- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രെയിന്റെ സൈനിക ഡിപ്പോ തകർക്കാൻ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെ ആണവ ഒഴിപ്പിക്കൽ ഡ്രില്ലിന് ഉത്തരവിട്ട് പുടിൻ; കുടുംബാംഗങ്ങളെ സൈബീരിയയിൽ ഒളിപ്പിച്ചു; മരിയോപോളിൽ 400 പേർ താമസിച്ചിരുന്ന സ്‌കൂൾ ബോംബിട്ട് തകർത്തും ക്രൂരത
കീവ്: യുക്രെയിനിലെ തുറമുഖ നഗരമായ മരിയുപോളിൽ, റഷ്യൻ വ്യോമസേന ഒരു ആർട്ട് സ്‌കൂൾ ബോംബിട്ട് തകർത്തു. 400 ഓളം പേർ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന കെട്ടിടമാണ് തകർത്തത്. ആൾ നാശത്തെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെങ്കിലും, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് യുക്രെയിൻ അധികൃതർ പറയുന്നത്.
മരിയുപോളിലെ റഷ്യയുടെ ഭീകര പ്രവൃത്തികൾ നൂറ്റാണ്ടുകളോളം വേട്ടയാടുമെന്ന് യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി പറഞ്ഞു. യുക്രെയിന്റെ സൈനിക ഡിപ്പോ തകർക്കാൻ റഷ്യ കഴിഞ്ഞദിവസം ഏറ്റവും പുതിയ കിൻസൊ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറൻ യുക്രയിനിൽ റൊമാനിയൻ അതിർത്തിയോടുചേർന്നുള്ള ഇവാനോ ഫ്രാങ്കിവ്സ്‌കിലെ ഭൂഗർഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകർത്തത്. സ്ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നെന്നാണ് റഷ്യ അവകാശപ്പെടുന്നത്. 2000 കിലോമീറ്റർ പരിധിയും ശബ്ദത്തെക്കാൾ 10 മടങ്ങു വേഗവുമുള്ള ഹൈപ്പർസോണിക് മിസൈൽ റഷ്യ ആദ്യമായാണു യുക്രെയ്‌നിൽ പ്രയോഗിക്കുന്നത്.
അതേസമയം, യുക്രെയിന് ജാവലിൻ, സ്റ്റിംഗർ മിസൈലുകൾ അടക്കമുള്ള അമേരിക്കൻ ആയുധങ്ങൾ ഏതാനും ദിവസങ്ങൾക്കകം കിട്ടുമെന്ന് യുക്രെയിന്റെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് പറഞ്ഞു.
പുടിൻ ആണവായുധം പ്രയോഗിക്കുമോ?
അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആണവായുധം പ്രയോഗിച്ചേക്കുമെന്ന സൂചനകളും വന്നു. ആണവ ഒഴിപ്പിക്കൽ ഡ്രിൽ നടത്താൻ പുടിൻ റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തു. യുക്രെയ്ൻ യുദ്ധം തുടങ്ങുന്നതിനു മുന്നോടിയായി പുടിൻ തന്റെ കുടുംബാംഗങ്ങളെ സൈബീരിയയിൽ പണിത അതിസുരക്ഷാ, അത്യാധുനിക ബങ്കറിൽ ഒളിപ്പിച്ചെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ആണവ ബോംബുകൾ വീണാൽ പോലും തകരാത്തത്ര കരുത്തുറ്റതാണ് ഈ ബങ്കറുകൾ.
ആണവയുദ്ധം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കളാണെന്നും അതു റഷ്യയുടെ തലയിൽ കെട്ടിവയ്‌ക്കേണ്ടെന്നുമാണ് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവ് നേരത്തെ പ്രതികരിച്ചത്. മൂന്നാം ലോകയുദ്ധമുണ്ടായാൽ അത് ആണവയുദ്ധമായിരിക്കുമെന്നും ലാവ്റോവ് പറഞ്ഞിരുന്നു. അണ്വായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ സേനാ കമാൻഡുകൾക്കു നിർദ്ദേശം നൽകിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏതു സമയത്തും പ്രയോഗിക്കാൻ പാകത്തിൽ 897 ആണവ പോർമുനകളാണ് മിസൈലുകളിൽ ഘടിപ്പിച്ച് റഷ്യ തയാറാക്കിയിരിക്കുന്നത്. സദാ വിക്ഷേപണ സന്നദ്ധമായി നിർത്തിയിരിക്കുന്ന 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതിൽപെടും. പതിനഞ്ചു മിനിട്ടിൽ താഴെ മതി ഇവ വിക്ഷേപിക്കാൻ.
മറുനാടന് ഡെസ്ക്