മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ചെയ്ത ശേഷം കടന്നുകളഞ്ഞെന്ന പരാതി ഉന്നയിച്ച് യുവാവിന്റെ വീടിനു മുന്നിൽ സമരം ചെയ്ത് പെൺകുട്ടി. പഴനി സ്വദേശിയായ പെൺകുട്ടിയാണ് മലപ്പുറത്തുകാരനായ യുവാവിന്റെ വീടിനു മുന്നി്ൽ സമരം ഇരിക്കുന്നത്. ചെന്നൈയിൽവച്ച് യുവാവ് തന്നെ പീഡിപ്പിച്ചെന്നാണ് ആരോപണം. മലപ്പുറം മഞ്ചേരി കൂമംകുളത്തെ യുവാവിന്റെ വീടിനു മുന്നിലാണ് പെൺകുട്ടി മൂന്നു ദിവസമായി സമരം ചെയ്യുന്നത്.

സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പഠനാവശ്യത്തിനായി ചെന്നൈയിലെത്തിയ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയോട് അടുത്തുകൂടുകയും ഒരുമിച്ച് താമസമാക്കുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം കടന്നു കളഞ്ഞു എന്നാണ് പരാതി. മാസങ്ങളോളം ഇരുവരും ഒന്നിച്ചു താമസിച്ചതായും യുവതി ആരോപിക്കുന്നു. യുവാവ് തന്നെ വിവാഹം കഴിക്കണമെന്നതാണ് യുവതിയുടെ ആവശ്യം.

പെൺകുട്ടി തന്നെ വിവാഹം കഴിക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. ഇതോടെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയ ശേഷം യുവാവ് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. കുടുംബത്തിന്റെ സമ്മതം വാങ്ങി വരാമെന്ന് അറിയിച്ചാണ് യുവാവ് മഞ്ചേരിയിലേക്ക് വന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാതായതോടെ മഞ്ചേരിയിലെത്തിയ പെൺകുട്ടി യുവാവിന്റെ വീടിനു മുന്നിൽ സമരം ആരംഭിച്ചു. ഇതോടെ യുവാവിനൊപ്പം കുടുംബവും വീട്ടിൽ നിന്ന് അപ്രത്യക്ഷരായി.

ഒടുവിൽ പീഡനം നടന്നത് ചെന്നൈയിൽ ആയതുകൊണ്ട് തമിഴ്‌നാട് പൊലീസ് കേസെടുക്കണമെന്ന് കേരള പൊലീസ് പെൺകുട്ടിയെ അറിയിക്കുകയായിരുന്നു. രാവും പകലുമില്ലാതെ സമരം നടത്തിയ പെൺകുട്ടിയെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.