- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒളിഞ്ഞു കിടന്ന ടാങ്ക്; നിരവധി കെട്ടിടങ്ങൾക്കിടയിലൂടെ റഷ്യൻ വാഹനവ്യുഹത്തെ ഒന്നൊന്നായി തകർക്കുന്ന വീഡിയോ വൈറലാകുന്നു; ഒറ്റ ടാങ്കിൽ നിന്നേറ്റ ആക്രമണത്തിൽ റഷ്യൻ ഉപരോധം പൊളിഞ്ഞു; 20,000 റഷ്യൻ പട്ടാളക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് യുക്രെയിന്റെ അവകാശവാദം
യുദ്ധത്തിന്റെ വിജയം പലപ്പോഴും നിർണ്ണയിക്കുക ആൾബലമോ ആയുധബലമോ ആയിരിക്കുകയില്ല, മറിച്ച് ഓരോ സൈന്യവും സ്വീകരിക്കുന്ന യുദ്ധതന്ത്രങ്ങളായിരിക്കും. അത്തരമൊരു മികച്ച യുദ്ധതന്ത്രത്തിന്റെ ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന യുക്രെയിനിൽ നിന്നുള്ള ഈ വീഡിയോ. കീവിൽ നിന്നും 80 കിലോമീറ്റർ മാത്രം അകലെയാണ് ഈ സംഭവം നടന്നത്.
യുക്രെയിന്റെ ഒരു ടാങ്ക്, തികച്ചും ഏകനായി റഷ്യൻ ടാങ്ക് വ്യുഹത്തെ തകർക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. ഡോൺ ഉപയോഗിച്ച് എടുത്ത വീഡിയോ യുക്രെയിൻ വോളന്റിയർ യൂണിറ്റ് അവരുടെ ടെലഗ്രാം അക്കൗണ്ട് വഴിയാണ് പ്രസിദ്ധപ്പെടുത്തിയത്. തലസ്ഥാന നഗരത്തിന് പടിഞ്ഞാറ് മാറി നോവാബസനിലെ നിരത്തിലാണ് റഷ്യൻ സൈന്യത്തിന് ഈ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്. യുക്രെയിന്റെ ടി- 64 ടാങ്കാണ് റഷ്യയുടെ ബി ടി ആർ -82എ ടാങ്കുകളുടെ വ്യുഹത്തെ തകർത്തെറിഞ്ഞത്.
ഇവിടെ യുക്രെയിൻ ടാങ്കിന് മേൽക്കൈ ലഭിക്കാൻ കാരണം അത് നിലയുറപ്പിച്ചത് വളരെ തന്ത്രപ്രധാനമായ ഒരു സ്ഥലത്തായിരുന്നു എന്നതാണ്. യുക്രെയിൻ ടാങ്കിൽ നിന്നുയർന്ന ആദ്യ വെടിയിൽ തന്നെ ഒരു ബി ടി ആർ ടാങ്ക് കത്തിയമരുന്നത് വീഡിയോയിൽ കാണാം. റഷ്യൻ സൈന്യം ഉടനേ തിരിച്ചടിച്ചെങ്കിലുംകാടടച്ചു വെടിവയ്ക്കുവാനെ അവർക്ക് നിവർത്തിയുണ്ടായുള്ളു. കാരണം യുക്രെയിൻ ടാങ്ക് അപ്പോഴും അവരുടെ കാഴ്‌ച്ചയ്ക്കപ്പുറത്ത് ഒളിഞ്ഞിരിക്കുകയായിരുന്നു.
ഒരു വലിയ കെട്ടിടത്തിനു പുറകിൽ മറഞ്ഞു നിന്ന്, മുന്നിലുള്ള മറ്റു ചില കെട്ടിടങ്ങൾക്കിടയിലൂടെ അതീവ സൂക്ഷ്മതയോടെ വെടിയുതിർക്കുകയായിരുന്നു യുക്രെയിൻടാങ്ക്. കാണാമറയത്തുള്ള ടാങ്കിനെ തേടി വെടിയുണ്ടകൾ ഉതിർത്ത റഷ്യൻ ടാങ്കുകൾ ഒന്നൊന്നായി എരിഞ്ഞടങ്ങുന്നത് വീഡിയോയുടെ ആദ്യ പാദത്തിൽ കാണാം. പിന്നീട് കൂടുതൽ യുക്രെയിൻ സൈനികർ എത്തി തോറ്റോടിയ ഈ സൈനികവ്യുഹത്തെ നശിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
അതിനിടയിൽ, റഷ്യയിൽ നിന്നും പിടിച്ചെടുത്ത തെർമോബാറിക് ബോംബുകൾ യുക്രെയിൻ സൈന്യം റഷ്യൻ സൈന്യത്തിനെതിരെ പ്രയോഗിച്ചതായി ചില റിപ്പോർട്ടുകളൂം പുറത്തുവരുന്നുണ്ട്. ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുത്ത് ജീവജാലങ്ങളെ ഇല്ലാതെയാക്കുന്ന ഇത്തരം ബോംബുകൾ സാധാരണക്കാർക്ക് നേരെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ സൈനിക സന്നാഹങ്ങൾക്ക് നേരെ ഇവ ഉപയോഗിക്കാം.
മറുനാടന് മലയാളി ബ്യൂറോ