴിവാക്കാതിരിക്കാൻ രാജേഷ് ഹൈക്കോടതിയെ സമീപിച്ചു. കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ ബോർഡിൽ സീനിയർ ഡോക്ടറെ ഉൾപ്പെടുത്തി. അതിനെ മറികടക്കുന്നതിന് വേണ്ടി ഭൂരിപക്ഷം നേടുന്നതിന് വേണ്ടി ജില്ലാമെഡിക്കൽ ഓഫീസർ , ജില്ല ഗവർമെന്റ് പ്ലീഡർ. സീനിയർ സർക്കാർ ഡോക്ടർ എന്നിവരാണ് ഈ മെഡിക്കൽ ബോർഡിൽ വേണ്ടത്. ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധൻ എന്നിവരാണ് മെഡിക്കൽ ബോർഡിൽ വേണ്ടത്. ഈ നാല് പേർക്ക് പകരം ഇവർ മെഡിക്കൽ ബോർഡിൽ ഏഴ് പേരെ ചേർത്തു. ഡോ. അഞ്ജു എസ് വി എന്ന ഒരു ജൂനിയർ ഡോക്ടറെ വരെ ഉൾപ്പെടുത്തി.
ഈ മെഡിക്കൽ ബോർഡ് വീഴ്ചകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ടിന്റെ സംഗ്രഹം വിചിത്രമാണ്. ഡോക്ടർമാരുടെ പരിചരണത്തിൽ അശ്രദ്ധ ഇല്ലെന്ന് പറയുന്നു. എല്ലാ വീഴ്ചകളും അംഗീകരിക്കുന്നു. പക്ഷെ മെഡിക്കൽ നെഗ്ലിജൻസ് ഇല്ലാ എന്ന് പറയുന്നു. ഗവർമെന്റ് പ്ലീഡർ അതിനോട് വിയോജിച്ചു. അത് കൂടി ചേർത്തു. പ്ലീഡർ പറഞ്ഞത് അശ്രദ്ധ ഉണ്ട് എന്നാണ്. അതായത് റിപ്പോർട്ടിന്റെ സംഗ്രഹത്തിൽ പരിചരണത്തിലെ അശ്രദ്ധ ഉണ്ടെന്നും ഇല്ലെന്നും പറയുന്നു. ഇതനുസരിച്ച് എങ്ങനെ കേസ് മുന്നോട്ട് പോകും.
ഇപ്പോൾ കൂടുതൽ ഉയർന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് വിട്ടിരിക്കുകയാണ്. ആ വിധഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ കേസിന്റെ വിധി നിർണയിക്കപ്പെടുന്നത്. ആരോഗ്യ വകുപ്പിന്റെ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഡയറക്ടർ, ഹെൽത്ത് സർവീസിന്റെ അഡീഷണൽ ഡയറക്ടർ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നവരാണ് ആ വിദഗ്ധ സമിതി.
സാധാരണക്കാർ ചികിത്സാ പിഴവുമൂലം കൊല്ലപ്പെടുന്നത് സംബന്ധിച്ച വാർത്തകൾ നിരന്തരം വരുന്ന പശ്ചാത്തലത്തിൽ സമാനമായ ഒട്ടേറെ സംഭവങ്ങൾ ഇതുവരെ സംഭവിച്ചിട്ടുണ്ട് എന്നത് കൂടി പരിഗണിച്ച് കേസിൽ നീതി നിർവഹണത്തിൽ നിർണായകമാകുക ഇവരുടെ റിപ്പോർട്ടാകും.
മറുനാടന് മലയാളി ബ്യൂറോ