ബ്രെക്സിറ്റിനു ശേഷം കുടിയേറ്റ നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള കുടിയേറ്റക്കാരുടെ എണ്ണം ബ്രിട്ടനിൽ വർദ്ധിച്ചു വരികയാണ്. വർക്ക് വിസയിലും സ്റ്റുഡന്റ് വിസയിലും അധികമായി ആളുകൾ യൂറോപ്യൻ യൂണിയന് പുറത്തുനിന്നും എത്താൻ തുടങ്ങിയിരിക്കുന്നതായി ഹോം ഓഫിസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ബ്രെക്സിറ്റ് ട്രാൻസിഷൻ കാലാവധി അവസാനിച്ചതിനെ തുടർന്ന് 2021 ജനുവരി 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ബ്രിട്ടനിലെത്താൻ വിസ നിർബന്ധമാണ്.

2021-ൽ തൊഴിലുമായി ബന്ധപ്പെട്ട് 2,39,987 വിസകളാണ് നൽകിയിരിക്കുന്നത്. 2020-ലേതിനെ അപേക്ഷിച്ച് 110 ശതമാനത്തിന്റെ വർദ്ധനവാണ് 2021-ൽ ഉണ്ടായത്. കോവിഡ് പ്രതിസന്ധിക്ക് മുൻപുള്ള 2019- നേക്കാൾ 25 ശതമാനം വർദ്ധനവാണ് 2021-ൽ വർക്ക് വിസകളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാലും 2021-ൽ നൽകിയ വർക്ക് വിസകളിലെ 30,514 എണ്ണം (13 ശതമാനം) മാത്രമാണ് യൂറോപ്യൻ യൂണിയൻ പൗരന്മാർക്കും ഐസ്ലാൻഡ്, ലൈക്ടെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ പൗരന്മാർക്കും കൂടി നൽകിയത്.

രാജ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ 2021-ൽ ഏറ്റവും അധികം വർക്ക് വിസ നൽകിയിരിക്കുന്നത് ഇന്ത്യാക്കാർക്കാണ്, 70,099 വിസകൾ. യുക്രെയിൻ പൗരന്മാർക്ക് 20,783 ഉം ഫിലിപ്പിനൊകൾക്ക് 14,281 ഉം നൈജീരിയൻ സ്വദേശികൾക്ക് 11,589 വിസകളും നൽകി. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ എറ്റവുമധികം വിസ നൽകിയിട്ടുള്ളത് ഫ്രഞ്ചുകാർക്കാണ്. 4,618 വിസകളാണ് ഫ്രഞ്ചുകാർക്ക് നൽകിയത്. 3,693 ജർമ്മൻകാർക്കും, 2,912 ഇറ്റാലിയൻ സ്വദേശികൾക്കും വിസ നൽകിയിട്ടുണ്ട്.

സ്റ്റുഡന്റ് വിസയുടെ കാര്യത്തിലും കഴിഞ്ഞവർഷം അഭൂതപൂർവ്വമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 4,32,279 സ്റ്റുഡന്റ് വിസകളാണ് കഴിഞ്ഞവർഷം നൽകിയത്. ഇത് പ്രധാന അപേക്ഷകനുള്ളതും ആശ്രിതർക്കുള്ളതും കൂട്ടിയുള്ള കണക്കാണ്. 2020 ലേതിനേക്കാൾ 89 ശതമാനത്തിന്റെ വർദ്ധനവും 2019-ലേതിനേക്കാൾ 52 ശതമാനത്തിന്റെ വർദ്ധനവുമാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഇവിടേയും യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് കാര്യമായ പ്രാതിനിധ്യമില്ല.

യൂറോപ്യൻ യൂണിയൻ, ഐസ്ലാൻഡ്, ലൈക്ക്ടെൻസ്റ്റീൻ, നോർവേ, സ്വിറ്റ്സർലൻഡ് തുടങ്ങിയ ഇടങ്ങളിൽനിന്നുള്ളവർക്ക് എല്ലാം കൂടി 2021-ൽ 22714 വിസകളാണ് നൽകിയിരിക്കുന്നത്. മൊത്തം സ്റ്റുഡന്റ്സ് വിസയുടെ 5 ശതമാനം മാത്രമാണിത്. രാജ്യങ്ങളുടെഅടിസ്ഥാനത്തിൽ ഏറ്റവുമധികം സ്റ്റുഡന്റ്സ് വിസ നൽകിയിരിക്കുന്നത് ചൈനാക്കാർക്കാണ്, 1,19,334 വിസകൾ. ഇന്ത്യയിൽ നിന്നുള്ള 98,747 പേർക്ക് സ്റ്റുഡന്റ് വിസ ലഭിച്ചപ്പോൾ 43,200 നൈജീരിയൻ സ്വദേശികൾക്കും സ്റ്റുഡന്റ് വിസ ലഭിച്ചു. യൂറോപ്യൻ യൂണീയനിൽ നിന്നുള്ളവരിൽ ഏറ്റവുമധികം സ്റ്റുഡന്റ് വിസ ലഭിച്ചത് ഫ്രഞ്ചുകാർക്കാണ്, 4,158 വിസകൾ. ജർമ്മങ്കാർക്ക് 3,816 ഉം സ്പാനിഷ് പൗരന്മാർക്ക് 3,448 വിസകളും ലഭിച്ചു.

ബ്രെക്സിറ്റിന്റെ ഫലം ഈ കണക്കുകളിൽ പ്രതിഫലിക്കുന്നു എന്നാണ് കിങ്സ് കോളേജ് ലണ്ടനിലെ സാമ്പത്തികശാസ്ത്ര അദ്ധ്യാപകനായ ജോനാഥൻ പോർടെസ് പറയുന്നത്. മാത്രമല്ല, കുടിയേറ്റകാര്യത്തിൽ തന്റെ മുൻഗാമിയിൽ നിന്നും വ്യത്യസ്തമായ ബോറിസ് ജോൺസന്റെ നയവും ഇതിൽ പ്രതിഫലിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ബ്രെക്സിറ്റ് സമയത്തെ ഏറ്റവും വലിയ ആശയക്കുഴപ്പം കുടിയേറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. അതുപോലെ വിദ്യാർത്ഥികളുടെ വരവും.

ബ്രെക്സിറ്റ് നിലവിൽ വരുന്നതോടെ സ്വതന്ത്ര സഞ്ചാരം അവസാനിക്കുമ്പോൾ യൂറോപ്യൻ യൂണിയനിൽ നിന്നെത്തുന്നവരുടെ എണ്ണം കുറയുമെന്നും, അതിനനുസരിച്ച് യൂറോപ്പിന് വെളിയിൽ നിന്നുള്ളവർ എത്തുകയില്ലെന്നുമായിരുന്നു തെരേസ മേയുടെ നിലപാട്. എന്നാൽ, ഇതിന് വിപരീതമായിരുന്നു ബോറിസ് ജോൺസൺ സ്വീകരിച്ച നിലപാട്.