- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഷ്യയുടെ പക്കലുള്ള പണവും ആയുധങ്ങളും തീരുന്നു; 10 ദിവസം കൂടി യുക്രെയിൻ പിടിച്ചുനിന്നാൽ പുടിന് പിൻവാങ്ങേണ്ടി വരും; റഷ്യൻ പ്രസിഡന്റിനെയും സേനയെയും ഞെട്ടിച്ചത് സെലൻസ്‌കിയുടെ പടയുടെ ധീരമായ ചെറുത്തുനിൽപ്പ്; നാല് നാൾ കൊണ്ട് യുദ്ധം തീർക്കാൻ വന്ന അധിനിവേശക്കാർ വിയർക്കുന്നു; വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാവശത്ത് നിന്നും ആക്രമണം
കീവ്: പുടിനും, റഷ്യൻ സേനയും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. യുക്രെനിയൻ സേനയുടെ ഈ ധീരമായ ചെറുത്തുനിൽപ്പ്. അമിത ആത്മവിശ്വാസം, തന്ത്രപരമായ ആസൂത്രണത്തിലെ പാളിച്ച, യുക്രെയിന്റെ അതിജീവനത്തിനായുള്ള പോരാട്ടം എന്നിവയാണ് പുടിന്റെ പദ്ധതികളെ പുറകോട്ടടിക്കുന്നത്.
റഷ്യയുടെ 2800 ഓളം സൈനികരെ വകവരുത്തിയെന്നും, 80 ടാങ്കുകളും, 516 കവചിത വാഹനങ്ങളും, 10 വിമാനങ്ങളും, ഏഴ് ഹെലികോപ്ടറുകളും തകർത്തെന്നുമാണ് യുക്രെയിൻ അവകാശപ്പെടുന്നത്. വിജയം കൈവരിക്കാൻ എല്ലാ ദിശകളിൽ നിന്നും മുന്നേറ്റം വിപുലമാക്കാനാണ് റഷ്യൻ സൈന്യത്തിന് ഇപ്പോൾ കിട്ടിയിരിക്കുന്ന നിർദ്ദേശം. കീവ് പിടിക്കാനുള്ള ശ്രമങ്ങളെ യുക്രെയിൻ സേന ശക്തമായി ചെറുക്കുന്നതാണ് റഷ്യൻ പടയെ വിഷമിപ്പിക്കുന്നത്.
റഷ്യ പ്രതീക്ഷിച്ചതിനേക്കാൾ ചെറുത്തുനിൽപ്പാണ് നേരിടേണ്ടി വരുന്നതെന്ന് മുതിർന്ന അമേരിക്കൻ പ്രതിരോധ വിദഗ്ദ്ധർ പറയുന്നു. ശത്രുവിനെ കബളിപ്പിക്കാൻ ചില തന്ത്രങ്ങളും പയറ്റുന്നുണ്ട് യുക്രെയിൻ സേന. തെരുവുകളുടെയും, നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും എല്ലാം പേരുകൾ റോഡ് സൈനുകളിൽ നിന്ന് മാറ്റാനാണ് നാട്ടുകാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത് ശത്രുവിനെ കുഴയ്ക്കാനും, ശ്രദ്ധ മാറ്റാനും വേണ്ടിയാണ്. അധിനിവേശക്കാരെ തുരത്താൻ സാധ്യമായത് എന്തും ചെയ്യുമെന്നാണ് യുക്രെയിൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രഖ്യാപനം.
ബോറോസ്പിൽ ദേശീയപാതയിലെ ഒരു ചുവരെഴുത്തിൽ ഇങ്ങനെ കണ്ടു....റഷ്യൻ യുദ്ധ കപ്പൽ പോയി തുലയട്ടെ. സ്‌നേക് ഐലൻഡിൽ കാവൽ നിന്ന അതിർത്തി ഗാർഡുകളെ കീഴടങ്ങാൻ വിസമ്മതിച്ചതിന്റെ പേരിൽ വകവരുത്തിയിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ചുവരെഴുത്തിൽ പ്രതിഫലിച്ചത്.
റഷ്യയുടെ പണവും ആയുധങ്ങളും തീരുന്നു
അതേസമയം, കീവ് ഒരു 10 ദിവസം കൂടി പിടിച്ചുനിന്നാൽ, പുടിന് സെലൻസ്‌കി സർക്കാരുമായി മധ്യസ്ഥ ചർച്ച നടത്തേണ്ടി വരുമെന്ന് എസ്റ്റോണിയയുടെ മുൻ പ്രതിരോധ മേധാവി റീഹോ ടെറസ് പറഞ്ഞു. കാരണം റഷ്യക്ക് അതിവേഗം ആയുധങ്ങളും പണവും തീർന്നുകൊണ്ടിരിക്കുകയാണ്. യുക്രെയിനുമായി യുദ്ധം എളുപ്പമായിരിക്കുമെന്നും ഒരു നാല് ദിവസത്തിനുള്ളിൽ തീർപ്പാകും എന്നുമാണ് പുടിൻ കണക്കുകൂട്ടിയത്. എന്നാൽ, അത് വിചാരിച്ചത് പോലെ നടക്കുന്നില്ല.
