അടൂർ: കൊച്ച് പിഴച്ചു പോയേനേം, ഞാൻ തക്ക സമയത്ത് ചെന്നില്ലാരുന്നേൽ... അടൂരിൽ സഹപാഠിക്കും സുഹൃത്തിനുമൊപ്പം മദ്യപിക്കുന്നതിനിടെ പതിനഞ്ചുകാരിയെ പൊലീസിൽ ഏൽപ്പിച്ച കാമുകന്റെ വാക്കുകളാണിത്. പെൺകുട്ടിയുടെ മാതാവിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും മുന്നിൽ ഹീറോ കളിച്ച് നിന്ന ചെങ്ങന്നൂർ പാണ്ടനാട് വന്മഴി കിഴക്കേ മായിക്കര വീട്ടിൽ അനന്തു (23) പെട്ടെന്നാണ് വില്ലനായത്.

മദ്യപിച്ചതിന് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഡോക്ടർ കണ്ടെത്തി. തുടർന്ന് വനിതാ പൊലീസ് ചോദിക്കുമ്പോഴാണ് പ്രണയം നടിച്ച് പീഡിപ്പിച്ചത് അനന്തുവാണെന്ന് കുട്ടി തുറന്നു പറഞ്ഞത്. പൊലീസുകാരോട് ഡയലോഗും വിട്ട് കുട്ടിയുടെ രക്ഷിതാവ് കളിച്ചു നിന്ന അനന്തുവിനെ തേടി പൊലീസിന് അലയേണ്ടി വന്നില്ല. ചക്കിന് വച്ചതു കൊക്കിന് കൊണ്ട അവസ്ഥയിലാണ് പ്രതി അനന്തുവിപ്പോൾ.

അനന്തുവിനെയും കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു സുഗതനെയും(26) പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവർത്തകനായ സഞ്ജുവിന് വേണ്ടി പ്രാദേശിക നേതാക്കൾ കരുക്കൾ നീക്കിയെങ്കിലും വിജയം കണ്ടില്ല. പെൺകുട്ടിയുടെ കുടുംബ സുഹൃത്ത് കൂടിയാണ് പ്രതി അനന്തു.

അടൂർ നെല്ലിമുകളിൽ ഉള്ള പതിനഞ്ചു കാരന്റെ വീട്ടിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെൺകുട്ടിക്കൊപ്പം പത്താം ക്ലാസിൽ പഠിക്കുകയാണ്
പതിനഞ്ചുകാരൻ. ഇയാളുടെ മാതാപിതാക്കൾ ചികിത്സാർത്ഥം ആശുപത്രിയിൽ ആണ്. മൂത്ത സഹോദരനും വീട്ടിൽ ഇല്ലാത്ത സമയത്ത് ആണ് പെൺകുട്ടി ഇവിടെ എത്തുന്നത്.

തുടർന്ന് പെൺകുട്ടി തന്റെ പിതാവിന്റെ സുഹൃത്തായ സഞ്ജു സുഗുണനെ (26) വിളിച്ചു വരുത്തി. ഇയാൾ മദ്യവും ചിക്കനും വാങ്ങി ഇവിടെ എത്തി. ഇയാൾ തന്നെ ചിക്കൻ തയാറാക്കി കുട്ടികൾക്കൊപ്പം മദ്യപാനം നടത്തി. രണ്ടു മണിയോടെ ആരംഭിച്ച മദ്യപാനം നാലു മണി വരെ നീണ്ടു. ഇതിനോടകം പെൺകുട്ടി അഞ്ചു പെഗ് മദ്യത്തോളം അകത്താക്കിയിരുന്നു.

ഈ സമയം അനന്തു പെൺകുട്ടിയുടെ അമ്മയെയും കൂട്ടി വൈകിട്ട് നാലു മണിയോടെ ഇവിടെ എത്തി. പെൺകുട്ടി മദ്യലഹരിയിൽ നിൽപ്പ് ഉറക്കാത്ത നിലയിൽ ആയിരുന്നു. വിവരം അറിയിച്ചത് അനുസരിച്ചു പൊലീസ് വന്നു. ഇതിനോടകം ആൺകുട്ടിയുടെ മൂത്ത സഹോദരൻ വീട്ടിൽ എത്തിയിരുന്നു. എല്ലാവരെയും സ്റ്റേഷനിൽ എത്തിച്ച ശേഷം വൈദ്യ പരിശോധന നടത്തി.

അപ്പോഴാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. അനന്തു ആണ് തന്നെ പീഡിപ്പിച്ചത് എന്നായിരുന്നു കുട്ടിയുടെ മൊഴി. പാണ്ടനാട്ട് അനന്തുവിന്റെ വീടിനു സമീപമാണ് പെൺകുട്ടിയുടെ വീട്. അടൂർ കൈതക്കൽ എന്ന സ്ഥലത്തു ഇപ്പോൾ വാടകക്ക് താമസിക്കുകയാണ് പെൺകുട്ടിയുടെ കുടുംബം. ഇവിടെയും പണ്ടനാട്ടും വച്ചു പല തവണ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ മൊഴി.

ഈ കൂട്ടുകാരന്റെ വീട്ടിൽ മുൻപ് അനന്തു പെൺകുട്ടിയെയും കൂട്ടി വന്നിട്ടുണ്ട്. ഇപ്പോൾ കുട്ടിയുടെ മാതാവ് അറിയിച്ചപ്പോൾ നേരെ ഇങ്ങോട്ട് പോന്നുവെന്നു അനന്തു പറയുന്നു. മദ്യം നൽകി ശീലിപ്പിച്ചത് സ്വന്തം പിതാവ് തന്നെ ആണെന്നാണ് പെൺകുട്ടി പൊലീസിനോട് പറഞ്ഞിട്ടുള്ളത് എന്നാണ് സൂചന. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് മദ്യം നൽകിയതിനാണ് സഞ്ജു സുഗുണനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്പെക്ടർ ടിഡി പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ വിമൽ രംഗനാഥ്, മനീഷ്, ബിജു ജേക്കബ് സിപിഒ റോബി, ശ്രീജിത്ത്, രതീഷ്, സൂരജ്, സിപിഓ അനൂപ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ പോർട്ടലിൽ അപ്ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ)