പന്തളം: കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്യാൻ പോയ കേരളാ ബാങ്ക് ജീവനക്കാർ അവിടെ കണ്ടത് കുടുംബത്തിന്റെ തീരാദുരിതം. ജപ്തി ചെയ്ത് ഇറക്കി വിട്ടാൽ പോകാനിടമില്ലാത്ത ഇവർക്ക് വേണ്ടി പിന്നെ കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം ആയിരുന്നു. മാനേജർ കെ. സുശീലയുടെ നേതൃത്വത്തിൽ പിരിവെടുത്ത് ഇവരുടെ കുടിശിക അടച്ചു തീർത്ത് ആധാരം നൽകുകയാണ് ആദ്യം നൽകിയത്. പിന്നാലെ പുതിയൊരു വീടു കൂടി നിർമ്മിച്ച് വിഷുക്കൈ നീട്ടമായി നൽകിയിരിക്കുകയാണ് ജീവനക്കാർ.

കേരളാ ബാങ്ക് ശാഖയ്ക്ക് ഒരു പൊൻതൂവലാണ് പന്തളം ശാഖാ മാനേജർ കെ. സുശീലയെന്ന് കിടപ്പാടത്തിന്റെ താക്കോൽ കൈമാറിയ കേരളാ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. തോന്നല്ലൂർ ഇളയശേരിൽ രാജമ്മ, സഹോദരങ്ങളായ കൃഷ്ണൻ, രാജി എന്നിവർക്കാണ് കൈമാറിയത്.

ശാഖാ മാനേജർ കെ. സുശീല തുടങ്ങി വച്ച കാരുണ്യ സ്പർശം തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ശാഖകൾ നടപ്പിലാക്കുമ്പോൾ ഇതിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

വീട് നിർമ്മാണത്തിന് വെള്ളായണി കാർഷിക സർവകലാശാലയിലെ 80-84 ബാച്ച് പൂർവ വിദ്യാർത്ഥികൾ വഹിച്ച പങ്ക് വലുതാണ്. അഞ്ചര ലക്ഷത്തോളം രൂപ പുതിയ വീടിന്റെ നിർമ്മാണത്തിനുവേണ്ടി ചെലവഴിച്ചു. ബ്രഹ്‌മ ബിൽഡിങ് കൺസൾട്ടൻസി എം. മായയാണ് വിഷുവിന് മുൻപ് തന്നെ നിർമ്മാണം പൂർത്തീകരിക്കുവാൻ സഹായിച്ചത്. താക്കോൽ ദാന ചടങ്ങിൽ ഡയറക്ടർ ബോർഡംഗം നിർമ്മലാ ദേവി അധ്യക്ഷത വഹിച്ചു.



ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ജനറൽ മാനേജർമാരായ ടി കെ റോയ്, സുനിൽ ചന്ദ്രൻ, റീജണൽ മാനേജർ ലതാ പിള്ള, ഏരിയാ മാനേജർ പി. റീന, പന്തളം ശാഖാ മാനേജർ കെ. സുശീല, ജീവനക്കാർ എന്നിവർ സംബന്ധിച്ചു. കാർഷിക സർവകലാശാല പൂർവ വിദ്യാർത്ഥി ഗീതാ ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു.

വായ്പ തിരിച്ചടയ്ക്കാനാകാതെ വിഷമിച്ചപ്പോൾ നോട്ടീസ് പതിച്ച് ജപ്തി നടപടികൾ നടപ്പാക്കാനെത്തിയ ബാങ്ക് അധികാരികൾ തന്നെ മുൻകൈയെടുത്താണ് ഇവർക്കായി പുതിയ വീടു പണിതത്. പഴയ വീട് നിന്ന സ്ഥലത്ത് തന്നെയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 2008 ൽ ആകെയുള്ള 10 സെന്റ് ഭൂമി പണയപ്പെടുത്തിയാണ് വീടെന്ന മോഹത്തിന് തുടക്കം കുറിച്ചത്. ജില്ലാ സഹകരണ ബാങ്ക് ശാഖയിൽ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തപ്പോൾ കൂലിവേല ചെയ്ത് അടച്ചു തീർക്കാമെന്നു കരുതിയെങ്കിലും ദുരന്തങ്ങൾ ഇവരുടെ പണം അടവിന് ഭംഗം വരുത്തി.

പെയിന്റിങ് തൊഴിലാളിയായ കൃഷ്ണന് പണിക്കിടയിലുണ്ടായ അപകടവും പഴയ വീടിനുണ്ടായ തീപിടുത്തവും കാരണം പലിശയടയ്ക്കാതെ വായ്പത്തുക ഏറി വന്നു. ഒരു ലക്ഷം 2,45000 രൂപ വരെ എത്തിയപ്പോൾ ജപ്തി നടപടിയിലെത്തി. ഇവരുടെ വിഷമം കണ്ട് സഹായിക്കാനായി ബാങ്ക് മാനേജർ കെ. സുശീലയുടെ നേതൃത്വത്തിൽ ജീവനക്കാർ കൈകോർത്തു. പിരിഞ്ഞു പോയവരുടെയും ജീവനക്കാരുടെയും കൂട്ടായ്മയും സഹായം നൽകി. 98,828 രൂപാ അടച്ച് ആധാരം തിരികെ നൽകി.

പകുതി പണിത വീടിന്റെ സ്ഥാനത്ത് ഒരു വീട് വയ്ക്കാനായി നടത്തിയ ശ്രമവും വിഫലമായില്ല. വെള്ളായണി കാർഷിക കോളജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ കൂടുതൽ സഹായിച്ചു.