യുദ്ധം ആളുകളിൽ ഉണ്ടാക്കുന്ന ഭീതി, ജനവാസ കേന്ദ്രങ്ങളിൽ ഇടയ്ക്കിടെയുള്ള മിസൈലാക്രമണം, സൈന്യത്തിൽ നിന്ന് കൂട്ട കൂറുമാറ്റം, ആയുധം വച്ച് കീഴടങ്ങൽ, സെലൻസ്‌കിയുടെ പലായനം എന്നിവയാണ് പുടിൻ പ്രതീക്ഷിച്ചത്. അതിവേഗം തലസ്ഥാനമായ കീവ് പിടിച്ച് പാവ സർക്കാരിനെ അവരോധിക്കാൻ ആയിരുന്നു പുടിന്റെ മോഹം. എന്തായാലും, യുക്രെയിൻ സേനയുടെ ശക്തമായ ചെറുത്തുനിൽപ്പ് അവരെ ഞെട്ടിച്ചിരിക്കുകയാണ്.
തെക്ക് കിഴക്കൻ നഗരമായ മെലിടോപോൾ റഷ്യ പിടിച്ചെന്ന് ഇന്റർഫാക്‌സ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഗണ്യമായ ജനസംഖ്യയുള്ള നഗരം പിടിച്ചടക്കിയത് ശരിയെങ്കിൽ റഷ്യക്ക് നേട്ടം തന്നെയാണ്. എന്നാൽ, 1,50,000 പേരുള്ള നഗരം റഷ്യ പിടിച്ചുവോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനകം, 198 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയിന്റെ ഭാഗത്ത് നിന്നുള്ള കണക്ക്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വെടിനിർത്തൽ നിർദ്ദേശം തള്ളിയതോടെ എല്ലാ വശത്ത് നിന്നും ആക്രമണം
വെടിനിർത്തലിനുള്ള ചർച്ച ബെലാറസിൽ നടത്തുന്നതിൽ യുക്രെയിൻ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് എല്ലാ വശത്ത് നിന്നും ആക്രമണം ശക്തമാക്കാൻ റഷ്യൻ സൈന്യത്തിന് പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകിയതെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
സമവായ സാധ്യത മുന്നിൽ കണ്ട് വെള്ളിയാഴ്ച ഉച്ച മുതൽ യുക്രെയിനിലെ സൈനിക ദൗത്യം തൽക്കാലം നിർത്തിവെയ്ക്കാൻ റഷ്യൻ പ്രസിഡന്റ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ചർച്ചയ്ക്ക് യുക്രെയിൻ നേതൃത്വം വിസമ്മതിച്ചതോടെയാണ് സൈനിക ദൗത്യം ശക്തമാക്കാൻ നിർദ്ദേശം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തലിന് റഷ്യ മുന്നോട്ടുവെയ്ക്കുന്ന ഉപാധികൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് യുക്രെയിന്റെ നിലപാട്.
കീവിൽ തിങ്കളാഴ്ച വരെ കർഫ്യൂ നീട്ടിയതിനു പിന്നാലയാണ് നാല് ഭാഗത്ത് നിന്നും റഷ്യ ആക്രമിക്കാൻ തീരുമാനിച്ചത്. കീവിൽ നിയന്ത്രണങ്ങൾക്ക് ഇളവുണ്ടാകില്ലെന്നു മേയർ അറിയിച്ചു. ഹാർകിവിൽ യുക്രെയ്ൻ-റഷ്യൻ സേനകൾ തമ്മിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. യുക്രെയ്‌നിൽ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. കീവ് പൊരുതി നിൽക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു. യുക്രെയൻ ചർച്ചക്ക് തയാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി.
വടക്ക് കീവിലും വടക്കുകിഴക്ക് ഹർകീവിലും തെക്ക് ഖേഴ്‌സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്റെ ഹൃദയഭാഗമായ മെയ്ഡൻ ചത്വരത്തിൽ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ കീവ് പൂർണമായും യുക്രെയൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അവകാശപ്പെട്ടു.
മറുനാടന് ഡെസ്ക്