ഗ്രഹിച്ചതൊന്നും നേടാനാവാതെ വന്നപ്പോൾ രണ്ടും കല്പിച്ചിറങ്ങുകയാണ് റഷ്യ. യുക്രെയിൻ സൈനികരുമായി അവസാനവട്ട യുദ്ധത്തിനൊരുങ്ങുകയാണ് റഷ്യ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ. ഏകദേശം എട്ടു മൈലോളം നീളം വരുന്ന റഷ്യൻ സായുധ സൈനികവ്യുഹത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ടു. നിലവിൽ റഷ്യയുടെ കൈവശമിരിക്കുന്ന യുക്രെയിൻ പ്രദേശത്തുകൂടിയാണ് ഈ സൈനികവ്യുഹം നീങ്ങുന്നത്. പൊതുവേ ഡോൺബാസ് എന്നറിയപ്പെടുന്ന ലുഹാൻസ്‌ക്, ഡോണെട്സ്‌ക് പ്രവിശ്യകളിലേക്കാണ് ഈ സേനാവ്യുഹം നീങ്ങുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

തലസ്ഥാനമായ കീവ്ഉൾപ്പടെ യുക്രെയിനിലെ പ്രധാന നഗരങ്ങളൊന്നും തന്നെ പിടിച്ചെടുക്കാൻ കഴിയാതെപോയ റഷ്യൻ സൈന്യം, യുദ്ധം അവസാനിപ്പിക്കുവാനുള്ള ഒരു വിജയത്തിനു വേണ്ടിയാണ് ഇപ്പോൾ ഡോൺബാസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റഷ്യൻ അനുകൂലികളുടെ ഒരു വലിയ സാന്നിദ്ധ്യം ഇവിടെ ഉള്ളതിനാൽ, അവരുടെ സഹായത്തോടെ റഷ്യ ഒരു വിജയം പ്രതീക്ഷിക്കുന്നു. ആ വിജയത്തിന്റെ പേരിൽ യുദ്ധത്തിൽ നിന്നും തലയൂരാനും റഷ്യയ്ക്ക് കഴിയും.

യുക്രെയിന്റെ മറ്റു ഭാഗങ്ങളിൽ നിന്നൊക്കെ റഷ്യൻ സൈന്യം ഏതാണ്ട് പൂർണ്ണമായും പിന്മാറിക്കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലുംയുക്രെയിൻ സൈന്യം കരുതലോടെ രംഗത്തുണ്ട്. യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവ് ഇന്നലെ പറഞ്ഞത് വലിയ യുദ്ധങ്ങൾക്ക് വരെ യുക്രെയിൻ തയ്യാറാണെന്നായിരുന്നു. യുക്രെയിൻ അതെല്ലാം വിജയിക്കും. ഡോൺബാസ് ഉൾപ്പടെ എല്ലാ പ്രദേശങ്ങളും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്നഴ്‌ച്ച കൂടി ഈ യുദ്ധം നടന്നേക്കുമെന്നും അതുകഴിഞ്ഞാൽ പുടിനും സെലെൻസ്‌കിയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് അവസരം വന്നുചേരുമെന്നുമാണ് അദ്ദേഹം സൂചിപ്പിക്കുന്നത്.

ഡോൺബാസിൽ നിന്നുകൂടി റഷ്യൻ സൈന്യത്തെ തുരത്താനായാൽ, ഇനിയുള്ള ചർച്ചകളിൽ ഇപ്പോൾ റഷ്യയ്ക്കുള്ള അപ്രമധിത്യം ഇല്ലാതെയാകും. റഷ്യൻ മുന്നോട്ട് വെച്ച നിബന്ധനകൾ പാലിക്കാൻ യുക്രെയിനുംനിർബന്ധിക്കപ്പെടില്ല. ഇരു കൂട്ടർക്കും അത്തരമൊരു സാഹചര്യത്തിൽ വിട്ടുവീഴ്‌ച്ചകൾക്ക് ഒരുങ്ങേണ്ടതായി വരും.

അതേസമയം, പുടിൻ പ്രതീക്ഷിക്കുന്നതുപോലെ കിഴക്കൻ മേഖലകളിൽ സൈന്യത്തിന് റഷ്യൻ അനുകൂലികളുടെ പിന്തുണ ലഭിച്ചേക്കാം എന്നുള്ളതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. കഴ്സ്‌ക് മേഖലയിലൂടെ കടന്നുപോകുന്ന സൈനിക വ്യുഹത്തെ അഭിവാദ്യംചെയ്യാൻ നിരത്തിന്റെ ഇരുവശങ്ങളിലും ആയിരക്കണക്കിന് റഷ്യൻ വംശജർ എത്തിയിരുന്നതായി പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് പുടിന്റെ മാത്രം യുദ്ധമല്ലെന്നും, റഷ്യൻ വംശജരുടെ യുദ്ധമാണിതെന്നാണ് ഈ സംഭവം തെളിയിക്കുന്നത് എന്നുമായിരുന്നു യുക്രെയിൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം.

സാധാരണ ജനങ്ങൾ പോലുംചെറുത്തുനില്പിനിറങ്ങിയതോടെയാണ് റഷ്യയ്ക്ക് യുക്രെയിനിൽ ലക്ഷ്യം കാണാൻ പറ്റാതെ പോയത്. എന്നാൽ, റഷ്യൻ പിന്തുണയുള്ള വിമതർ ഏറെയുള്ള കിഴക്കൻ യുക്രെയിനിൽ ജനങ്ങൾക്കിടയിൽ നിന്നുംശക്തമായ എതിർപ്പ് റഷ്യൻ സൈന്യം പ്രതീക്ഷിക്കുന്നില്ല. എന്നാൽ, റഷ്യ ആക്രമണം തുടങ്ങിയ സമയത്തെ യുക്രെയിൻ സൈന്യമല്ല ഇപ്പോഴുള്ളത് എന്നതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. പാശ്ചാത്യ ശക്തികളിൽ നിന്നും വളരെയേറെ ആധുനിക ആയുധങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ് യുക്രെയിൻ സേന. അതേസമയം മറുവശത്ത് സാമ്പത്തിക ഉപരോധത്തിൽ റഷ്യ ഞെരിഞ്ഞമരുകയുമാണ്.

പൊതുവേ സാഹചര്യങ്ങൾ എല്ലാം തന്നെ റഷ്യയ്ക്ക് എതിരായിരിക്കുന്നു. രാജ്യത്തിനകത്തു തന്നെ ഒരുപക്ഷെ കലാപം ഉയർന്നേക്കാം എന്ന അവസ്ഥയിലാണ് റഷ്യ ഇപ്പോൾ. ഇതൊക്കെകൊണ്ടു തന്നെ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാൻ ഒരു ചെറിയ വിജയമെങ്കിലും പ്രതീക്ഷിക്കുകയാണ് പുടിൻ ഇപ്പോൾ. സ്വന്തം മുഖം രക്ഷിക്കാനുള്ള ആ വിജയം ഡോൺബാസിൽ പുടിന് ലഭിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.